ജില്ലയില്‍ ഗ്രാമീണ മേഖലകളില്‍ അനധികൃത മദ്യവില്‍പന സജീവമാകുന്നു
കുഴല്‍മന്ദം: ഗ്രാമങ്ങളില്‍ അനധികൃത മദ്യവില്‍പന തകൃതിയാണെന്ന പരാതി വ്യാപകം. ഇരുപതും നാല്‍പ്പതും കിലോമീറ്റര്‍ അകലെയുള്ള മുടപ്പല്ലൂര്‍, കൊടുവായൂര്‍ ബിവറേജസ് ഷാപ്പില്‍ നിന്നു മദ്യം വാങ്ങാനുള്ള ദുരിതം കണക്കിലെടുത്ത് ചില്ലറവില്‍പ്പനക്കാരെ സമീപിക്കുന്ന രീതിയാണ് മദ്യപാനികള്‍ അവലംബിക്കുന്നതത്രെ.
ദൂരെയുള്ള ഷാപ്പില്‍ നിന്നും നാലോ അഞ്ചോ കുപ്പി മദ്യം എത്തിച്ച് വില്‍ക്കുന്ന ഒരാള്‍ക്ക് ഒരു ദിവസം 500 രൂപയിലധികം ലാഭം കിട്ടുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ അനധികൃത മദ്യവില്‍പ്പന തൊഴിലാക്കി നടക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടത്രെ.
ഉള്‍പ്രപദേശങ്ങളില്‍ മിക്ക സ്ഥലത്തും ഇതിനു ചില ഏജന്റുമാര്‍ പ്രവര്‍ത്തിച്ചുവരുന്നതായി പറയുന്നു. സ്ഥിരം പറ്റുകാരില്‍ നിന്നുള്ള ഫോണ്‍ വന്നാല്‍ എത്തിച്ചുകൊടുക്കുന്ന മൊബൈല്‍ സംഘവുമുണ്ട്. വീടുകളില്‍ റെയ്ഡ് ഭയന്ന് കുപ്പികള്‍ വിജനമായ സ്ഥലത്തെ കുറ്റിച്ചെടികള്‍ക്കിടിയില്‍ ഒളിപ്പിച്ചുവെക്കലാണ് പതിവ്. ആവശ്യക്കാരെത്തുമ്പോള്‍ രഹസ്യമായി എടുത്തു നല്‍കും. കോട്ടായി, കുത്തനൂര്‍, പരുത്തിപ്പുള്ളി, പല്ലഞ്ചാത്തനൂര്‍, പെരിങ്ങാട്ടുകുറിശ്ശി തുടങ്ങി മിക്ക ഭാഗത്തും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
നെന്മാറ വില്ലേജ് ഓഫിസിനോടു ചേര്‍ന്ന കനാല്‍ പാതയോരത്ത് ലഹരിമരുന്നുകളും കഞ്ചാവ് വില്‍പ്പനയും തകൃതിയാണത്രെ.
സ്‌കൂള്‍, കോളജ് കുട്ടികളെ കേന്ദ്രീകരിച്ചുള്ള വില്‍പ്പന സംഘവും സജീവമാണെന്നും പരാതിയുണ്ട്. മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ശുചിമുറകളില്‍ ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച പാക്കറ്റുകള്‍ പതിവായി കണ്ടുവരുന്നതായി സ്‌കൂള്‍ അധികൃതര്‍ക്കും പരാതിയുണ്ട്.
എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ ചുരുക്കം ചിലരെ മാത്രമേ പിടുകൂടാന്‍ കഴിയുന്നുള്ളൂ. പിടിച്ചാല്‍ തന്നെ പിഴ ഈടാക്കി വിടുന്നതും വില്‍പ്പനക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
നെന്മാറ, അയിലൂര്‍. നെല്ലിയാമ്പതി, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ആവശ്യമായ ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തത് പരിശോധന കാര്യക്ഷമമാക്കാനാകുന്നില്ലെന്ന പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."