നിരാഹാരം തുടങ്ങാനിരിക്കേ അനുരഞ്ജനശ്രമവുമായി അനുപമയെ വിളിച്ച് ആരോഗ്യമന്ത്രി; താനുമൊരമ്മ; വീഴ്ചകളില്‍ നടപടിയെന്നും മന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി പേരൂര്‍ക്കടയിലെ അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങാനിരിക്കേ അനുരഞ്ജനശ്രമവുമായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അനുപമയെ വിളിച്ചു. വീഴ്ചകള്‍ തുറന്നു സമ്മതിച്ച മന്ത്രി അതില്‍ നടപടിയുണ്ടാകുമെന്നും ഉറപ്പ് നല്‍കിയതായി അനുപമ പറഞ്ഞു. താനുമൊരമ്മയാണ്. അനുപമയുടെ വിഷമം തനിക്കുമനസിലാകുമെന്നുമാണവര്‍ അനുപമയെ അറിയിച്ചത്. അതേ സമയം ഇതൊരു പോസറ്റീവ് സമീപനമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അനുപമ പറഞ്ഞു. എന്നാല്‍ സമരത്തില്‍ നിന്നു പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പൊലിസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഇന്നലെ അനുപമ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സെക്രട്ടേറിയറ്റിലെ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നത്. അതേസമയം അനുപമയുടെ പരാതി താന്‍ അറിഞ്ഞത് വൃന്ദാ കാരാട്ടിലൂടെയാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി പറഞ്ഞു. ഇതറിഞ്ഞതോടെ അനുപമയോട് വീണ്ടും പരാതി നല്‍കാനും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും താന്‍ നിര്‍ദേശിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ച് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായും ശ്രീമതി പറഞ്ഞു.
അതേസമയം കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. പേരൂര്‍ക്കട പൊലിസ്, സിറ്റി പൊലിസ് കമ്മീഷണര്‍, ഡി.ജി.പി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സി.ഡബ്ല്യൂ.സി ചെയര്‍പേഴ്സണ്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. സംഭവത്തില്‍ ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കാനാണ് ബാലാവകാശ കമ്മീഷന്‍ അംഗം ഫിലിപ്പ് പാറക്കാട്ടിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."