ചെറിയാന്‍ തറവാട്ടിലെത്തി
20 വര്‍ഷത്തിന് ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തെ ഇടതുബന്ധം മുറിച്ച് കോണ്‍ഗ്രസ് മുറ്റത്തെത്തി ചെറിയാന്‍ ഫിലിപ്പ്. കെ.പി.സി.സി പ്രസിഡന്റ് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ചെറിയാന്‍ ഫിലിപ്പ് തറവാട്ടിലേക്കു മടങ്ങുന്നുവെന്നും തന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസിലുണ്ടെന്നും പറഞ്ഞു. രാവിലെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ വീട്ടിലെത്തി കണ്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്.
'പതിറ്റാണ്ടുകളാണ് കോണ്‍ഗ്രസിന് വേണ്ടി ചെലവഴിച്ചത്. കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ചോരയും നീരുമൊഴുക്കി. കൊടിയ മര്‍ദനങ്ങള്‍ക്കും ഇരയായി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ അധികാര കുത്തകകള്‍ ഉയര്‍ന്നുവന്നു. സ്ഥിരമായി അധികാരത്തില്‍ ഒരേ ആളുകള്‍. അത് പാടില്ലെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. ഇതെല്ലാം കാരണമാണ് പാര്‍ട്ടി വിട്ടത്. അന്ന് ഞാന്‍ പറഞ്ഞ, അധികാര കുത്തകകളെല്ലാം അവസാനിപ്പിക്കണമെന്ന സന്ദേശം ഇന്ന് കോണ്‍ഗ്രസ് നടപ്പാക്കുകയാണ്. അതുകൊണ്ടാണ് തിരിച്ചുവരുന്നത്. സി.പി.എമ്മില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാല്‍ ശത്രുവായി മാറും. എന്നാല്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്'- ചെറിയാന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റു വിഷയത്തില്‍ സി.പി.എമ്മിനോട് ഇടഞ്ഞ ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നിരസിച്ചിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും രംഗത്തെത്തി. ചെറിയാന്റെ കോണ്‍ഗ്രസ് പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇന്നലെ ആന്റണിയെ കണ്ടശേഷം ഇനി പാര്‍ട്ടിക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എ.കെ ആന്റണി പറഞ്ഞു. കിട്ടേണ്ട പരിഗണന പാര്‍ട്ടിയില്‍ കിട്ടിയില്ല എന്ന മാനസിക പ്രയാസം ചെറിയാനുണ്ടായിരുന്നു. അങ്ങനെ വന്നപ്പോള്‍ വികാരപരമായി തീരുമാനമെടുത്തു. പാര്‍ട്ടി വിട്ടപ്പോള്‍ ചെറിയാനോട് പരിഭവം ഉണ്ടായിരുന്നു. ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. സി.പി.എമ്മുമായി അടുപ്പമുള്ളപ്പോഴും പാര്‍ട്ടി അംഗത്വമെടുത്തില്ലെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും ചെറിയാന്‍ എടുത്ത ഏക പാര്‍ട്ടി അംഗത്വം കോണ്‍ഗ്രസിന്റേതാണെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."