ഇസ്‌റാഈലിനെതിരേ പ്രമേയം പാസാക്കി യു.എന്‍ പൊതുസഭ; ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു
ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെടുന്ന പ്രമേയം 193 അംഗ യു.എന്‍ പൊതുസഭ പാസാക്കി.
'കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന ഇസ്‌റാഈല്‍ നടപടികള്‍' എന്ന കരട് പ്രമേയം വെള്ളിയാഴ്ച വോട്ടിനിട്ടപ്പോള്‍ 87 രാജ്യങ്ങള്‍ പിന്തുണച്ചു. യു.എസും ഇസ്‌റാഈലും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യ, ബ്രസീല്‍, ജപ്പാന്‍, മ്യാന്‍മര്‍, ഫ്രാന്‍സ് ഉള്‍പ്പെടെ 53 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം ഇസ്‌റാഈല്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെയും ദീര്‍ഘകാലമായുള്ള അധിനിവേശത്തിന്റെയും നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത ജുഡീഷ്യല്‍ ബോഡിയായ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് വിശദീകരിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. വിശുദ്ധ നഗരമായ ജറുസലേമിന്റെ ജനസംഖ്യാപരമായ ഘടന, സ്വഭാവം, പദവി എന്നിവയില്‍ മാറ്റം വരുത്തുന്ന നടപടികള്‍, അതുമായി ബന്ധപ്പെട്ട വിവേചനപരമായ നിയമനിര്‍മാണങ്ങളും നടപടികളും ഉള്‍പ്പെടെ, 1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രമേയം പരാമര്‍ശിക്കുന്നു. ഇതു മൂലം അംഗരാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയ്ക്കും ഉണ്ടാകുന്ന നിയമപരമായ അനന്തരഫലങ്ങള്‍ വിശദീകരിക്കാന്ണ് പ്രമേയം ആവശ്യപ്പെടുന്നത്.
യു.എന്‍ പൊതുസഭയുടെ വോട്ടെടുപ്പിനെ ഫലസ്തീന്‍ സ്വാഗതം ചെയ്തു. നിയമത്തിന് വിധേയമായ ഒരു രാഷ്ട്രമായി ഇസ്‌റാഈല്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഫലസ്തീനികള്‍ക്കെതിരേ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് മറുപടി പറയേണ്ട സമയമാണിതെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീനെ പറഞ്ഞു. വോട്ടെടുപ്പ് ഫലസ്തീന്‍ നയതന്ത്രത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍ ഷെയ്ഖ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."