ആള്‍ട്ടര്‍നേറ്റീവ് ഫാക്ട്‌സ്: രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവനയുടെ ലക്ഷ്യം?
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ടലമി ടുശരലൃ നടത്തിയ തെറ്റായ പ്രസ്താവനയെ ന്യായീകരിച്ചു കൊണ്ട് യു.എസ്. കൗണ്‍സിലര്‍ Kellyanne Conway നടത്തിയ പരാമര്‍ശമാണ് 'ആള്‍ട്ടര്‍നേറ്റീവ് ഫാക്ട്‌സ്' (Alternative Facst). ആള്‍ട്ടര്‍നേറ്റിവ് ഫാക്ട് എന്നത് സത്യങ്ങള്‍ അല്ല, പക്ഷെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശ്വാസ്യയോഗ്യം എന്ന് തോന്നിപ്പിക്കുന്ന അസത്യങ്ങളാണ്.
സത്യാനന്തര യുഗത്തില്‍ പല പുതിയ നറേറ്റിവുകളും നിര്‍മ്മിക്കപ്പെടുന്നത് ആള്‍ട്ടര്‍നേറ്റീവ് ഫാക്ട്‌സിലൂടെയാണ്. അത്തരത്തില്‍ ഒരു പ്രസ്താവനയാണ് സവര്‍ക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയത്. തീവ്രവലത് രാഷ്ട്രീയം ഉണ്ടാക്കുന്ന വൈകാരികതയില്‍ ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ക്ക് സത്യമെന്ന് തോന്നിക്കാവുന്ന ഒരു നറേറ്റിവ് നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. വര്‍ഷങ്ങള്‍ക്കപ്പുറം ഈ അസത്യം വിശ്വാസ്യയോഗ്യമായി പ്രചരിപ്പിക്കപ്പെടണം എന്നതാണ് ലക്ഷ്യം. അവിടെ മഹാത്മാ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സവര്‍ക്കര്‍ കാലാപാനിയില്‍ നിന്ന് മോചനം തേടി ആദ്യ മാപ്പപേക്ഷ നല്‍കിയത് എന്നത് വിസ്മരിക്കപ്പെടണം; പിന്നീട് അഞ്ചു തവണ കൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്നത് വിസ്മരിക്കപ്പെടണം; മോചിതനായ സവര്‍ക്കര്‍ പിന്നീട് തന്റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം; അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങള്‍ ഒരുക്കിയതും സവര്‍ക്കാറാണെന്നതും വിസ്മരിക്കപ്പെടണം എന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. സംഘപരിവാര്‍ നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഈ രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഈ നറേറ്റിവ്. പറയുന്നത് മണ്ടത്തരമാണെന്നും അസത്യമാണെന്നും അറിയാതെയല്ല, പക്ഷെ നാളെകളിലെ ചര്‍ച്ചകള്‍ വഴി തിരിച്ചു വിടുകയെന്നതും ഈ വാദം സാമാന്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളാണ് ഇത്. ഒരു വലിയ സംവിധാനം ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഇത് സത്യമാണെന്ന് തോന്നിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും, അത് വിശ്വസിപ്പിക്കുന്നതിനുള്ള രേഖകള്‍ വ്യാജമായി നിര്‍മ്മിക്കും. ഇതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതി.
എത്രമാത്രം വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാന്‍ കഴിയാത്തത്രയും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതല്‍ ഉച്ചത്തില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും.
(പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."