HOME
DETAILS
MAL
ശില്പകലാ മികവിനുള്ള റിബ പുരസ്കാര നിറവില്‍ കാംബ്രിജ് സെന്‍ട്രല്‍ പള്ളി
backup
October 23 2021 | 03:10 AM
ലണ്ടന്‍: ശില്പകലയിലെ അനുപമ മികവിനുള്ള ഈവര്‍ഷത്തെ റിബ (റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍കിടെക്റ്റ്സ്) ക്ലൈന്റ് ഓഫ് ദ ഇയര്‍ പുരസ്കാരം നേടി ബ്രിട്ടനിലെ കാംബ്രിജ് സെന്‍ട്രല്‍ പള്ളി. ഒരേസമയം 1,000 പേര്‍ക്ക് നിസ്കരിക്കാന്‍ സൗകര്യമുള്ള പള്ളി 2019 ഏപ്രില്‍ 24നാണ് തുറന്നുകൊടുത്തത്. മരവും ഇഷ്ടികയും ഉപയോഗിച്ച് 10 വര്‍ഷം കൊണ്ടാണ് അതിമനോഹരമായ ഈ ദൈവഭവനം ഒരുക്കിയത്.
ലണ്ടന്‍ കേന്ദ്രമായ മാര്‍ക്സ് ബാര്‍ഫീല്‍ഡ് ശില്പകലാ കമ്പനിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വാസ്തുവിദ്യയില്‍ കഴിവു തെളിയിച്ച ഡേവിഡ് മാര്‍ക്സും പത്നി ജൂലിയ ബാര്ഫീല്ഡുമാണ് സ്ഥാപനം നടത്തുന്നത്. 2.3 കോടി പൗണ്ട് (237.5 കോടി) ആണ് പള്ളിയുടെ നിര്‍മാണച്ചെലവ്.
നയനാകര്‍ഷകമായ ഉദ്യാനത്തിലൂടെയാണ് പള്ളിയുടെ അകത്തേക്കു കടക്കുക. മേല്ക്കൂരയെ താങ്ങിനിര്‍ത്തുന്ന ശിഖരങ്ങളുള്ള മരങ്ങളുടെ രൂപത്തിലുള്ള തൂണുകള്‍ ആരെയും അതിശയിപ്പിക്കും. പ്രശസ്ത ജ്യാമിതീയ കലാകാരന് കീറ്റ് ക്രിറ്റ്ഷ്ലോയാണ് ഇതിന്റെ ജ്യാമിതി വികസിപ്പിച്ചെടുത്തത്. പ്രാര്‍ഥനാ ഹാളിലെത്തുന്ന വിശ്വാസികള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ നിസ്കരിക്കാം. ചുവരിലെ ബ്രിക് ടൈലുകള്‍ പരമ്പരാഗത ഇഷ്ടികകള്‍ കൊണ്ടാണ് പണിതത്. അവിടെ കൂഫീ ലിപികള്‍ ജാമിതീയ രൂപത്തില്‍ അലങ്കരിച്ചിട്ടുണ്ട്. 4,900 സ്ക്വയര്‍ മീറ്ററാണ് അകത്തെ വിസ്തൃതി. അധികം ഉയരമില്ലാതെ സ്ഥാപിച്ച മിനാരവും മനോഹരമാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്ന കാലത്ത് പൂര്‍ണമായും പ്രകൃതി സൗഹൃദപരമായ ഈ പള്ളി ലോകത്തിനു തന്നെ മാതൃകയാണ്. കാര്‍ബണ്‍ മലിനീകരണമില്ലാതെയായിരുന്നു പള്ളിനിര്മാണമെന്നതും ശ്രദ്ധേയമാണ്.
ലണ്ടനിലെ കിങ്സ്റ്റന്‍ യൂനിവേഴ്സിറ്റി ടൗണ്‍ ഹൗസാണ് 25-ാമത് റിബ പുരസ്കാരം നേടിയത്. കാംബ്രിജ് സെന്‍ട്രല്‍ പള്ളിയെ കൂടാതെ 15 ക്ലെര്കെന്വെല് ക്ലോസ്, കാംബ്രിജിലെ കീ വര്‍കര്‍ ഹൗസിങ് ഡവലപ്മെന്റ് ഇന്‍ എഡിങ്റ്റണ്, കോണ്‍വാളിലെ റ്റിന്റ്റാഗല് ബ്രിഡ്ജ്, വിന്‍ഡര്‍മിയര്‍ ജെറ്റി മ്യൂസിയം എന്നിവയാണ് പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു കെട്ടിടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."