ആഹ്ലാദിക്കട്ടെ, മലയാളി ഫേസ്ബുക്ക് കർഷകരും
കർഷകവിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്ര ഭരണകൂടത്തിന്റെ പ്രഖ്യാപനം വന്നപ്പോൾ രാജ്യമെങ്ങും കർഷകർ സമരവിജയത്തിന്റെ ആഹ്ലാദത്തിലാണ്. ഏറ്റവുമധികം ആഹ്ലാദാരവങ്ങളുയരുന്നത് കേരളത്തിൽനിന്നാണെന്നതിൽ നമ്മൾ മലയാളികൾക്ക് തീർച്ചയായും അഭിമാനിക്കാം. അതങ്ങനെ തന്നെയാണ് വേണ്ടതും. ഈ സമരത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് മലയാളികളാണല്ലോ.
ഇതു കേൾക്കുമ്പോൾ കേരളത്തിൽ കർഷകർ വളരെ കുറവാണല്ലോ എന്നും ഉള്ളവർ തന്നെ സമരത്തിനു പോയിട്ടില്ലല്ലോ എന്നുമൊക്കെ ചിലരെങ്കിലും നെറ്റിചുളിച്ചേക്കും. കാര്യങ്ങൾ ശരിക്കു മനസ്സിലാക്കാത്തതുകൊണ്ടാണ് അവർ ഇങ്ങനെ ശങ്കിക്കുന്നത്. കൃഷി ഉപജീവനമാക്കി നിത്യവും മണ്ണിലിറങ്ങി പണിയെടുക്കുന്നവർ ഇവിടെ കുറവായിരിക്കും. അതുപോലെ ഡൽഹിയിൽ പോയി സമരം ചെയ്ത മലയാളികളും ഏറെ കുറവായിരിക്കും. അതിനർഥം ഇവിടെ കർഷകരില്ലെന്നും ആരും സമരം ചെയ്തിട്ടില്ലെന്നും ഒന്നുമല്ല.
കുടിയേറ്റ കർഷകർ, മലയോര കർഷകർ, കായൽ കർഷകർ എന്നൊക്കെ പറയുന്നതുപോലെ കേരളത്തിലെ കാർഷിക മേഖലയിൽ പ്രബലമായൊരു വിഭാഗമാണ് ഫേസ്ബുക്ക് കർഷകർ. ഇക്കൂട്ടർ ഇന്ത്യയിൽ ഏറ്റവുമധികമുള്ളത് കേരളത്തിലാണ്. അവർ കൃഷി ചെയ്യുന്നത് ശ്രദ്ധിക്കാത്തതുകൊണ്ടാണ് പലരും ഇങ്ങനെയൊക്കെ പറയുന്നത്. അവരെല്ലാം കൃഷി ചെയ്യുന്നുണ്ട്. വീട്ടുമുറ്റത്തോ ടെറസിലോ ഫ്‌ളാറ്റിന്റെ ബാൽക്കണിയിലോ ഒക്കെയായി മൂന്നോ നാലോ കാരിബാഗുകളിൽ, അല്ലെങ്കിൽ ചെടിച്ചട്ടികളിൽ. അതിൽ ഓരോ വിളയുടെയും നാലോ അഞ്ചോ ആംഗിളുകളിലുള്ള ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തള്ളാനുമൊക്കെ അവർ അതീവ ജാഗ്രത പുലർത്താറുണ്ട്. അവരുടെ കൃഷിയെന്ന കുറിപ്പോടെ.
അവരുടെ സംഭാവന കേരളത്തിന് ഏറ്റവുമധികം കിട്ടുന്നത് കർഷക ദിനത്തിലാണ്. സ്വന്തം വിളയ്ക്കു പുറമെ ആരാന്റെ പറമ്പിലെ വിളയുടെ കൂടി ചിത്രമെടുത്ത് അവർ സമൃദ്ധമായി പോസ്റ്റ് ചെയ്യും. കർഷകരുടെ മാഹാത്മ്യത്തെയും വിയർപ്പിന്റെ മൂല്യത്തെയുമൊക്കെ നന്നായി പാടിപ്പുകഴ്ത്തും. ഇവരെയൊക്കെ അറിയാത്തതുകൊണ്ടാണ് പലരും കേരളത്തിൽ കർഷകരില്ലെന്നൊക്കെ പറയുന്നത്.
