എൽ.ജെ.ഡി പിളർപ്പിലേക്ക്; ശ്രേയാംസിന് വിമതരുടെ അന്ത്യശാസനം
തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഉടലെടുത്ത തർക്കത്തിനൊടുവിൽ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി ശെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം തിരുവനന്തപുരത്ത് യോഗം ചേർന്ന് സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ്‌കുമാറിനെ തള്ളിപ്പറഞ്ഞു.
ശ്രേയാംസ് കുമാറുമായി യോജിച്ചുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ച വിമതർ പാർട്ടി അധ്യക്ഷപദവിയിൽനിന്ന് രാജിവയ്ക്കാൻ ശ്രേയാംസിനോട് ആവശ്യപ്പെടുകയും ചയ്തു. ശനിയാഴ്ചയ്ക്ക് മുമ്പായി രാജിവയ്ക്കണമെന്നാണ് വിമതരുടെ അന്ത്യശാസസനം. ഒന്നിച്ചു പോകണമെന്നാണ് എൽ.ജെ.ഡി നേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നലെ രാവിലെ വരെ ദേശീയ സെക്രട്ടറി വർഗീസ് ജോർജ് അനുരഞ്ജന നീക്കം നടത്തിയെങ്കിലും ഫലം കാണാതിരുന്നതോടെയാണ് ശെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഭാരവാഹി യോഗം ചേർന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ ശ്രേയാംസ് തയാറാകുന്നില്ലെന്നും ഒൻപതു മാസമായി യോഗം ചേർന്നിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിമതർ സ്വന്തം നിലയ്ക്ക് ഭാരവാഹികളുടെ യോഗം വിളിച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സുരേന്ദ്രൻ പിള്ള കൺവീനറായി പുതിയ സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പുതിയ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ കൺവെൻഷൻ വിളിച്ചുചേർക്കാനും തീരുമാനമായി. കെ.പി മോഹനനും വർഗീസ് ജോർജും തങ്ങൾക്കൊപ്പമാണെന്നും ഇവർ അവകാശപ്പെട്ടു.ബോർഡ്, കോർപറേഷൻ വിഭജനത്തിൽ ശ്രേയാംസ്‌കുമാർ പാർട്ടി താൽപര്യം സംരക്ഷിച്ചില്ലെന്നും രാജ്യസഭാ സീറ്റ് നിലനിർത്താൻ അദ്ദേഹം താൽപര്യങ്ങൾ ബലികഴിച്ചെന്നുമുൾപ്പെടെയുള്ള പരാതികളാണ് പ്രധാനമായും വിമതർക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."