'അങ്ങനെയാണ് ചിത്രം കിട്ടിയത് '
'24 വയസുമുതല്‍ 34 വരെയുള്ള എന്റെ ജീവിതകാലയളവിന് ഞാന്‍ നല്‍കുന്ന പേര് വാരിയംകുന്നന്‍ എന്നാണ്...' വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന റമീസ് മുഹമ്മദ് തന്റെ ചരിത്രാന്വേഷണങ്ങളെ വിശേഷിപ്പിച്ചത് ഈ ഒരൊറ്റ വാചകത്തിലൂടെയാണ്. വാരിയന്‍കുന്നനെ സംബന്ധിച്ചുള്ള ഗവേഷണം, ചിത്രത്തിന്റെ ആധികാരികത തുടങ്ങിയവ സംബന്ധിച്ച് റമീസ് മുഹമ്മദ് സുപ്രഭാതം പ്രതിനിധി യു.എം മുഖ്താറിനോട് സംസാരിക്കുന്നു.
? വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള അന്വേഷണം എന്ന് മുതലാണ് തുടങ്ങിയത്.
= ഇംഗ്ലണ്ടില്‍ നഴ്‌സിങ് ജോലിചെയ്യുന്നതിനിടെ വായിച്ച പുസ്തകമാണ് വാരിയന്‍കുന്നനെക്കുറിച്ച് അന്വേഷിച്ചിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. ലോകം അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഏറ്റുമുട്ടി മലബാറില്‍ വാരിയന്‍കുന്നന്‍ സമാന്തര ഭരണകൂടം സ്ഥാപിച്ചുവെന്നും അങ്ങനെ ഒരു ഭരണം സ്ഥാപിച്ച ഏക ഇന്ത്യക്കാരനാണ് ഹാജിയാരെന്നുമുള്ള ആ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഏറെ ചിന്തിപ്പിച്ചു. ഇംഗ്ലണ്ടിലെ മൈനസ് ഡിഗ്രി താപനിലയിലും ഈ ചിന്ത ചൂടുപിടിപ്പിച്ചു. അതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളില്‍ പലരോടും സംസാരിച്ചു. കിട്ടാവുന്ന പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. അതിന് വേണ്ടിയുള്ള ത്വരയാണ് ഇംഗ്ലണ്ടും ജോലിയും ഉപേക്ഷിച്ച് വാരിയന്‍കുന്നനെക്കുറിച്ചുള്ള യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. സിനിമയെടുക്കലും പുസ്തകം എഴുതലും അന്ന് സ്വപ്നത്തില്‍ പോലും ആലോചിച്ചിരുന്നില്ല. ആകാംക്ഷയും കൗതുകവും മാത്രം! അന്വേഷണത്തില്‍ വാരിയന്‍കുന്നനെക്കുറിച്ച് ഒരു പുസ്തകം പോലും ലഭ്യമല്ലെന്ന് മനസിലായി.
? ഗവേഷണത്തിന്റെ ഘട്ടങ്ങള്‍...
= കേരളത്തിലെ വിവിധ ലൈബ്രറികള്‍ സന്ദര്‍ശിച്ച് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പരമാവധി ശേഖരിച്ച് വായിക്കാന്‍ ശ്രമിച്ചു. അന്വേഷണത്തിലെ ഓരോ വായനയും പരാമര്‍ശങ്ങളും ഞെട്ടിക്കുന്നതായിരുന്നു. 39 വര്‍ഷത്തെ ജീവിതംകൊണ്ട് ലോക വന്‍ശക്തിയെ വിറപ്പിച്ച ധീരനായ മാപ്പിള!
ആദ്യം തനിച്ചായിരുന്നു ഗവേഷണം. പിന്നീട് സുഹൃത്തുക്കള്‍ സഹായിച്ചു. സാമ്പത്തികമായും സഹായം ലഭിച്ചുതുടങ്ങി. ഗവേഷണത്തിന് പ്രൊഫഷനല്‍ രൂപംവന്നു. തുടര്‍നീക്കങ്ങള്‍ക്ക് ഗവേഷകസമിതിയെയും രൂപീകരിച്ചു. കാലിക്കറ്റ് ചരിത്രവിഭാഗം മേധാവി ശിവദാസന്‍, എ.കെ കോഡൂര്‍, അധ്യാപകനായ അനസ്, അലവി കക്കാടന്‍, അഷ്‌ക്കര്‍ ലെഷീരി, യൂസുഫലി, സി.പി ഇബ്രാഹീം, ജാഫര്‍ തുടങ്ങിയ നൂറുകണക്കിനാളുകളുടെ ശ്രമങ്ങളും ഇതിന് പിന്നിലുണ്ട്. നിരന്തര യാത്രകള്‍, സംഭാഷണങ്ങള്‍, അന്വേഷണങ്ങള്‍ നടത്തി. ഇതിലൂടെ വാരിയന്‍കുന്നന്‍ അമേരിക്കയ്ക്ക് അയച്ച സന്ദേശം, വാരിയന്‍കുന്നനെക്കുറിച്ച് ആസ്‌ത്രേലിയയിലും കാനഡയിലും ഫ്രാന്‍സിലും വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെയെല്ലാം ലഭിച്ചു. അതിനിടെയാണ് ഫോട്ടോയും ഞങ്ങളെ തേടിയെത്തിയത്.
