അറിയാം മേഘസ്‌ഫോടനം എന്തെന്ന്
അപ്രതീക്ഷിത മേഘസ്‌ഫോടനം. ഇത്ര മരണം. ഇത്ര പരുക്ക്. ഇടക്കിടെ നാം കേള്‍ക്കുന്ന വാര്‍ത്തയാണിത്. അതും അങ്ങ് വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്. ഇപ്പോഴിതാ. നമ്മുടെ കുഞ്ഞു കേരളത്തിലും എത്തിയിരിക്കുന്നു മേഘസ്‌ഫോടനം. വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണ് മേഘസ്‌ഫോടനമെങ്കിലും ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് നിര്‍വചിക്കുക അസാധ്യം. മുന്‍കൂട്ടി പ്രവചിക്കാന്‍ കൂടി കഴിയാത്തതിനാല്‍ മനുഷ്യര്‍ക്ക് ഇതൊരു അപ്രതീക്ഷിത ദുരന്തം തന്നെയാണ്.
എന്താണ് മേഘസ്‌ഫോടനം
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്‌ഫോടനം (Cloud burst) എന്നുപറയുന്നത്. പലപ്പോഴും മിനിറ്റുകള്‍ മാത്രം നീളുന്ന ഈ പ്രതിഭാസം
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാക്കാറുണ്ട്. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്‌ഫോടനം എന്നു കരുതാം.
എങ്ങനെയുണ്ടാകുന്നു?
മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്‌ഫോടനമുണ്ടാക്കുന്നില്ല. മേഘസ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. ഈര്‍പ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ കുമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍ നിന്നാരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവര്‍ഷത്തില്‍ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിലും കാണാം.
ഇത്തരത്തില്‍ ഉണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളില്‍, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുക. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് വേഗത്തില്‍ എത്തുന്ന കുമുലോ നിംബസ് മേഘങ്ങള്‍ ഇവരൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകള്‍ കാരണം പതിവിലും ഉയര്‍ന്ന അളവില്‍ അന്തരീക്ഷ ഈര്‍പ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില 40 മുതല്‍ 60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതുകാരണം ഈര്‍പ്പം മഞ്ഞുകണങ്ങളായി മാറുന്നു.
ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങള്‍ ഭൂഗുരുത്വാകര്‍ഷണത്തില്‍ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങള്‍, കൂടുതല്‍ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോള്‍ അന്തരീക്ഷതാപനില ഉയര്‍ന്നതായതില്‍ മഞ്ഞുകണങ്ങള്‍ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയില്‍ പതിക്കുന്നു. ഈ പ്രക്രിയ സാധാരണയിലും കവിഞ്ഞ അളവിലെത്തുമ്പോഴാണ് വലിയ അളവിലുള്ള മഴ അഥവാ മേഘസ്‌ഫോടനം ഉണ്ടാകുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉണ്ടായിട്ടുള്ള മേഘസ്‌ഫോടനങ്ങള്‍
സപ്തംബര്‍ 28, 1908 മേഘസ്‌ഫോടനത്തിന്റെ ഫലമായി മുസി നദിയിലെ വെള്ളം 38 മുതല്‍ 45 മീറ്റര്‍ വരെ ഉയര്‍ന്നു. ഏകദേശം 15000 ലധികം ആളുകള്‍ ഈ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടു, നദീതീരത്തുണ്ടായിരുന്ന 80000 ലേറേ വീടുകള്‍ നശിപ്പിക്കപ്പെട്ടു
ജൂലായ് 1970 ഉത്തരാഘണ്ഢിലെ അളകനന്ദ നദിയുടെ അപ്പര്‍ ക്യാച്ച്‌മെന്റ് ഏരിയയില്‍ ഉണ്ടായ മേഘസ്‌ഫോടനം മൂലം ജലനിരപ്പ് 15 മീറ്റര്‍ ഉയര്‍ന്നു. ബദരീനാഥിനടുത്തുള്ള ഹനുമഞ്ചത്തി മുതല്‍ ഹരിദ്വാര്‍ വരെയുള്ള നദീതടം വെള്ളപ്പൊക്ക ദുരിതത്തിലകപ്പെട്ടു.
