പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്‍വറിന്റെ ആക്ഷേപം സഭാരേഖകളില്‍നിന്ന് നീക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരേ പി.വി അന്‍വര്‍ ഉന്നയിച്ച ആക്ഷേപം നിയമസഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. പ്രതിപക്ഷ നേതാവിന് വ്യക്തിപരമായ വിശദീകരണത്തിന് അവസരം നല്‍കിയെങ്കിലും വിവാദ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെയാണ് സ്പീക്കറുടെ നടപടി.
സഭയില്‍ സംസാരിക്കുമ്പോള്‍ അംഗങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഓര്‍മിപ്പിച്ച സ്പീക്കര്‍ ഇവ പാലിക്കുന്നതില്‍ പലപ്പോഴും ചില അംഗങ്ങള്‍ പരാജയപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി. പാര്‍ലമെന്ററി മര്യാദകള്‍ ഉള്‍ക്കൊണ്ട് സഭയ്ക്കകത്തും പുറത്തും പെരുമാറാന്‍ ബാധ്യസ്ഥരാണെന്ന വസ്തുത സ്വയം വിമര്‍ശനമെന്ന നിലയില്‍ പങ്കുവയ്ക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
പി.വി അന്‍വര്‍ സഭാചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങളും അതേ വിഷയവുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന ചര്‍ച്ചയും പൂര്‍ണമായും രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നത് സംബന്ധിച്ച ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പി.വി അന്‍വര്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പ്രതിപക്ഷനേതാവിനെതിരേ ഉന്നയിച്ചത്. മണിചെയിന്‍ തട്ടിപ്പില്‍ സതീശനു പങ്കുണ്ടെന്ന, നേരത്തേ ഫേസ്ബുക്കില്‍ ഉന്നയിച്ച ആരോപണം അന്‍വര്‍ സഭയിലും ആവര്‍ത്തിക്കുകയായിരുന്നു. സഭാസമ്മേളനത്തില്‍ നിന്ന് അവധിയെടുത്തത് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്തതാണ് പി.വി അന്‍വറിനെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."