വാരിയന്‍കുന്നനെ കൊലപ്പെടുത്തിയ ശേഷം ഭൗതികശരീരം നശിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ വിശദാംശങ്ങളും അറിഞ്ഞു. ഭൗതികശരീരം ഒരു പെട്ടിയില്‍ അടക്കംചെയ്ത് അതു കത്തിച്ച് അവശിഷ്ടം നശിപ്പിക്കുകയാണുണ്ടായത്. ഈ മനുഷ്യനെക്കുറിച്ചുള്ള ഒരുവിവരവും ഇനിയാര്‍ക്കും കിട്ടരുതെന്ന ഉദ്ദേശത്തോടെ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള ചുമതലയുണ്ടായിരുന്ന മലബാര്‍ സ്‌പെഷല്‍ പൊലിസ് മേധാവി ഹിച്ച്‌കോക്ക് നശിപ്പിച്ചു. ഹിച്ച്‌കോക്കിന്റെ ആ വാശി ഞാനൊരു വെല്ലുവിളിയായി ഏറ്റെടുത്തു. അതിന്റെ സാക്ഷാല്‍ക്കാരമാണിപ്പോള്‍ നടന്നത്.
? ഇപ്പോള്‍ പുറത്തുവിട്ട ചിത്രത്തില്‍നിന്ന് വ്യത്യസ്തമാണ് ചരിത്രത്തില്‍ വാരിയന്‍കുന്നന്റെ ആകാരവടിവ് സംബന്ധിച്ചുള്ള വിവരണങ്ങളെന്ന് അവകാശപ്പെട്ട് ചിത്രത്തിന്റെ ആധികാരികതയില്‍ പ്രമുഖ ചരിത്രകാരന്‍ അടക്കമുള്ളവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ വാരിയന്‍കുന്നന്റേതെന്ന് അവകാശപ്പെട്ട് ഒന്നിലധികം ചിത്രങ്ങളും പ്രചരിച്ചിരുന്നു...
= ഫ്രഞ്ച് മാഗസിനില്‍നിന്നാണ് ചിത്രം കണ്ടുകിട്ടിയത്. ചിത്രം പിന്നീട് ചരിത്രകാരന്മാര്‍, വിദഗ്ധര്‍, ഫൊറന്‍സിക് മേഖലയിലുള്ളവര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്തും വിശകലനം ചെയ്തും കൃത്യമായ പഠനം നടത്തിയുമാണ് സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ ഫോട്ടോ സംബന്ധിച്ച് ഇ. മൊയ്തു മൗലവി പറയുന്നുണ്ട്. വാരിയന്‍കുന്നനെ നേരിട്ട് കണ്ട വ്യക്തിയാണ് മൗലവി. മുഖത്ത് ധീരതയും ഗാംഭീര്യവും സ്ഫുരിച്ച മനുഷ്യന്‍ എന്നാണ് ഹാജിയാരെക്കുറിച്ച് അദ്ദേഹം പറയുന്നത്. മൗലവിയുടെ വിവരണത്തിനാണ് വിശ്വാസ്യത കൂടുതല്‍. മൗലവി വിവരിച്ച രൂപത്തോട് ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തിന് സാദൃശ്യമുണ്ട്. ഫോട്ടോയുടെ ആധികാരികത സംബന്ധിച്ച് ഹാജിയാരുടെ പേരമക്കളും സാക്ഷ്യപ്പെടുത്തി. ഒരു എളാപ്പയുടെ മുഖവും ഇതുപോലെയാണെന്ന് കുടുംബക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങളില്‍ ചിലര്‍ക്ക് ഇതുപോലെ സാദൃശ്യമുണ്ടെന്നും പറയുകയുണ്ടായി. അതിനെക്കാള്‍ വലിയ എന്ത് തെളിവാണ് ഇനി വേണ്ടത്?
? ഹാജിയാരെ പരാമര്‍ശിക്കുന്ന ദി ഗാര്‍ഡിയന്‍ 1959ല്‍ മാത്രമാണ് സ്ഥാപിച്ചതെന്നതടക്കമുള്ള വാദങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ കണ്ടെത്തലുകളെ ഒരുവിഭാഗം നിഷേധിക്കുന്നുണ്ട്.
= അതില്‍ വാസ്തവമില്ല. ദി ഗാര്‍ഡിയന്‍ പത്രം മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ എന്ന പേരില്‍ 1821ല്‍ സ്ഥാപിക്കപ്പെട്ടതാണ്. പുസ്തകത്തിന്റെ ഉള്ളില്‍ ഗാര്‍ഡിയനിലെ ചില കട്ടിങ്ങുകളുടെയും റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ് കൊടുത്തിട്ടുണ്ട്. അവിടെയെല്ലാം മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ എന്ന് തന്നെയാണ് കൊടുത്തത്. പക്ഷേ ഇപ്പോള്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഗാര്‍ഡിയന്‍ എന്നേ കൊടുത്തിട്ടുള്ളൂ. പണ്ട് ദീപിക പത്രത്തിന്റെ പേര് നസ്രാണി ദീപിക എന്നായിരുന്നു. ഇപ്പോള്‍ നമ്മള്‍ ദീപികയെക്കുറിച്ച് പറയുമ്പോള്‍ നസ്രാണി ദീപിക എന്ന് പറയാറില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."