ഇരുചക്രവാഹനത്തില്‍ 'മരണ'ക്കുട വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്നു യാത്രചെയ്യുന്നവരോ കുട തുറന്നുപിടിച്ചു യാത്ര ചെയ്യുന്നതിന് നിരോധനം.
മഴക്കാലത്ത് കുടചൂടി അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മോട്ടര്‍വാഹന വകുപ്പിന്റെ ഉത്തരവ്. കുടചൂടി യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും 5000 രൂപ വരെ പിഴ ഈടാക്കുമെന്നും ഗതാഗത കമ്മിഷണര്‍ അറിയിച്ചു.
നടന്നുപോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ നിയന്ത്രണം നഷ്ടമാകും. ഓടുന്ന വാഹനത്തില്‍ കുടപിടിച്ചു യാത്ര ചെയ്യുന്നത് വലിയ അപകടത്തിന് കാരണമാവും.
വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോള്‍ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്. വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററും കാറ്റിന്റേത് 30 കിലോമീറ്ററും ആണെങ്കില്‍ അത് കുടയില്‍ ചെലുത്തുന്നത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗമായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദവും കൂടും. ഒരാളെ വാഹനത്തില്‍നിന്ന് തെറിപ്പിക്കാനോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനോ ഇത് ഇടയാക്കും.
ഓടിക്കുന്ന ആള്‍തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന നിയന്ത്രണ നഷ്ടം ഇരട്ടിക്കും.
സീസണിലല്ലാതെ ചെറിയ ഇടവേളകളിലും കേരളത്തില്‍ മഴ ലഭിക്കുന്നതിനാല്‍ ഇത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും ഗതാഗതവകുപ്പ് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."