'നബിദിനാഘോഷത്തിലെ അന്നദാനം ധൂർത്ത്'
മുഹമ്മദ് ജസീൽ കമാലി
ഹകീം ഫൈസിയുടെ വിവാദ പ്രസംഗത്തിൽ പറയുന്നു: 'നമ്മൾ ആഘോഷങ്ങൾ നടത്തും. വല്ലാത്ത ധൂർത്താണ് എവിടെയും നടത്തിക്കൊണ്ടിരിക്കുന്നത്. മദ്റസകളൊക്കെ റബീഉൽ അവ്വലിന്റെ ആഘോഷങ്ങൾക്ക് വേണ്ടി ശരാശരി രണ്ട് ലക്ഷം രൂപ ചെലവാക്കുന്നുണ്ട്. അല്ലാഹുവിന്റെ റസൂലിന്റെ മൗലിദിനെ ബഹുമാനിച്ചുകൊണ്ട് വല്ല മധുരപലഹാരമോ മിഠായിയോ ചോക്ലേറ്റോ ജ്യൂസോ കൊടുത്താൽ മതി. നമ്മുടെ ചിന്തകൾക്ക് മാറ്റംവേണം. സുന്നത്തിനെ സുന്നത്തായി കാണണം. ധൂർത്തിനെ ധൂർത്തായി കാണണം'.
പുത്തൻവാദികളാണ് നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള അന്നദാനത്തെ ഹറാമായും ധൂർത്തായും പ്രചരിപ്പിക്കുന്നത്. പ്രവാചകന്റെ മൗലിദിനായി എത്ര പണം ചെലവഴിച്ചാലും ധൂർത്തല്ല. അതിനുവേണ്ടി ലക്ഷങ്ങൾ സമാഹരിച്ച അന്നദാനം നബിജന്മത്തിൽ സന്തോഷിക്കലും തബർറുക്കുമാണ്. കേവലം വിശപ്പകറ്റാൻ മാത്രമല്ല. ഉഹ്ദ് മലയോളം സ്വർണമുണ്ടെങ്കിൽ അത് നബിയുടെ മൗലിദ് പാരായണത്തിന് ചെലവഴിക്കുമായിരുന്നുവെന്നാണ് ഹസൻ ബസ്വരി(റ) ആഗ്രഹം പ്രകടിപ്പിച്ചത്. അക്കാലത്ത് ഉഹ്ദ് മലയോളം വിശപ്പുണ്ടായതിനാലാണെന്നാണ് അതേക്കുറിച്ച് ഹകീം ഫൈസി പ്രതികരിച്ചത്. അല്ലാത്തപക്ഷം അത് ധൂർത്താണെന്നോ?
നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഭക്ഷണദാനവും മറ്റു സന്തോഷങ്ങളും ധൂർത്തല്ല. 'ഇടപാടുകളിൽ കനത്ത നഷ്ടം സഹിച്ചു ധനം പാഴാക്കുകയോ നിഷിദ്ധമാർഗത്തിൽ നയാപൈസ പോലും ചെലവഴിക്കുന്നതോ ആണ് ധൂർത്ത്. അതേസമയം സ്വദഖ, മറ്റു നല്ല മാർഗങ്ങൾ, ഭക്ഷണം, വസ്ത്രം, പാരിതോഷികങ്ങൾ (അവ ചെലവാക്കുന്നവനോട് അനുയോജ്യമല്ലെങ്കിൽ കൂടി) എന്നിവയിൽ ധനം ചെലവഴിക്കൽ ധൂർത്തല്ല'(ഫത്ഹുൽ മുഈൻ - 256). ആ പണം വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർമിച്ചു നല്ല മാർഗത്തിൽ ചെലവാക്കിക്കൂടേ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. നബിദിനാഘോഷത്തിൽ ചെലവാക്കുന്നത് നല്ല മാർഗമല്ലെന്നോ?! അല്ലാഹുവിന്റെയും റസൂലിന്റെയും മഹബ്ബത്താണ് ദീനീ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം. അതുതന്നെയാണ് നബിദിനാഘോഷത്തിലുമുള്ളത്.
