ശാസ്ത്രജ്ഞരുടെ പ്രണയങ്ങള്‍
ഇന്നാദ്യം, നിങ്ങള്‍ക്ക് ഭാവനയില്‍ കാണാന്‍ ഒരു വിഷയം തരികയാണ്. (അഭിരുചി നിര്‍ണയ പരീക്ഷയില്‍ ഭാവനാശേഷിയ്ക്കും ഇടമുണ്ട് എന്നറിയുക.ടുമശേമഹ ഞലമീെിശിഴ എന്നു പറയും).
മൂന്ന് ശാസ്ത്രകാരന്മാര്‍ ഒരു സായാഹ്നത്തില്‍ ഒരിടത്ത് ഒത്തുചേരുകയാണ്. ഒരു സൗഹൃദക്കൂട്ടായ്മയാണത്. ശാസ്ത്ര സെമിനാറൊന്നുമല്ല. ശാസ്ത്രജ്ഞര്‍ എന്നു പറഞ്ഞാല്‍ ഈ മൂന്നുപേരും വെറും സാധാരണ ശാസ്ത്രകാരന്മാരൊന്നുമല്ല. അതിപ്രഗത്ഭരാണവര്‍. ലോകമെങ്ങും പ്രശസ്തര്‍. തന്നെയല്ല, മൂവരും അംഗീകാരത്തിന്റെ കൊടുമുടിയായ നൊബേല്‍ സമ്മാനം നേടിയവരുമാണ്.
അപ്പോള്‍ എന്തൊക്കെയായിരിക്കും അവിടുത്തെ സംസാര വിഷയങ്ങള്‍? സംഭാഷണങ്ങള്‍ എങ്ങനെയാവും? അതിലിത്ര ചോദിക്കാനെന്തിരിക്കുന്നു എന്നാവും ആലോചന, അല്ലേ?
ശാസ്ത്രകാര്യങ്ങള്‍ തന്നെ !! അല്ലാതെന്ത്? പ്രത്യേകിച്ച് സ്വന്തം ശാസ്ത്രശാഖയിലെ കാര്യങ്ങള്‍. ഫിസിക്‌സിന്റെ അതിശയലോകവും പഠനഗവേഷണങ്ങളും അവിടെ കടന്നുവരും. മറ്റു ശാസ്ത്രജ്ഞന്മാരുടെ പുതിയ പഠനങ്ങള്‍ നിശിതവിമര്‍ശനത്തിനു വിധേയമാക്കും. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം തിയറിയും ആറ്റവും കടല്‍ജലത്തിന്റെ നിറംമാറ്റത്തിന്റെ നിഗൂഢരഹസ്യവുമൊക്കെ ചര്‍ച്ചയില്‍ നിറയും. മൂവരും അവയില്‍ മതിമറന്ന് മുഴുകിയിരിക്കും!!
അവിടെ ഉണ്ടാകാനിടയുള്ള ശാസ്ത്രകാരന്മാരല്ലാത്ത മറ്റുചിലര്‍, ഈ ഗഹനമായ ചര്‍ച്ചകള്‍ കേട്ട് അന്തം വിട്ടുനില്‍ക്കുകയോ, ഒന്നും മനസിലാവാതെ ബോറടിച്ച് ഉറങ്ങുകയോ ചെയ്യുകയാവും. ഇങ്ങനെയൊക്കെയാവും നിങ്ങളുടെ ചിന്ത കടന്നുപോകുന്നത്; അല്ലേ? ആരൊക്കെയാണ് ആ നൊബേല്‍ ജേതാക്കള്‍ എന്നുകൂടി പറയുമ്പോള്‍ കുറെക്കൂടെ കൃത്യമായി ഭാവന ചെയ്യാന്‍ സാധ്യമായേക്കും.
ഒന്ന്, സാക്ഷാല്‍ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍. നൊബേല്‍ പ്രൈസ് ലഭിച്ച മഹാനായ ശാസ്ത്രകാരന്‍. പഠനവിധേയമാക്കണമെന്ന് ശാസ്ത്രലോകത്തിനു തോന്നിയ അത്ഭുത തലച്ചോറിന്റെ ഉടമ!! ബുദ്ധിയുടെ രാജാവ്!! 1918ലെ നൊബേല്‍ സമ്മാനജേതാവായ മാക്‌സ് പ്ലാങ്ക് ആണ് രണ്ടാമന്‍.
