HOME
DETAILS

കലഹം കണ്ണാടിയോട് വേണ്ട സര്‍

  
backup
December 06 2023 | 17:12 PM

no-quarrel-with-the-mirror-sir



മുഖം നന്നാവാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിക്കേണ്ട എന്നൊരു ചൊല്ലുണ്ട്. നമ്മുടെ കുറവുകള്‍ മറ്റൊരാള്‍ വിളിച്ചുപറയുന്നതില്‍ അസഹിഷ്ണുവാകേണ്ടെന്ന് സാരം. അക്ഷരം കൂട്ടിവായിക്കാനറിയാത്തവര്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് കിട്ടുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എസ്. ഷാനവാസിന്റെ തുറന്നുപറച്ചിലില്‍ അസ്വസ്ഥനും ക്ഷോഭാകുലനുമാകുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയോടും പറയാനുള്ളത് ഇതുതന്നെ.

ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മന്ത്രി. ഇത്തരം തുറന്നുപറച്ചിലുകള്‍ ആവര്‍ത്തിക്കുന്നതില്‍നിന്ന് വിദ്യാഭ്യാസ ഡയരക്ടറെ വിലക്കിയിട്ടുമുണ്ട്. ഷാനവാസിനെതിരേ ഇടത് അധ്യാപക സംഘടനകളും കൊടിയുമായി ഇറങ്ങിയിരിക്കുകയാണ്. വാസ്തവം പറയുന്നവര്‍ക്കുനേരെ വാളോങ്ങുംമുമ്പ്, കൊട്ടിഘോഷിച്ച കേരള മോഡല്‍ വിദ്യാഭ്യാസത്തിന് വല്ല കുഴപ്പവുമുണ്ടോ എന്ന് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-ഭരണ നേതൃത്വവും കെ.എസ്.ടി.എ, ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും സസൂക്ഷ്മം പരിശോധിക്കുന്നത് നന്നാവും.

ഡി.പി.ഇ.പി പാഠ്യപദ്ധതി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ എത്ര ആഴത്തില്‍ വിദ്യാര്‍ഥിവിരുദ്ധവും അക്ഷരവിരുദ്ധവുമാക്കി എന്നത് ഈയൊരു പരിശോധനയില്‍ വ്യക്തമാവും. 1994ല്‍ ആണ് നിലവിലെ പാഠ്യപദ്ധതി നവീകരിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആ സമയത്തുതന്നെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ഒരു സര്‍വേയും വരികയുണ്ടായി. രാജ്യത്ത് പഠനനിലവാരത്തില്‍ തുലോം പിറകിലായ ബിഹാറിനേക്കാള്‍ പിന്നിലാണ് നമ്മള്‍ എന്നതായിരുന്നു ആ വ്യാജസര്‍വേയിലെ 'കണ്ടെത്തല്‍'.

തൊട്ടുപിന്നാലെ 1996ല്‍ ലോകബാങ്ക് സഹായത്തോടെ രാജ്യത്തെ 142 ജില്ലകളില്‍ ജില്ലാ പ്രൈമറി വിദ്യാഭ്യാസപദ്ധതി(ഡി.പി.ഇ.പി) നടപ്പാക്കി. കേരളത്തില്‍ കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. തുടക്കത്തില്‍ സി.പി.എമ്മും അധ്യാപക സംഘടനയായ കെ.എസ്.ടി.എയും ശാസ്ത്ര സാഹിത്യ പരിഷത്തും ഇതിനെതിരേ രംഗത്തുവന്നെങ്കിലും 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആ എതിര്‍പ്പുകള്‍ ആവിയാകുകയും പരിഷത്ത് നേതൃത്വം ഡി.പി.ഇ.പിയുടെ അട്ടിപ്പേറവകാശം ഏറ്റെടുക്കുകയും ചെയ്തു. പഠനം പാല്‍പ്പായസമാക്കാമെന്നായിരുന്നു പരിഷത്ത് പ്രവര്‍ത്തകര്‍ നാടൊട്ടുക്ക് മൈക്ക് കെട്ടി പ്രസംഗിച്ചത്.

ഡി.പി.ഇ.പി വന്നതോടെ നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്ന് ആദ്യം പുറത്തായത് അക്ഷരമാലയായിരുന്നു. അക്ഷരങ്ങള്‍ക്കുമുമ്പ് ആശയങ്ങളാണ് സ്വായത്തമാക്കേണ്ടതെന്ന് പുതിയ കരിക്കുലം നമ്മെ തെറ്റിദ്ധരിപ്പിച്ചു. അതോടെ പാഠപുസ്തകങ്ങളില്‍നിന്ന് 'തറ'യും 'പറ'യും 'ആന'യും 'ആടു'മൊക്കെ അപ്രത്യക്ഷമായി. അവയെ കുറിക്കുന്ന അക്ഷരങ്ങള്‍ക്കുപകരം ചിത്രങ്ങള്‍ നിരന്നു. കോപ്പിയെഴുത്തും കേട്ടെഴുത്തും കാണാപ്പാഠവും പടിക്കുപുറത്തായി.