അശ്അരീ സരണിയെക്കുറിച്ച് തെറ്റായ പ്രചാരണം
അശ്അരീ-മാതുരീദീ സരണിയെക്കുറിച്ച് ഹകീം ഫൈസി പറയുന്നു: 'പൊതുവെ നമ്മുടെ പള്ളികൾ വഖ്ഫ് ചെയ്യുമ്പോൾ അശ്അരീ, മാതുരീദി എന്നീ രണ്ടാലൊരു ത്വരീഖത്തു പ്രകാരമായിരിക്കണം പ്രവർത്തനങ്ങളെന്ന് എഴുതിവച്ചിട്ടുണ്ട്. എന്താണ് അശ്അരീ ത്വരീഖത്തെന്ന് ആലോചിക്കുന്നത് ഉചിതമാണ്. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ അശ്അരി ത്വരീഖത്ത് എന്നത് 'സമന്വയ രീതി' എന്നാണർഥം. അശ്അരീ ത്വരീഖത്ത് രൂപപ്പെടുന്നത് ഭൗതിക വിദ്യാഭ്യാസം ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ കൂടെ പഠിപ്പിക്കേണ്ടതുണ്ടോ, ഇല്ലേ എന്ന വാദപ്രതിവാദത്തിലാണ്. അഹ്‌മദുബ്നു ഹൻബൽ(റ) ഉൾപ്പെടെയുള്ളവർ ദീനീവിദ്യാഭ്യാസം അതിന്റെ തനതു ഉറവിടത്തിൽനിന്ന് എങ്ങനെയാണോ കിട്ടുന്നത് അപ്രകാരം പഠിപ്പിക്കപ്പെട്ടാൽ മതിയെന്ന് സിദ്ധാന്തിച്ചു. ഗ്രീക്കു തത്വശാസ്ത്ര പ്രകാരം ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളെ ബലപ്പെടുത്തുന്നത് നല്ലതാണെന്ന് അബുൽ ഹസനുൽ അശ്അരി(റ) ഉൾപ്പെടെയുള്ളവർ പറഞ്ഞു. ഖുർആൻ സൃഷ്ടിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ഉയർന്നുവന്നത്. ഹൻബലി ഒരു മദ്ഹബ് മാത്രമല്ല, ത്വരീഖത്തുകൂടിയാണ്. ഹൻബലീ ത്വരീഖത്തിന്റെ വാദവും അശ്അരീ ത്വരീഖത്തിന്റെ വാദവും തമ്മിൽ അന്ന് ഏറ്റുമുട്ടലുകൾ നടന്നു. അതിനു ശേഷം ഇതേ നിലപാടിൽ വന്ന ത്വരീഖത്താണ് മാതുരീദി ത്വരീഖത്ത്'.
അശ്അരി(റ)യും മാതുരീദി(റ)യും നബിയുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും അബൂഹനീഫ, മാലിക്, ശാഫിഈ, ഹമ്പലി(റ)യുടെയും അഖീദകൾ സമാഹരിച്ചതാണ് അശ്അരീ-മാതുരീദീ ത്വരീഖത്ത്. അതൊരിക്കലും മുൻകാല ഇമാമീങ്ങളോട് കലഹിച്ചുണ്ടായതല്ല. ഇക്കാര്യം ബൈഹഖി(റ), ഇബ്നു അസാകിർ(റ), താജുദ്ദീനിസ്സുബ്കി(റ)യൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. സലഫിനു വിരുദ്ധമായി രൂപപ്പെട്ടതാണ് അശ്അരീ മാർഗം എന്നാണ് സുന്നിവിരുദ്ധർ പറയാറുള്ളത്. അതിലുള്ളത് ഗ്രീക്ക് ഫിലോസഫിയാണെന്നാണ് അവരുടെ ആരോപണം. അതേ പ്രചാരണമാണ് ഹകീം ഫൈസിയുടേതും. ഈ വാദം വാസ്തവവിരുദ്ധവുമാണ്.