മൂന്നാമനാവട്ടെ, ഒരു ഇന്ത്യക്കാരനാണ്. ഫിസിക്‌സ് നൊബേല്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളെ നിങ്ങള്‍ തിരിച്ചറിഞ്ഞിരിക്കും; നമ്മുടെ സ്വന്തം സി.വി രാമന്‍. 1930ലെ നൊബേല്‍ ജേതാവ്. പ്രകാശത്തിന്റെ പ്രസരണവുമായി ബന്ധപ്പെട്ട, രാമന്‍ ഇഫക്ട് എന്നറിയപ്പെടുന്ന പ്രതിഭാസം കണ്ടുപിടിച്ച അതുല്യപ്രതിഭ!
എന്നാല്‍ ഈ മൂവരും സായാഹ്നങ്ങളില്‍ ഒത്തുചേര്‍ന്നാലുണ്ടാവുന്നത് നാം പ്രതീക്ഷിച്ച അന്തരീക്ഷമേയല്ല. ചര്‍ച്ചകളുടെ വിരസമായ താളമല്ല, മറിച്ച് ഹൃദയങ്ങളെ സന്തോഷഭരിതമാക്കുന്ന മധുരമനോഹര സംഗീതമാണ് ആ വേദിയില്‍ ഉയരുന്നത്! അത്രമേല്‍ സംഗീതപ്രേമികളായിരുന്നു മൂവരും!
മാക്‌സ് പ്ലാങ്കും ആല്‍ബര്‍ട് ഐന്‍സ്റ്റൈനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഭാവനയിലെ കാര്യമല്ല, യഥാര്‍ഥ ജീവിതത്തിലെ കാര്യമാണ് പറയുന്നത്. ജീവിതകാലത്തുടനീളം ഇരുവരും ഗാഢമായ സൗഹൃദം തുടര്‍ന്നു. ഒന്നാന്തരം സംഗീതജ്ഞനായിരുന്നു മാക്‌സ് പ്ലാങ്ക്. ഐന്‍സ്റ്റൈനും ഒട്ടും മോശമല്ല. നന്നായി വയലിന്‍ വായിക്കും. മൊസാര്‍ട്ടിന്റെ ഗീതങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്. പിയാനിസ്റ്റിന്റെ അകമ്പടിയോടെ ഐന്‍സ്റ്റൈന്‍ അവയില്‍ മുഴുകും.
ഫിസിക്‌സില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താനൊരു സംഗീതജ്ഞനാവുമായിരുന്നു എന്ന് ആ മഹാശാസ്ത്രകാരന്‍ വ്യക്തമാക്കിട്ടുണ്ട്. 'സംഗീതമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്ന കാര്യം!'. ആഗ്രഹവും അഭിരുചിയും കാരണം ഐന്‍സ്റ്റൈന്‍ സ്വയം പഠിച്ചെടുത്തതായിരുന്നു സംഗീതം. ഗുരുക്കന്മാരാരുമില്ലാതെ!!
പ്രകാശത്തെക്കുറിച്ച് പഠിച്ച് നൊബേല്‍ സമ്മാനം നേടിയ സി.വി രാമനാവട്ടെ, സംഗീതജ്ഞരേക്കാള്‍ വലിയ സംഗീതപ്രേമിയായിരുന്നു. കേവലമായ സംഗീതത്തിനുപരിയായ പ്രണയം. മൃദംഗത്തിന്റെയും തബലയുടെയും ശബ്ദവിന്യാസം അദ്ദേഹം ശാസ്ത്രീയപഠനത്തിനു വിധേയമാക്കി. നൊബേല്‍ സമ്മാനം കരസ്ഥമാക്കി അഞ്ചുവര്‍ഷത്തിനു ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം എന്തിനെക്കുറിച്ചെന്ന് കേട്ടാല്‍ നാം അതിശയിക്കും. 'ഇന്ത്യന്‍ മൂസിക്കല്‍ ഡ്രംസ് ' ആയിരുന്നു പ്രബന്ധവിഷയം!!
