ട്രെയിന്‍ അപകടം: ക്രമീകരണങ്ങള്‍ ഫലപ്രദമായി
നെടുമ്പാശ്ശേരി: കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് ഹജ്ജ് ക്യാംപിലേക്കുവരുന്ന തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലപ്രദമായി.
വിവരം അറിഞ്ഞപ്പോള്‍തന്നെ അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ട്രെയിനുകള്‍ യാത്ര അവസാനിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ട്രെയിനര്‍മാരെ ചുമതലപ്പെടുത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രം അഞ്ച് ട്രെയിനര്‍മാരെയാണ് വടക്കന്‍ കേരളത്തില്‍നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയമിച്ചത്. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മറ്റ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയാണ് തീര്‍ഥാടകര്‍ ഹജ്ജ് ക്യാംപില്‍ എത്തിയത്.
യാത്ര പുറപ്പെടേണ്ട ദിവസത്തിന്റെ തലേദിവസം വൈകീട്ട് അഞ്ച് വരെയാണ് തീര്‍ഥാടകര്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയമെങ്കിലും ഇന്നലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വൈകിയെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും രജിസ്‌ട്രേഷനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചിന് മുന്‍പുതന്നെ ഇന്ന് പുറപ്പെടേണ്ട 900 തീര്‍ഥാടകരും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
തെക്കന്‍ കേരളത്തില്‍ നിന്ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ തീര്‍ഥാടകര്‍ക്ക് ക്യാംപിലെത്താന്‍ സാധാരണപോലെ ഇന്നലെയും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് യാത്ര പുറപ്പെടാനുള്ള 900 തീര്‍ഥാടകരില്‍ 811 പേരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.
ഇതില്‍ 753 പേരും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 511 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്ന് 242 പേരും ഇന്ന് യാത്രയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."