അശ്അരി(റ) നാൽപ്പതു കൊല്ലം മുഅ്തസിലികളുടെ ഇമാമായിരുന്നു. അക്കാലത്തുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ അശ്അരീ ത്വരീഖത്തുമായി ബന്ധപ്പെടുത്തരുത്. പിന്നീട്, ഇസ്‌ലാമിനെയും ഗ്രീക്ക് ഫൽസഫയെയും സമന്വയിപ്പിച്ചുള്ള മുഅ്തസിലീ വാദങ്ങളെ അദ്ദേഹം പൊളിച്ചുതകർക്കുകയായിരുന്നു. അതോടൊപ്പം ദീനിന്റെ സാക്ഷാൽ അഖീദകളെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
ദീനിന്റെ പ്രധാന ലക്ഷ്യം രാഷ്ട്രീയം
ഒരു വെബിനാറിൽ ഹകീം ഫൈസി ദീർഘമായി അവതരിപ്പിച്ചതിൽ പറഞ്ഞു: 'രാഷ്ട്രീയമെന്നത് വലിയ കാര്യമാണ്. രാഷ്ട്രം മുന്നോട്ടുകൊണ്ടുപോകാനുള്ള രീതിയാണത്. വളരെ വലിയ പണ്ഡിതൻമാർ പോലും പറയും: 'രാഷ്ട്രീയമല്ലേ, അത് അതിന്റെ വഴിക്ക് നടന്നുകൊള്ളട്ടെ, രാഷ്ട്രീയത്തിൽ തങ്ങൾക്ക് ഇടപെടാനില്ല' എന്ന്. വളരെ ആപൽകാരമാണ് ഈ സമീപനം. രാഷ്ട്രീയ ജീവിതം ഇസ്‌ലാമിക ജീവിതത്തിൽനിന്ന് മാറ്റിനിർത്തുകയാണെങ്കിൽ ഇസ്‌ലാമിൻ്റെ സിംഹഭാഗവും മാറ്റിനിർത്തി എന്നാണ് വരിക. സിദ്ദീഖ്(റ) ചെയ്തതെന്താണ്? മതപരമായ ആചാരങ്ങളിൽ കുത്തിയിരിക്കാതെ, അതിലൊക്കെ ശ്രദ്ധിക്കുന്നതിനു പകരം ലോക രാഷ്ട്രീയത്തിലും ഭരണത്തിലും വികസനത്തിലുമായിയുന്നു ശ്രദ്ധിച്ചത്. ഇന്നു നമ്മുടെ പള്ളികളിൽ നടക്കുന്ന ചർച്ച പോലെയല്ല അന്ന് മദീന പള്ളിയിൽ നടന്നിരുന്നത്. മറിച്ച്, ശാമിലും സിറിയയിലും പട്ടാളത്തെ എങ്ങനെ നിയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലായിരുന്നു. സ്വിദ്ദീഖെന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് രാഷ്ട്രീയത്തിലാണ്. ഇസ്‌ലാമിക വിദ്യാഭ്യാസത്തിലോ കർമശാസ്ത്രത്തിലോ ദിക്ർ ദുആഇലോ അല്ല. അതിനാൽ ഈ നിലയിൽ നബി(സ്വ)യെയും ഖുലാഫാക്കളെയും സംബന്ധിച്ച് പുനർവായന അനിവാര്യമാണ്. ഖുലഫാഉർറാഷിദീങ്ങളുടെ ജീവിതത്തിന്റെ ഫോക്കസ് എന്തിനായിരുന്നു? ഒരു വിദ്യാലയം സ്ഥാപിച്ച് നബിയുടെ ജീവിതം എന്തായിരുന്നു എന്ന് ക്ലാസെടുക്കുകയായിരുന്നോ? അല്ല. ഒരുതരത്തിൽ പറഞ്ഞാൽ അതിനു പറ്റുന്ന ഒന്നാമത്തെ ആളുകൾ പോലുമായിരുന്നില്ല. സിദ്ദീഖും ഉമറും വിരലിലെണ്ണാവുന്ന ഹദീസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അവർ വിശ്രമമില്ലാതെ പ്രവർത്തിച്ചതും ജീവിച്ചതും മരിച്ചതും ദിക്ർ ചൊല്ലാനോ ഇഅ്‌തികാഫിരിക്കാനോ ഖുർആൻ ഓതാനോ ആയിരുന്നോ? അല്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നു'.
