വാരിയന്‍കുന്നന്റെ രക്തം വാര്‍ന്ന മണ്ണില്‍ പേരമക്കള്‍; വിതുമ്പിക്കരഞ്ഞ് ഹാജറ
സി.പി സുബൈര്‍
മലപ്പുറം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തമൊഴുകിയ മണ്ണില്‍ അദ്ദേഹത്തിന്റെ പേരമക്കള്‍ എത്തിയപ്പോള്‍ മറ്റൊരു ചരിത്രനിമിഷത്തിനു കൂടി മലപ്പുറത്തിന്റെ മണ്ണ് സാക്ഷിയായി. കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടിഷ് പട്ടാളം വെടിവച്ചുകൊന്ന മലപ്പുറം കോട്ടക്കുന്നിലാണ് പേരമക്കളായ ഹാജറയും കുടുംബവും എത്തിയത്.
തന്റെ പിതാമഹന്‍ വീരമരണം വരിച്ച മണ്ണിലെത്തിയപ്പോള്‍ ഹാജറയുടെ കണ്ണുകള്‍ നിറഞ്ഞു, കണ്ഠമിടറി. അത് വിതുമ്പലായി മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ഖാലിദും സഹോദരി ജമീലയും ആശ്വസിപ്പിച്ചു.
ബ്രിട്ടിഷുകാരുടെ തോക്കിനു മുന്നിലും നെഞ്ചുവിരിച്ചുനിന്ന ധീരദേശാഭിമാനിയുടെ പേരമക്കളുടെ സംഗമത്തിന് സാക്ഷിയായവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. തങ്ങളുടെ വല്യുപ്പയെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഉപ്പാപ്പയായ ബീരാവുണ്ണി തന്നെ മടിയിലിരുത്തി പറഞ്ഞുകേള്‍പ്പിച്ച കഥകള്‍ ഹാജറ പറഞ്ഞു തുടങ്ങി.
ഇടക്കൊക്കെ ആ മിഴികള്‍ നിറഞ്ഞു. തങ്ങള്‍ ഏറെ അഭിമാനിക്കുന്ന നിമിഷങ്ങളാണിതെന്ന് പറഞ്ഞ ഹാജറ, ഒരുപാട് കാര്യങ്ങള്‍ പറയണമെന്ന് മനസിലുണ്ടെങ്കിലും അതിന് കഴിയുന്നില്ലെന്നും ഈ നാട് ഇത്രയേറെ ആദരിക്കുന്ന ധീരനാണ് തങ്ങളുടെ പിതാമഹനെന്നതില്‍ അളവറ്റ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 8.30ന് കോയമ്പത്തൂരിലെ പോത്തനൂരില്‍നിന്ന് 28 പേരാണ് വാഗണ്‍ ട്രാജഡിയുടെ ഓര്‍മകളുറങ്ങുന്ന തിരൂരിലെത്തിയത്. ഹാജറക്കൊപ്പം മാതാവ് ഫാത്തിമ, സഹോദരന്‍ ഖാലിദ്, സഹോദരി ജമീല, പിതൃസഹോദരന്‍ മൊയ്തീന്റെ മക്കളായ സല്‍മ, സക്കീന എന്നിവരും അവരുടെ ബന്ധുക്കളുമുണ്ടായിരുന്നു. രാവിലെ കോട്ടക്കലിലെ പറങ്കിമൂച്ചിയില്‍ വിശ്രമിച്ച ശേഷമാണ് കോട്ടക്കുന്നിലെത്തിയത്.
കൂടെയുള്ളവര്‍ ഓരോ ചരിത്രമിനിഷങ്ങളും പറഞ്ഞുകേള്‍പ്പിക്കുമ്പോള്‍ എല്ലാവരുടെയും മുഖത്ത് തികഞ്ഞ അഭിമാനം. കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടിഷുകാര്‍ വെടിവച്ചു കൊലപ്പെടുത്തിയപ്പോള്‍ മകന്‍ ബീരാന്‍കുട്ടി എന്ന ബീരാവുണ്ണിയെ ബെല്ലാരി ജയിലിലടക്കുകയായിരുന്നു. അവിടെ നിന്ന് പാളയംകോട്ട് ജയിലിലേക്ക് മാറ്റി. പാളയംകോട്ട് നിന്നാണ് കോയമ്പത്തൂരിലെ പോത്തനൂരിലെത്തുന്നത്. അദ്ദേഹത്തിന്റെ മകനാണ് ഹാജറയുടെ പിതാവ് മുഹമ്മദ്. 31 വര്‍ഷം മുമ്പാണ് മുഹമ്മദ് മരിച്ചത്. മുഹമ്മദിന്റെ സഹോദരന്‍ മൊയ്തീന്‍ അഞ്ച് മാസം മുമ്പ് വിടപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."