കോട്ടപ്പുഴയില്‍ അറവുമാലിന്യം തള്ളുന്നതായി പരാതി
കാളികാവ്: കോട്ടപ്പുഴയില്‍ അറവുമാലിന്യം തള്ളുന്നതു പതിവാകുന്നു. പന്നിക്കോട്ടുമുണ്ട ഭാഗത്താണു ദിവസവും മാലിന്യം തള്ളുന്നത്. പുഴയോരങ്ങളില്‍ അറവു നടത്തി മാലിന്യം പുഴയിലേക്കു തള്ളുന്നതു പതിവാക്കിയതോടെയാണ് ജനം ദുരിതത്തിലായത്. ചാലിയാറിന്റെ പ്രധാന കൈവഴിയായ കോട്ടപ്പുഴയില്‍ മാലിന്യം തള്ളുന്നതു നിരവധി പേര്‍ക്കു പ്രയാസമാകുന്നുണ്ട്. പലയിടങ്ങളിലും ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോട്ടപ്പുഴയിലെ വെള്ളമാണു കുടിക്കാന്‍ ഉപയോഗിക്കുന്നത്. മഴ കുറവായതിനാല്‍ വെള്ളം കുറഞ്ഞതോടെ ദുര്‍ഗന്ധം പരക്കുന്നുണ്ട്.
പന്നിക്കോട്ടുമുണ്ട പുഴയോരങ്ങളില്‍ ഒരു വര്‍ഷം മുമ്പ് അറവു മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് ഒരാളെ പൊലിസ് പിടികൂടിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പുഴയോരങ്ങളില്‍ അറവു നടത്തുന്നവരാണു മാലിന്യം തള്ളുന്നതിനു പിന്നിലെന്നാണു പ്രദേശവാസികള്‍ പറയുന്നത്. രാത്രിയില്‍ മാലിന്യം തള്ളുന്നതിനാല്‍ ആളുകളെ കണ്ടെത്തുക പ്രയാസമാണെന്നാണു നാട്ടുകാര്‍ പറയുന്നത്. മാലിന്യം വെള്ളത്തില്‍ പരക്കുന്നതിനാല്‍ കുളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
നാട്ടുകാര്‍ നല്കിയ പരാതിയെത്തുടര്‍ന്നു ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍, വാര്‍ഡ് അംഗം പുലത്ത് ഹംസ കുഞ്ഞാപ്പു, കാളികാവ് എസ്.ഐ.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മാലിന്യം തള്ളിയവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊലിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."