ആഗസ്റ്റ് 15, 1997 ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയില്‍ ചിര്‍ഗാവിലുണ്ടായ മേഘസ്‌ഫോടനത്തില്‍ 15 ആളുകള്‍ മരിച്ചു, നാശ നഷ്ടങ്ങള്‍ ഉണ്ടായി
ആഗസ്റ്റ് 17, 1998 ഉത്തരാഘണ്ഡിലെ കുമവൂണ്‍ ഡിവിഷനിലെ കാളി താഴ്വരയില്‍ കൈലാസ മാനസസരോവരം എന്നിവടങ്ങളിലേക്കുള്ള യാത്രയിലായിരുന്ന 60 തീര്‍ത്ഥാടകരും, മാല്‍പാ ഗ്രാമത്തില്‍ 250 ആളുകളും മേഘസ്‌ഫോടനത്തിലും ഉരുള്‍പൊട്ടലിലും പെട്ട് മരിച്ചു.
ജൂലായ് 16, 2003 ഹിമാചല്‍ പ്രദേശിലെ കുല്ലു ജില്ലയിലെ ഷിലാഖറില്‍ 40 പേര്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ പെട്ടു മരിച്ചു
ജൂലായ് 6, 2004 ഉത്തരാഘണ്ഡില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട്. യാത്രികരോടൊപ്പം മൂന്നു വാഹനങ്ങള്‍ അളകനന്ദ നദിയിലേക്ക് ഒഴുകിപ്പോയി; 17 പേര്‍ മരിക്കുകയും, 28 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ബദരീനാഥില്‍ 5000 തീര്‍ത്ഥാടകര്‍ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോവുകയും ചെയ്തു
ആഗസ്റ്റ് 3, 2012 ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 110 പേരെ കാണാതാവുകയും 10പേരെങ്കിലും മരിക്കുകയും ചെയ്തു. വിരാമമില്ലാതെ പെയ്ത മഴയില്‍ ഗഗ യമുന കരകവിഞ്ഞു.
മെയ് 11 2021 ല്‍ ഉത്തരാഖണ്ഡില്‍ ഉണ്ടായ കനത്ത മഴക്കും നാശനഷ്ട്ടങ്ങള്‍ക്കും കാരണം മേഘ സ്‌ഫോടനമായിരുന്നു
കേരളത്തില്‍ നേരത്തെ ഉണ്ടായിട്ടുണ്ടോ
കേരളത്തില്‍ മേഘസ്‌ഫോടനം നടന്നതായി നേരത്തെ ആധികാരികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.
ആഗസ്റ്റ് 7 2012ല്‍ കോഴിക്കോട് പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ മേഘസ്‌ഫോടന പ്രതിഭാസം മൂലമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. കാരണം പുല്ലൂരാംപാറയില്‍ മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് മഴ പെയ്തത്. വിപരീത വൈദ്യുത ചാര്‍ജ്ജുള്ള മേഘങ്ങള്‍ അടുത്തടുത്തു വരുമ്പോഴുള്ള വൈദ്യുത പ്രവാഹം മൂലമോ മേഘത്തില്‍ നിന്ന് വൈദ്യുത ചാര്‍ജ്ജ് ഭൂമിയിലേക്ക് പ്രവഹിക്കുമ്പോഴോ ഇടിയും മിന്നലും ഉണ്ടാകാം. ഈ രണ്ട് പ്രതിഭാസങ്ങളും മേഘസ്‌ഫോടന സമയത്ത് ഉണ്ടാകാറുണ്ട്. പുല്ലൂരാംപാറയില്‍ ഇവയൊന്നും ഉണ്ടായതിന് ശാസ്ത്രീയമായ തെളിവില്ല.
എന്നാല്‍ പുല്ലൂരാംപാറയില്‍ ഉണ്ടായ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണം മേഘസ്‌ഫോടനമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."