ആനയും കുരങ്ങും ബുദ്ധിജീവികള്‍ സഭയില്‍ 'ചിരി'വേള
ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: നിയമസഭയിലെ വാഗ്വാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഗൗരവതരമായ ചര്‍ച്ചകള്‍ക്കുമിടയില്‍ ചിരി നിറച്ച് ഇന്നലത്തെ ചോദ്യോത്തരവേള. മന്ത്രിമാരുടെ ഉത്തരങ്ങളും ചോദ്യങ്ങളും ഉപചോദ്യങ്ങളും സ്പീക്കറുടെ ഇടപെടലുകളുമൊക്കെ നിറയുന്ന ചോദ്യോത്തരവേളയില്‍ ഇന്നലെ പതിവിനു വിപരീതമായി സഭയില്‍ ചിരി നിറഞ്ഞു.
ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ സ്പീക്കറും പ്രതിപക്ഷനേതാവും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കു ശേഷമാണ് ചിരിനിമിഷങ്ങളിലേക്ക് സഭ കടന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടി നീണ്ടുപോയതോടെ വിവരങ്ങള്‍ സഭയുടെ മേശപ്പുറത്തു വച്ചാല്‍ മതിയെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതു കേട്ടതോടെ അടുത്തിരുന്ന മന്ത്രി കെ. രാധാകൃഷ്ണന്‍ കാട്ടാനകളെ മുഴുവന്‍ മേശപ്പുറത്തു വച്ചാല്‍ മതിയെന്ന് പറഞ്ഞു.
തുടര്‍ന്ന് ഉപചോദ്യമുന്നയിച്ച എ. പ്രഭാകരന്‍ ആനയ്ക്ക് മനുഷ്യരെക്കാള്‍ ബുദ്ധിയുണ്ടെന്ന് പറഞ്ഞു. മന്ത്രിയുടെ മറുപടിക്കിടെ ആന ബുദ്ധിജീവിയാണെന്ന് പ്രഭാകരന്‍ പറഞ്ഞെന്ന് സ്പീക്കറുടെ നര്‍മം. പിന്നീട് വന്ന മാത്യു ടി. തോമസ് ആനയ്ക്കു മാത്രമല്ല കുരങ്ങിനും ബുദ്ധിയുണ്ടെന്ന് കാടിറങ്ങിവരുന്ന കുരങ്ങുകളെ തിരിച്ചയയ്ക്കാനുള്ള വഴികള്‍ പരാജയപ്പെടുന്നത് ചൂണ്ടിക്കാട്ടി സമര്‍ത്ഥിച്ചു. ഫലവൃക്ഷങ്ങള്‍ കാടിനുള്ളില്‍ നട്ടാല്‍ കുരങ്ങുകള്‍ നാട്ടിലെത്തുന്നത് തടയാമെന്ന് പി.ജെ ജോസഫിന്റെ കണ്ടെത്തല്‍.
ഇതിനു ശേഷമാണ് സഭയെ മുഴുവന്‍ ചിരിപ്പിക്കാന്‍ പി. ഉബൈദുല്ല കടന്നുവന്നത്. ഉള്‍നാടന്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനോട് ഉപചോദ്യം ചോദിക്കുന്നതിനിടെ മത്സ്യക്കുഞ്ഞുങ്ങള്‍ക്കുള്ള 'കാലിത്തീറ്റ' നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യം സഭയെ ചിരിയിലാഴ്ത്തി.
പറഞ്ഞതിലെ തെറ്റ് മനസ്സിലാക്കിയ ഉബൈദുല്ല ഉടന്‍ 'മത്സ്യത്തീറ്റ' എന്ന് തിരുത്തി. 'സ്ലിപ് ഓഫ് ടങ്ങ്' ആണിതെന്നും മുമ്പ് നായനാര്‍ ഇക്കാര്യം സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും ഉബൈദുല്ല പറഞ്ഞപ്പോഴും ചിരി പടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."