HOME
DETAILS
MAL
മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ പേരിലും മോന്‍സണ്‍ തട്ടിപ്പ് നടത്തിയതായി സൂചന ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
backup
October 13 2021 | 01:10 AM
കൊച്ചി: പുരാവസ്തുവിന് പുറമെ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി തുടങ്ങാനെന്ന പേരിലും മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയതായി സൂചന. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ചേര്‍ത്തലയില്‍ നൂറേക്കര്‍ സ്ഥലത്ത് അന്തര്‍ദേശീയ നിലവാരത്തില്‍ കോസ്‌മോസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി തുടങ്ങുമെന്നായിരുന്നു 2018ല്‍ ഇയാള്‍ പ്രഖ്യാപനം നടത്തിയത്.
ഇവിടേക്ക് ജീവനക്കാരെ നിയമിക്കുകയും ചെയ്തു. എന്നാല്‍, നിയമിക്കപ്പെട്ടവര്‍ക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു ജോലി.
എച്ച്.എസ്.ബി.സി ബാങ്കില്‍ 2.62 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടന്‍ ആരോഗ്യ സര്‍വകലാശാല ആരംഭിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍, സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി.
കോസ്‌മോസ് മെഡിക്കല്‍ യൂനിവേഴ്സ്റ്റിയുടെ പേരില്‍ മോന്‍സണ്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സൗന്ദര്യ ചികിത്സയുടെ മറവില്‍ കലൂരിലെ മ്യൂസിയത്തില്‍ മോന്‍സണ്‍ നടത്തിയ ആയുര്‍വേദ ചികിത്സയുടെ ആധികാരികത സംബന്ധിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ആയുര്‍വേദ ഡോക്ടറായ യുവതിയായിരുന്നു ഇവിടെ വി.ഐ.പികള്‍ അടക്കമുള്ളവരെ ചികിത്സിച്ചത്. വ്യാജ ചികിത്സയുടെ പേരിലടക്കം മോന്‍സനെതിരേ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഈ വനിതാ ഡോക്ടറുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."