സഊദി സാമ്പത്തിക പ്രതിസന്ധി : ഇന്ത്യന്‍ തൊഴിലാളികള്‍ ഇപ്പോഴും ദുരിതത്തിലെന്ന്
ജിദ്ദ: കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്. സഊദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഏഴു മാസത്തെ വേതനം ലഭിച്ചിട്ടില്ല. ഇവിടങ്ങളിലെ ഭൂരിഭാഗം ഇന്ത്യക്കാരും ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്കു തിരിച്ചുപോവുന്നതിനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. 2200 പേരാണ് ഫൈനല്‍ എക്‌സിറ്റ് ആഗ്രഹിക്കുന്നത്. 300 പേര്‍ മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് താല്‍പര്യപ്പെടുന്നു. 349 പേര്‍ ഇതിനകം സ്വദേശത്തേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.
സഊദിയില്‍ മുപ്പതു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ഇവരില്‍ 12 ലക്ഷഷം പേര്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കഴിയുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സഊദിയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം അഞ്ചു ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
സഊദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിക്കുമെന്ന് മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. എണ്ണയാവശ്യത്തിന്റെ പകുതിയിലധികം ഇന്ത്യ വിദേശങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുകയാണ്. പെട്രോള്‍ അടക്കമുള്ള സഊദി ഉല്‍പന്നങ്ങളുടെ പ്രധാന വിപണിയാണ് ഇന്ത്യ. അതുകൊണ്ടു തന്നെ സഊദിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധത്തില്‍ വരുംകാലത്ത് വലിയ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് പ്രമുഖ കമ്പനികളില്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ തുടരുന്നു. നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് ദിനേന നാട്ടിലേക്ക് മടങ്ങാന്‍ തയാറായി നില്‍ക്കുന്നത്. അല്‍കോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മലയാളികളടക്കമുള്ള 300 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇതിനുപുറമെ 400 തൊഴിലാളികള്‍ക്ക് കൂടി എക്‌സിറ്റ് അടിക്കാനുള്ള നോട്ടിസും കൈമാറിയയിട്ടുണ്ട്.
പല പ്രമുഖ കമ്പനികളിലും തൊഴിലാളികള്‍ക്കുള്ള ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ദമ്മാമിലെ പ്രമുഖ കരാര്‍ സ്ഥാപനത്തിലെ ഇരുനൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍ കഴിഞ്ഞ പതിനൊന്നു മാസമായി ശമ്പളമില്ലാതെ പ്രയാസപ്പെടുകയാണ്. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി ഉടമയുടെ മക്കള്‍ തമ്മിലുണ്ടായ സ്വത്തവകാശ തര്‍ക്കം മൂലമാണ് കമ്പനി നിയമക്കുരുക്കില്‍ പെടുന്നത്. സഊദിയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടുകയും ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മേഖലകളിലേക്ക്
ദമ്മാം: സഊദിയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ ആരോഗ്യ മേഖലയും ശമ്പള കുടിശിക പ്രശനത്തിലേക്ക് കടന്നു. കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരടക്കമുള്ള തൊഴിലാളികളാണ് ശമ്പള തടസം കാരണം ജോലിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചത്. മൂന്നു ദിവസം ജോലിയില്‍ നിന്നും വിട്ടുനിന്ന് പ്രതിഷേധിക്കുകയും സഹായം ആവശ്യപ്പെട്ടു തൊഴില്‍ മന്ത്രാലയത്തിലേക്ക് ഇവര്‍ പരാതി സമര്‍പ്പിക്കുകയുമായിരുന്നു. തൊഴിലാളികളുടെ പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നും തൊഴില്‍ കമ്മിഷന് പരാതി കൈമാറിയതായും കിഴക്കന്‍ പ്രവിശ്യ ലേബര്‍ ബയോരോ മാധ്യമ വക്താവ് നദ മന്‍സൂര്‍ വ്യക്തമാക്കി. പരാതി അനുകൂലമായ സ്ഥിതിയില്‍ പരിഗണനയിലാണ്.
കഴിഞ്ഞ മൂന്നു മാസങ്ങളായി ചിലരുടെ ശമ്പളം അധികൃതര്‍ നല്‍കിയിട്ടില്ലെന്നു ആശുപത്രി തൊഴിലാളി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."