പഠനം ക്ലാസ്മുറി വിട്ട് പാടത്തും പറമ്പിലുമായി. ആരും ആരെയും പഠിപ്പിക്കേണ്ടെന്നും എല്ലാ കാര്യങ്ങളും കുട്ടികള്‍ തനിയെ പഠിക്കുമെന്നും ക്ലാസ്മുറികള്‍ അതിനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്നുമായിരുന്നു ഡി.പി.ഇ.പി മുന്നോട്ടുവച്ച വാദം.
പുറമേ ഗംഭീരമെന്നു തോന്നുമെങ്കിലും ഉള്ളുപൊള്ളയായ അസംബന്ധമായിരുന്നു ഡി.പി.ഇ.പി. വി.ആര്‍ കൃഷ്ണയ്യര്‍, എന്‍.എ കരീം, ഹൃദയകുമാരി, എം.ആര്‍ രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍ എന്നീ വിദ്യാഭ്യാസ വിചക്ഷണരൊക്ക ഈ പൊള്ളത്തരം തിരിച്ചറിയുകയും പാഠ്യപദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


10 വര്‍ഷത്തിനുശേഷം 2006ല്‍ പാഠ്യപദ്ധതി പരിഷ്‌കരണം കേരള വിദ്യാഭ്യാസ മേഖലയില്‍ എന്തു മാറ്റമുണ്ടാക്കി എന്ന അന്വേഷണത്തില്‍ തെളിഞ്ഞത് നൂറില്‍ 80 കുട്ടികള്‍ക്കും തെറ്റില്ലാതെ എഴുതാനും വായിക്കാനുമറിയില്ലെന്ന യാഥാര്‍ഥ്യമായിരുന്നു. 10 ശതമാനം കുട്ടികള്‍ക്കുപോലും തെറ്റാതെ അക്ഷരമാല എഴുതാനറിയില്ല. പ്രൈമറി വിദ്യാഭ്യാസമേഖല ഇത്രമേല്‍ താറുമാറായിട്ടും തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ എടുത്തുകളയുന്നതിനു പകരം യു.പി സ്‌കൂള്‍ തലത്തില്‍ സര്‍വശിക്ഷാ അഭിയാന്‍ എന്ന പേരിലും ഹൈസ്‌കൂളിൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാന്‍ എന്ന പേരിലും ഹയര്‍ സെക്കന്‍ഡറി മുതല്‍ രാഷ്ട്രീയ ഉച്ഛദാര്‍ ശിക്ഷക് അഭിയാന്‍ എന്ന പേരിലും ഡി.പി.ഇ.പിയുടെ തുടര്‍ച്ച നടപ്പാക്കാനായിരുന്നു കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിച്ചത്.

ഇത്തരം പാഠ്യപദ്ധതികളുടെ പരീക്ഷണശാലയായി കേരളം മാറുകയും ചെയ്തു. തങ്ങളുടെ നേട്ടമായി ഈ പിന്തിരിപ്പന്‍ പദ്ധതികളെ കൊണ്ടുനടക്കുന്നതില്‍ കേരളത്തിലെ ഇടതനുകൂല അധ്യാപക സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത്തും മുന്നില്‍ നടന്നു. അക്ഷരം കൂട്ടിവായിക്കാനും സ്വന്തം പേരെഴുതാനും അറിയാത്ത കുട്ടികളെ വര്‍ഷാവര്‍ഷം എ പ്ലസ് നല്‍കി പുറത്തിറക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്വം പരിഷത്തിനും കെ.എസ്.ടി.എയ്ക്കും അതതുകാലത്തെ വിദ്യാഭ്യാസമന്ത്രിമാര്‍ക്കും തന്നെയാണ്.

 

അഖിലേന്ത്യാതലത്തിലോ അന്താരാഷ്ട്രതലത്തിലോ നടക്കുന്ന മത്സരപ്പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ നാണംകെട്ട തോല്‍വിയുമായി തലകുനിച്ച് ഇറങ്ങിപ്പോരുന്നതിന് കാരണം ആ കുട്ടികളല്ല; മേല്‍പ്പറഞ്ഞ സംഘടനകളും ഭരണാധിപരും തന്നെ.
ഫൈവ്‌സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് പലരും നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ റൂമുണ്ടോ എന്ന് ചോദിച്ച് ചെല്ലുകയാണെന്ന് കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയിലെ നവകേരള സദസിനിടെ മന്ത്രി ശിവന്‍കുട്ടി പറയുകയുണ്ടായി. അല്‍പം അതിശയോക്തിയുണ്ടെങ്കിലും മന്ത്രി പറഞ്ഞതില്‍ വാസ്തവമില്ലാതില്ല.

സര്‍ക്കാര്‍ സ്‌കൂളുകളുടെ കെട്ടും മട്ടുമൊക്കെ മെച്ചപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന ഓലപ്പുരകളും ഒടിഞ്ഞുതൂങ്ങിയ കാലുകളുള്ള ബെഞ്ചും ഡെസ്‌കുമൊന്നും ഇക്കാലത്ത് ഒരു സ്‌കൂളിലും കാണാന്‍ കഴിയില്ല. എന്നാല്‍ ഭൗതികസൗകര്യങ്ങളിലെ നക്ഷത്രനിലവാരം പാഠ്യപദ്ധതിയിലും സിലബസിലും കൊണ്ടുവരാന്‍ ശിവന്‍കുട്ടി അടക്കമുള്ള വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. പുറംമോടിയില്‍ അഭിരമിക്കുന്നതിനുപകരം നമ്മുടെ കുട്ടികളുടെ പഠനനിലവാരം സത്യസന്ധമായി വിലയിരുത്താനും എവിടെയാണ് പിഴച്ചതെന്ന് തിരിച്ചറിഞ്ഞ് തിരുത്താനുമാണ് സംസ്ഥാനം ഭരിക്കുന്നവര്‍ ശ്രമിക്കേണ്ടത്.

Content Highlights:No quarrel with the mirror sir



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago