പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കണമെന്ന് ഗ്രൂപ്പുകൾ കെ.പി.സി.സി യോഗത്തിൽനിന്ന് സുധീരനും മുല്ലപ്പള്ളിയും വിട്ടുനിന്നു
തിരുവനന്തപുരം
കെ.പി.സി.സി പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായി ചേർന്ന നേതൃയോഗത്തിൽ ഒന്നിച്ച് ഗ്രൂപ്പുകൾ. സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് ഗ്രൂപ്പുകൾ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ കെ.പി.സി.സിക്ക് പിന്നാലെ ഡി.സി.സികളിലേക്കും സഹഭാരവാഹികളെ തീരുമാനിക്കുന്ന നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഗ്രൂപ്പുകൾ തങ്ങളുടെ ആവശ്യം ആവർത്തിച്ചത്.
കെ.ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാൻ തുടങ്ങിയ നേതാക്കൾ ശക്തമായാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, വിഷയം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ യോഗത്തെ അറിയിച്ചു. പാർട്ടി വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ മാത്രം ചർച്ചയാക്കണമെന്നും പുറത്തേക്ക് വലിച്ചിഴക്കരുതെന്നുമുള്ള ആവശ്യവും യോഗത്തിൽ ഉയർന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പരസ്യപ്രതികരണം നടത്തിയ സുധാകരന്റെ നടപടിയും യോഗത്തിൽ കടുത്ത വിമർശനത്തിനിടയാക്കി. സുധാകരൻ മത്സരിക്കാനുള്ള സാധ്യത അറിയിച്ചതിനാൽ സംഘടനാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനീങ്ങാൻ ഗ്രൂപ്പുകൾക്കിടയിൽ നേരത്തെതന്നെ ധാരണയായിരുന്നു.
പുനസംഘടനയ്ക്കെതിരേ പരസ്യവിമർശനം നടത്തിയ കെ.പി.സി.സി മുൻ അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എംസുധീരനും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഡൽഹിയിലുള്ള കെ. മുരളീധരൻ എം.പിയും യോഗത്തിൽ പങ്കെടുത്തില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മുരളീധരൻ നേരത്തെ അറിയിച്ചിരുന്നു. രണ്ടുദിവസത്തെ യോഗം ഇന്നും തുടരും.ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലെത്തിയ ചെറിയാൻഫിലിപ്പിന് ചടങ്ങിനോടനുബന്ധിച്ച് കെ.സുധാകരൻ പാർട്ടിയുടെ പ്രാഥമിക അംഗത്വം നൽകി. പുനഃസംഘടന വൈകിയതിനാലാണ് യോഗം ചേരുന്നതിനും കാലതാമസമുണ്ടായതെന്ന് കെ.സുധാകരൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."