മൗദൂദി വാദത്തെയാണ് ഹകീം ഫൈസി അവതരിപ്പിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയവും ഭരണവും മതേതര വ്യവസ്ഥയിലധിഷ്ഠിതമാണ്. ഇസ്‌ലാമിക ഖിലാഫത്തല്ല. അതോടൊപ്പം മതമനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. കേരളത്തിൽ അമുസ്‌ലിം ഭരണമാണ് പൊതുവിലുണ്ടായിരുന്നത്. ഇത്തരം ഘട്ടത്തിൽ എങ്ങനെയാണ് മുസ്‌ലിം ജീവിക്കേണ്ടത് എന്നതിന്റെ നിർദേശം കർമശാസ്ത്രത്തിലുണ്ട്. പണ്ഡിതന്മാർ പ്രത്യക്ഷ രാഷ്ട്രീയത്തിലിറങ്ങാത്തതിന് സുചിന്തിതമായ കാരണങ്ങളുണ്ട്. അധികാര രാഷ്ട്രീയത്തിലിറങ്ങാതെ ഇൽമും ഇബാദത്തുമായി കഴിഞ്ഞുകൂടിയ ഉലമാക്കൾക്ക് ദീനിന്റെ സിംഹഭാഗവും ഇല്ലെന്നും ആപൽക്കരമാണെന്നും പറയുന്നത് മൗദൂദിയൻ തിയറിയാണ്.
മൗദൂദിയുടെ വാദങ്ങൾ ഇങ്ങനെ: 'മതത്തിന്റെ യഥാർഥ ലക്ഷ്യം നല്ല ഭരണമാണ്. ഈ ലക്ഷ്യത്തിൽ അശ്രദ്ധവരുത്തിയാൽ അല്ലാഹുവിന്റെ തൃപ്തി ലഭിക്കില്ല. ഇതിൽ വീഴ്ചവരുത്തുന്നവൻ വൻകുറ്റം ചെയ്തവനാണ്. തൗഹീദ് അംഗീകരിക്കുന്നതിലൂടെയോ നിസ്കാരം നിലനിർത്തുന്നതുകൊണ്ടോ ആ കുറ്റം മായ്ച്ചുകളയാൻ സാധ്യമല്ല. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ഇസ്‌ലാമിൽ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും നിർബന്ധമാക്കപ്പെട്ടത്. അടിസ്ഥാന ലക്ഷ്യത്തിനു വേണ്ടി ജനങ്ങളെ തയാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിനുവേണ്ടിയുള്ള നിർബന്ധ ട്രെയിനിങ് കോഴ്സാണത്'. ഇസ്‌ലാം കാര്യങ്ങളെ മുൻകാല രീതികളിൽനിന്ന് മാറി, വ്യായാമവും ആരോഗ്യവും ടൂറുമൊക്കെയായി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് ഹകീം ഫൈസി ആവശ്യപ്പെടുന്നുണ്ട്.
ഖുലഫാക്കൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റിയത് രാഷ്ട്രീയമാണ് ഇസ്‌ലാമിന്റെ പ്രധാന ലക്ഷ്യം എന്ന നിലയ്ക്കല്ല. ഹകീം ഫൈസിയുടെ വാദങ്ങൾ നിരർഥകമാണെന്നതിന് ഖുലഫാക്കളുടെ ജീവചരിത്രങ്ങൾ സാക്ഷിയാണ്. അവരുടെ ഖുത്വ്‌ബകൾ പരിശോധിച്ചാൽ ഇബാദത്തിനും തഖ്‌വയ്ക്കും അവർ നൽകിയ പ്രാധാന്യം ആർക്കും ബോധ്യമാകുന്നതുമാണ്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."