ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
അഗര്‍ത്തല: ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.
ത്രിപുരയില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടക്കുകയും സ്വത്തുകള്‍ നശിപ്പിക്കുകയും ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നവംബര്‍ പത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ കണക്കും പ്രത്യേകം ബോധിപ്പിക്കണം.
വിഷയത്തില്‍ സ്വമേധയാ കേസെടുത്താണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് സുഭാശിഷ് തലപത്ര എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. ആളുകളെ തമ്മിലടിപ്പിക്കും വിധം സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണങ്ങളെക്കുറിച്ചും അവയ്‌ക്കെതിരേ എന്തു നടപടിയെടുത്തു എന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കണം.ത്രിപുരയിലെ ആക്രമണങ്ങളെക്കുറിച്ച് നേരത്തെ കോടതി വിശദീകരണം തേടിയിരുന്നു. ആരാധനാലയങ്ങള്‍ക്കും മറ്റും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകളില്‍ കേസെടുത്തിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതോടെയാണ് കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."