കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ? സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് നെഗറ്റീവായ ശേഷമാണെന്നും അതിനാല്‍ കൊവിഡ് തുടര്‍ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കൊവിഡ് മരണമായി സര്‍ക്കാര്‍ കണക്കാക്കുന്നുണ്ട്. സമാന പരിഗണന കൊവിഡാനന്തര ചികില്‍സയ്ക്കും ലഭിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ചികിത്സ സൌജന്യമാണെന്നും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 27,000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുന്ന രീതി ശരിയല്ലെന്നും ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പിന്നെ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കേസ് ഇനി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."