പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍; ജ്ഞാനികളിലെ വേറിട്ട വ്യക്തിത്വം
സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍
എന്റെ ഉസ്താദുമാരുടെ സഹപാഠിയും ഉസ്താദുമാരെ പോലെ ഞാന്‍ ആദരിക്കുകയും ചെയ്യുന്ന പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരുടെ വിയോഗം വേദനാജനകമാണ്. ചെറുപ്പം മുതല്‍ തന്നെ പി.കെ.പി ഉസ്താദുമായി എനിക്ക് ബന്ധമുണ്ട്. കണ്ണൂര്‍ തെക്കുമ്പാട് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ഇരിക്കൂര്‍ മുദരിസ് ആയിരുന്നു. അക്കാലം മുതല്‍ തന്നെ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സമസ്തയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ സംഘടനാപാടവം സമസ്ത ശക്തിപ്പെടുത്തുന്നതിന് വേണ്ടി അദ്ദേഹം വിനിയോഗിച്ചു. ആത്മാര്‍ഥമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമായാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ്പ്രസിഡന്റായി അദ്ദേഹം നിയുക്തനായത്. വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും പിന്നീട് ലഭിച്ച പ്രസിഡന്റ് പദവിയും പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു.
ആപാദചൂഡം മാന്യനായ ഒരു പണ്ഡിതനായിരുന്നു പി.കെ.പി ഉസ്താദ്. വിജ്ഞാനം കൊണ്ടും ജീവിത വിശുദ്ധികൊണ്ടും തലയുയര്‍ത്തി നിന്ന അത്യപൂര്‍വജ്ഞാനികളിലൊരാളായിരുന്നു അദ്ദേഹം.
ഒരുവിധ തലക്കനവുമില്ലാതെ ജനസാഗരങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചത് ഉന്നത വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. കണ്ണൂര്‍ ജില്ലയിലാണ് അദ്ദേഹത്തിന്റെ കര്‍മമണ്ഡലമെങ്കിലും സമസ്തയിലൂടെ കേരളത്തിലും പുറത്തും അറിയപ്പെട്ട ഉന്നത വ്യക്തിത്വങ്ങളില്‍ ഒരാളാവാന്‍ സാധിച്ചു. പ്രഗല്‍ഭനായ ഒരു മുദരിസെന്ന നിലയില്‍ തന്റെ ശിഷ്യരുടെ പഠന കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തി.
ഇരിക്കൂറിലും ആലുവയിലും നീണ്ട വര്‍ഷങ്ങള്‍ എട്ടിക്കുളത്തും പിന്നെ ബീരിച്ചേരിയിലും ശതക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ വിജ്ഞാനപ്രസരണം നടത്തുമ്പോഴും വിനയവും താഴ്മയുമായിരുന്നു അവിടുത്തെ കൈമുതല്‍. ഗോളശാസ്ത്രത്തിലും ഖിബ്‌ല നിര്‍ണയത്തിലും മറ്റും അതിപ്രഗല്‍ഭനായിരുന്നു. തച്ചുശാസ്ത്രത്തില്‍ നല്ല അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അതിരുകടക്കുന്നത് കണ്ടപ്പോഴാണ് അതിനെക്കുറിച്ച് പഠിക്കാനും കുറ്റിയിടല്‍ പോലുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം തയാറായത്.
കോയ്യോട് മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ക്ക് ശേഷം പി.കെ.പിയുടെ സാന്നിധ്യം കണ്ണൂര്‍ ജില്ലയില്‍ എടുത്തുപറയേണ്ടതായിരുന്നു. നിരവധി ശിഷ്യസമ്പത്തുണ്ട് അദ്ദേഹത്തിന്. മിക്കവരും ഉന്നത ബിരുദദാരികളും മുദരിസുമാരുമാണ്. സമന്വയ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം തല്‍കിയ വ്യക്തിയാണദ്ദേഹം. തന്റെ ദര്‍സില്‍ തന്നെ സ്‌കൂള്‍ - ആര്‍ട്‌സ് പഠനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
തളിപ്പറമ്പില്‍ ശംസുല്‍ ഉലമയുടെ ശിഷ്യനായിരുന്ന ഘട്ടത്തില്‍ കരുവന്‍തിരുത്തി ആലിക്കുട്ടി മുസ്‌ലിയാര്‍, മടവൂര്‍ സി.എം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ അന്ന് അവിടെ ഉയര്‍ന്ന വിദ്യാര്‍ഥികളാണ്. സമസ്തയുടെ ഉന്നത നേതാവ് എന്ന നിലയില്‍ എതിരാളികള്‍ക്ക് പോലും സുസമ്മതനാണദ്ദേഹം.
അദ്ദേഹത്തിന്റെ പ്രഥമ ഗുരു സ്വന്തം പിതാവ് തെക്കുമ്പാട് മുഹമ്മദ് മുസ്‌ലിയാരാണ്. ശംസുല്‍ ഉലമ, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയ മഹത്തുക്കള്‍ ഗുരുവര്യരില്‍ പ്രമുഖരാണ്. ശംസുല്‍ ഉലമയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഉയര്‍ന്ന പങ്ക് വഹിച്ചു. അതിനാല്‍ തന്നെ സര്‍വരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായി അദ്ദേഹം വളര്‍ന്നു. വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറിയായത് മുതല്‍ മദ്‌റസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നേതൃത്വം നല്‍കി. പാഠപുസ്തക പരിഷ്‌കരണം അതില്‍ എടുത്തുപറയത്തക്കതാണ്.
കണ്ണൂര്‍ ജില്ല സമസ്തയുടെ ഉറച്ച തട്ടകമാക്കുന്നതില്‍ പി.കെ.പി ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്. ജാമിഅഃ അസ്അദിയ അറബി കോളജിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കാണ് അദ്ദേഹം വഹിച്ചത്. കൂടാതെ ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും മുഖ്യകാര്‍മികത്വം വഹിച്ചു. ജ്ഞാനിയും ബഹുഭാഷാ പണ്ഡിതനുമായ അദ്ദേഹത്തിന്റെ പ്രയത്‌നം എടുത്ത് പറയേണ്ടതാണ്.
സയ്യിദുമാരെ ആദരിക്കുന്നതില്‍ അദ്ദേഹം അതീവ പരിഗണന നല്‍കി. ഉന്നതിയിലെത്തിയ വിജയികളുടെ അടയാളങ്ങളെല്ലാം അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പാപ്പിനിശേരി ജാമിഅ അസ്അദിയ്യ കോളജ് സനദ്ദാന സമ്മേളനത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത് മരിക്കുവോളം അധ്യാപനം നടത്താനുള്ള തൗഫീഖിനാണ്. പകരംവയ്ക്കാനില്ലാത്ത ഈ പണ്ഡിത പ്രതിഭയുടെ ജീവിതംതന്നെ മത വിദ്യാര്‍ഥികള്‍ക്കൊരു പാഠപുസ്തകമാണ്. അദ്ദേഹം ചെയ്ത നന്മകളെ അല്ലാഹു സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തക്ക പ്രതിഫലം നല്‍കുകയും ചെയ്യട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."