പുത്തന്‍തോപ്പ് ഉള്‍ക്കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; പതിനഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കഠിനംകുളം: പുത്തന്‍തോന്‍പ്പില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന പതിനഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ അഞ്ചരമണിയോടെ പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് തിരിച്ച ബീമാപള്ളി സ്വദേശിയുടെ ബീമാമാഹീന്‍ ബീമാപള്ളിയെന്ന താങ്ങുവല വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പെരുമാതുറ സ്വദേശികളായ ഷാക്കിര്‍, നാസിമുദ്ദീന്‍, ബീമാപള്ളി സ്വദേശികളായ ഹസ്സന്‍കണ്ണ്, റസാക്ക്, നജീബ്, ഷെഫീക്ക്, ഹസ്സന്‍, ഷംസുദ്ദീന്‍, സഫീര്‍, ഷെഫീര്‍, മന്‍മദ്, കബീര്‍, മൈതീന്‍, സഫറുള്ള ഉള്‍പ്പെടെ പതിനഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് പുത്തന്‍തോന്‍പ്പില്‍ കരയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള ഉള്‍ക്കടലിലാണ് വള്ളം മറിഞ്ഞത്. ശക്തമായ കാറ്റും, അടിയൊഴുക്കും, വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തിന്റെ ഭാരവും കാരണം വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
സംഭവം നടന്നയുടനെ വള്ളത്തിന്റെ വശത്ത് പിടിച്ചുകിടന്ന വള്ളമുടമ ഷംസുദ്ദീന്‍ തന്റെ പോക്കറ്റില്‍ പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണിലൂടെ മുതലപ്പൊഴി ഹാര്‍ബറിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഠിനംകുളം എസ്,ഐ ഹേമന്ത് കുമാറിന്റെ നിര്‍ദേശാനുസരണം മര്യനാടുള്ള ആറംഗ സംഘമടങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ വള്ളം മറിഞ്ഞിടത്തേക്ക് കുതിച്ചു. ഇതിനിടയില്‍ വിഴിഞ്ഞം തീരദേശ പൊലിസും സ്ഥലത്തെത്തി.
മറിഞ്ഞ വള്ളത്തില്‍ പിടിച്ച് അവശരായി കിടന്ന പതിനഞ്ചു പേരേയും രണ്ട് വള്ളങ്ങളിലായി വൈകിട്ട് നാലരയോടെയാണ് പുത്തന്‍തോപ്പ് തീരത്തെത്തിച്ചത്. ഇതില്‍ പരിുക്കേറ്റ അഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
സംഭവമറിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍, കടയ്ക്കാവൂര്‍ സി.ഐ മുകേഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് വന്‍ജനക്കൂട്ടവും കടല്‍ തീരത്ത് തടിച്ചുകൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."