ഭാരവാഹിപ്പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചയാകാമായിരുന്നു-കെ.മുരളീധരന്‍; പൊല്ലാപ്പൊഴിയാതെ കെ.പി.സി.സി
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട പൊല്ലാപ്പുകള്‍ ഇനിയുമൊഴിഞ്ഞില്ല. പട്ടിക സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ തുടരുകയാണ്. പട്ടികക്കെതിരെ കെ.മുരളീധരന്‍ എം.പി രംഗത്തെത്തി.
പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചയാകാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.മുന്‍പ്രസിഡന്റുമാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നു- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റുമാരെ ഉള്‍പെടുത്തി കൂടുതല്‍ ചര്‍ച്ച വേണമായിരുന്നു. അംഗീകാരം കിട്ടേണ്ട ആളുകള്‍ ഇനിയുമുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ , നാല് വൈസ്പ്രസിഡന്റുമാര്‍, ട്രഷറര്‍ സ്ഥാനങ്ങളില്‍ പേരിനൊരു വനിതാ പ്രാതിനിധ്യം പോലുമില്ലാതെയാണ് പട്ടിക പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയ കെ.പി.സി.സി ഭാരവാഹിപ്പട്ടിക പുറത്തു വന്നത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 28 എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 23 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാരവാഹിപ്പട്ടിക. വി ടി ബല്‍റാം, എന്‍ ശക്തന്‍ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍.
പത്മജ വേണുഗോപാല്‍, ഡോ. സോന എന്നീ രണ്ട് വനിതകളെ കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 23 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നുപേരും വനിതകളാണ്. ദീപ്തി മേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, കെ എ തുളസി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരില്‍ ഇടംപിടിച്ചത്. നാലംഗ വൈസ്പ്രസിഡന്റുമാരില്‍ വനിതകള്‍ക്ക് ഇടം നല്‍കാത്തത് അപ്പോള്‍ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."