മൃദംഗവും തബലയും സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെക്കുറിച്ചായിരുന്നു ആ അതിവിദഗ്ധ ശാസ്ത്രീയ പഠനം! ശാസ്ത്രരംഗത്ത് കൈവരിച്ചുകൊണ്ടിരുന്ന വലിയ നേട്ടങ്ങള്‍, സംഗീതപ്രേമത്തിന് ഒട്ടും തടസമായിരുന്നില്ല ഈ മൂന്നു പേര്‍ക്കും. എന്നാല്‍ മറ്റുപലരുടെയും കാര്യമോ? സയന്‍സ് പഠിക്കാന്‍ ചേര്‍ന്നു എന്നതുകൊണ്ട്, മെഡിക്കല്‍ കോളജില്‍ പഠിക്കുന്നതുകൊണ്ട്, എന്‍ജിനീയറാവാന്‍ ഒരുങ്ങിയതു കാരണം, ബിസിനസുകാരനായതുകൊണ്ട്, തന്റെ സംഗീതം പോയി, ചിത്രംവര നിന്നുപോയി, എഴുത്തുകാരനാകേണ്ടവന്റെ വഴി മുടങ്ങിപ്പോയി. കിട്ടിയ സര്‍ക്കാര്‍ ജോലിയില്ലായിരുന്നുവെങ്കില്‍ താന്‍ ഭയങ്കര സംഭവമായിപ്പോവുമായിരുന്നു... അങ്ങനെയങ്ങനെ വിലപിക്കുന്ന പലരെയും നമുക്കിടയില്‍ കാണാം. ഒഴികഴിവുകളുടെ വലിയൊരു ചുമടുമായാണ് അത്തരക്കാരുടെ സഞ്ചാരം!!
നോക്കൂ. ഏറ്റവും മികച്ച ഗായകരും നര്‍ത്തകരുമൊക്കെയുണ്ട് മെഡിക്കല്‍ കോളജുകളില്‍.കലാകാരന്മാരുടെ സംഗമവേദികളാണ് ഐ. ഐ.ടിയും എന്‍.ഐ.ടിയും ഉള്‍പ്പെടെയുള്ള എന്‍ജിനീയറിങ് കോളജുകള്‍. ചിത്രകല, പ്രഭാഷണം, ക്വിസ്, അഭിനയം, സാഹിത്യം എന്നിങ്ങനെ വ്യത്യസ്ത മണ്ഡലങ്ങളില്‍ തിളങ്ങുന്നവരില്‍ പലരും സ്വന്തം കര്‍മരംഗങ്ങളില്‍ വളരെയേറെ തിരക്കുകളുള്ളവരാണ്. എംബസിയിലെ ഭാരിച്ച ചുമതലകള്‍ കാരണം, ദിവസം പന്ത്രണ്ട് മണിക്കൂറോളം ജോലി ചെയ്തുകൊണ്ടിരുന്ന എം. മുകുന്ദന്‍, ബാങ്കിലെ ഉന്നത ഉത്തരവാദിത്വങ്ങള്‍ വഹിച്ച സേതു തുടങ്ങിയവര്‍ സാഹിത്യ രംഗത്ത് തിളങ്ങി.
ഉദ്യോഗത്തിരക്കുകള്‍ക്കിടയില്‍ തന്നെ, പലരും അഭിനേതാക്കളും ചിത്രകാരന്മാരുമൊക്കെയായി ആത്മസംതൃപ്തിയും പ്രശസ്തിയും പണവുമൊക്കെ നേടുന്നു. മത്സ്യവില്‍പനക്കാരനായിരിക്കെ മികച്ച കവിതകളെഴുതുന്ന പവിത്രന്‍ തീക്കുനിയെയും ഓര്‍ക്കാം.
എങ്കിലും അലസത തന്നെയാണ് യഥാര്‍ഥ കാരണമെന്നത് സ്വയം മറച്ചുവച്ച് മറ്റെന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ കണ്ടെത്തി സ്വന്തം സിദ്ധികള്‍ നാം പലപ്പോഴും പാഴാക്കിക്കളയുകയല്ലേ? തമസ്‌കരിക്കുകയല്ലേ?
'Nintey nine percent of the failures come from people who have the habit of making ex-cuses'þ George Washington Carver.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."