ഒളിവു ജീവിതം; ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഒളിവിൽ പോയത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒന്നു മറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
സംസ്ഥാനത്ത് കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കേ കഴിഞ്ഞ വർഷം ജൂലൈയിൽ സ്വപ്ന സുരേഷ് ഒളിവിൽ പോയത് സംബന്ധിച്ച് കഴിഞ്ഞ മൂന്നിന് എൽദോസ് പി. കുന്നപ്പിള്ളിൽ ആണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
സ്വപ്ന സുരേഷ് ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്തുനിന്ന് ഒളിവിൽ പോയി കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒളിവിൽ താമസിച്ചിരുന്നോ..?, ഇവർ എവിടെയാണ് താമസിച്ചിരുന്നതെന്നും അവർക്ക് ഒളിത്താവളം ഒരുക്കിയത് ആരാണെന്നും വ്യക്തമാക്കാമോ..?, ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് ഇവർക്ക് ജില്ലാ അതിർത്തികൾ കടക്കാൻ സാധിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാമോ..? ഇവരെ സഹായിച്ച പൊലിസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടോ..? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം കൂടി ഒറ്റ ഉത്തരമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തത് എൻ.ഐ.എ ആണെന്നും മറ്റുവിവരങ്ങൾ കേരള പൊലിസിന് അറിയില്ലെന്നുമാണ് മറുപടി.
കഴിഞ്ഞ വർഷം ജൂലൈയിൽ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ പോയതിനു പിന്നാലെ കേരള പൊലിസും പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. അന്നത്തെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ചുമതല.
അന്നത്തെ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ വിജയ് സാഖറെയ്ക്കായിരുന്നു മേൽനോട്ടം. എന്നാൽ കേരള പൊലിസ് അന്വേഷണ സംഘത്തെ രൂപീകരിച്ചതും അവരുടെ കണ്ടെത്തലുകളും നിയമസഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."