'പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചു കൊടുക്കും പോലെ'- കേന്ദ്രത്തിന്റെ നികുതിയിളവ് പര്യാപ്തമല്ലെന്ന് ധനമന്ത്രി; കേരളം ഇന്ധന നികുതി കുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനം ഇന്ധനികുതി കുറക്കില്ലെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തിന്റെ നികുതിയിളവ് പര്യാപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചു കൊടുക്കും പോലെ മാത്രമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രത്യേക നികുതിയിളവ് സംസ്ഥാനത്തുണ്ടാവില്ല. കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഡീസലിന് രണ്ട് രൂപ 30 പൈസയോളവും പെട്രോളിന് ഒരു രൂപ 60 പൈസയോളവും സംസ്ഥാനം കുറച്ചിട്ടുണ്ട്. ഈ കുറവോടെയാണ് ഇന്ന് സംസ്ഥാനത്ത് പുതിയ വില നിലവില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.
'പെട്രോളിനും ഡീസലിനും ഏതാനും മാസങ്ങളായി 30 രൂപയോളമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് വിഹിതം കൊടുക്കേണ്ടതില്ലാത്ത പ്രത്യേക രീതിയിലാണ് വില വര്‍ധിപ്പിച്ചത്. അതില്‍ നിന്നാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണിത്'- മന്ത്രി ബാലഗോപാല്‍ പറഞ്ഞു. പോക്കറ്റില്‍ നിന്ന് പണമെല്ലാം എടുത്ത ശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണിത്.
ഈ വര്‍ഷം മാത്രം കഴിഞ്ഞ വര്‍ഷം കിട്ടിയിരുന്നതിനേക്കാള്‍ 6400 കോടി രൂപയാണ് സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയിനത്തില്‍ കുറവു വന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ആകെ നികുതി സംസ്ഥാനത്തിന് ലഭിക്കുന്നത് എണ്ണായിരം കോടിയോളം മാത്രമാണ്. കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രശ്‌നമാണ്.
ആനുപാതികമായ വിലക്കുറവാണ് സംസ്ഥാനം ഇപ്പോള്‍ വരുത്തിയത്. ഇത് വലിയ കുറവല്ലല്ലോയെന്ന് അഭിപ്രായമുണ്ടാകും. എന്നാല്‍, ആറ് വര്‍ഷമായി പെട്രോള്‍-ഡീസല്‍ നികുതി സംസ്ഥാനത്ത് വര്‍ധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറച്ചിട്ടുമുണ്ട് -ധനമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."