മാക്‌സി വേഷമിട്ടൊരു സുന്ദരി
ഇന്ത്യയിലെ ഏറ്റവും പവര്‍ഫുള്‍ ആയ സ്‌കൂട്ടര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് യമഹ എയ്‌റോക്‌സ്. സാധാരണ സ്‌കൂട്ടര്‍ ഡിസൈനുകള്‍ കണ്ടിട്ടുള്ള നമ്മള്‍ എയ്‌റോക്‌സിനെ കണ്ടാല്‍ ഒന്നു മിഴിച്ചു നിന്നുപോകും. കാരണം എയ്‌റോക്‌സിന്റെ ഡിസൈന്‍ തന്നെ. മാക്‌സി സ്‌കൂട്ടര്‍ ആണ് എയ്‌റോക്‌സ്. ഇനി മാക്‌സി സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം ആണെന്ന് കരുതി ഇത് അവര്‍ക്കു വേണ്ടി ഇറക്കുന്നതാണോ എന്ന് ആരും സംശയിക്കേണ്ട. ആദ്യമേ പറയട്ടെ, അത്തരം സ്ത്രീ ശാക്തീകരണമൊന്നും വാഹനം ഇറക്കിയ യമഹ മോട്ടോഴ്‌സ് ഉദ്ദേശിച്ചിട്ടില്ല. പവറിലും പെര്‍ഫോമന്‍സിലും ഏറെക്കുറെ ഡിസൈനിലുമെല്ലാം വലിയ ബൈക്കുകളോട് കിടപിടിക്കുന്നവയാണ് മാക്‌സി സ്‌കൂട്ടറുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്.
യമഹയുടെ ആര്‍15 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിന്‍ ആണ് എയ്‌റോക്‌സിലും സ്ഥാനം പിടിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് സി.വി.ടി ട്രാന്‍സ്മിഷന്‍ ആയതിനാല്‍ ട്യൂണിങ്ങില്‍ അല്‍പം മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ 15 ബി.എച്ച്.പിയാണ് പവര്‍ എന്നു മാത്രം. 18.4 ബി.എച്ച്.പിയാണ് ആര്‍15ന്റെ എന്‍ജിന്‍ പവര്‍.
സാധാരണ സ്‌കൂട്ടറുകള്‍ പോലെ മുന്‍വശത്ത് ഫ്‌ളോര്‍ബോര്‍ഡ് ഇല്ലെന്നതാണ് എയ്‌റോക്‌സിന്റെ സവിശേഷത. വലിയ 14 ഇഞ്ച് ടയറുകളാണ് ഉള്ളത്. മുന്‍ വശത്ത് ഡിസ്‌ക്കും പിറകില്‍ ഡ്രം ബ്രേക്കുമാണ് വരുന്നത്. പവര്‍ കൂടിയ സ്‌കൂട്ടര്‍ ആയതുകൊണ്ട് ബ്രേക്കിങ്ങിനെ സഹായിക്കാന്‍ സിംഗിള്‍ ചാനല്‍ എ.ബി.എസ് സംവിധാനവും നല്‍കിയിട്ടുണ്ട്. ബ്‌ളൂടൂത്ത് കണക്ടിവിറ്റി, ഡിജിറ്റല്‍ എല്‍.സി.ഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍. ഇ.ഡി ലൈറ്റുകള്‍, രണ്ട് യു.എസ്.ബി ചാര്‍ജിങ് സോക്കറ്റുകള്‍ തുടങ്ങിയ ന്യൂജെന്‍ ഫീച്ചേഴ്‌സും ആവശ്യത്തിനുണ്ട്. ദൂരയാത്രകള്‍ ഒരു സ്‌കൂട്ടറില്‍ ആകണമെന്ന അതിയായ മോഹമുള്ളവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് എയ്‌റോക്‌സ് എന്ന ഈ കരുത്തന്‍ സ്‌കൂട്ടര്‍. ഒരു ദിവസം മുഴുവന്‍ നിങ്ങളെയും വഹിച്ച് 90-100 കി.മീ വേഗതയില്‍ കുതിക്കാന്‍ എയ്‌റോക്‌സിന് പുഷ്പം പോലെ സാധിക്കും. മൗണ്ടന്‍ റോഡുകളും ഹെയര്‍പിന്‍ വളവുകളും കരുത്തുറ്റ ഈ മാക്‌സി സ്‌കൂട്ടറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നതാണ് മറ്റൊരു കാര്യം.
ആളുകളെ കൂടുതല്‍ എയ്‌റോക്‌സിലേക്ക് ആകൃഷ്ടരാക്കുന്നത് അതിന്റെ ഡിസൈന്‍ തന്നെയായിരിക്കും. വലിപ്പം കൂടിയ എന്‍ജിനും വലിയ എക്‌സോസ്റ്റും പിറകില്‍ നിന്നുള്ള കാഴ്ചയിലും ഒരു മസില്‍ ലുക്ക് നല്‍കുന്നുണ്ട്. എന്‍ജിന്‍ തണുപ്പിക്കാനായി റേഡിയേറ്ററും ഒരു വശത്ത് നല്‍കിയിട്ടുണ്ട്. 120 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. 1,29,000 മുതലാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."