അതുപോലെ കർഷക സമരത്തിൽ അവർ വഹിച്ച പങ്കും വലുതാണ്. അവരാരും ഡൽഹിയിലേക്ക് പോയിട്ടില്ലെന്നത് നേരാണ്. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ തൊഴിലാളികളും സാമൂഹ്യപ്രവർത്തകരുമൊക്കെ സംഘടിപ്പിച്ച സമരപരിപാടികളിലും അവരെ കണ്ടിട്ടുണ്ടാവില്ല. എന്നാൽ തെരുവിലിറങ്ങൽ മാത്രമല്ലല്ലോ സമരം. സമൂഹമാധ്യമങ്ങളിൽ അവർ രാപകൽ സമരത്തിലായിരുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അവർ തള്ളിയ അതിധീര മുദ്രാവാക്യങ്ങളുടെ പത്തിലൊന്നുപോലും ഡൽഹിയിലെ സമരഭൂമിയിൽ സമരം ചെയ്ത കർഷകർ വിളിച്ചുകാണില്ല.
അല്ലെങ്കിലും ഇന്നത്തെ കാലത്ത് സമരം ചെയ്യാൻ തെരുവിലിറങ്ങി വെയിലുകൊള്ളേണ്ട കാര്യമൊന്നുമില്ലെന്നും അതിവിശാലമായ സമൂഹമാധ്യമ ഇടങ്ങളാണ് ഇപ്പോൾ ഏറ്റവും വലിയ സമരഭൂമിയെന്നുമൊക്കെ ഫേസ്ബുക്ക് കർഷക പോരാളികൾക്ക് നന്നായറിയാം. പിന്നെ കേരളത്തിൽ കർഷകരേക്കാൾ എണ്ണത്തിൽ കൂടുതലുള്ള കർഷക സംഘടനാ നേതാക്കളും ഡൽഹിയിൽ പോയി സമരം ചെയ്തിട്ടില്ല. തെരുവിൽ ചാനൽ, പത്ര കാമറക്കാർ എത്തുന്നതു വരെ മാത്രം നീളുന്ന സമരവും പിന്നെ സമൂഹമാധ്യമ സമരവുമാണ് അവരും നടത്തിയത്.
എന്നുകരുതി ഡൽഹിയിൽ കർഷകർ സഹിച്ച ത്യാഗങ്ങൾ കേരള ഫേസ്ബുക്ക് കർഷകരെ ആവേശംകൊള്ളിച്ചിട്ടില്ലെന്നൊന്നും ആരും ധരിച്ചേക്കരുത്. അവിടെ തെരുവിൽ കർഷകർ ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും സമരഗാഥകളെക്കുറിച്ച് നെടുനീളൻ കുറിപ്പുകളും കർഷകരുടെ വിണ്ടുകീറിയ പാദങ്ങളും ഗാന്ധിജി മുതൽ മാവോ വരെയുള്ളവരുടെ സമരാഹ്വാനങ്ങളും പോസ്റ്റ് ചെയ്യുന്നതിൽ അവർ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല.
ഇതൊക്കെയാണെങ്കിലും കേരളത്തോടുള്ള സ്‌നേഹത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്തവരുമാണ് ഫേസ്ബുക്ക് കർഷകർ. കേരളത്തിനു പുറത്ത് റോഡ് ഉപരോധിച്ചും മറ്റും നടക്കുന്ന സമരങ്ങൾക്ക് ആവേശത്തോടെ പിന്തുണ നൽകുമ്പോൾ തന്നെ ഇവിടെ അതൊന്നും പാടില്ലെന്നും മലയാളികളുടെ വിലപ്പെട്ട സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൂടെന്നുമുള്ള അഭിപ്രായക്കാരുമാണവർ. ഇവിടെ അതുപോലുള്ള സമരങ്ങൾക്കു നേരെ ആക്രോശിക്കുന്ന ജോജുമാരെ പിന്തുണച്ചും അവർ പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും.
കോൺഗ്രസിന് ഇനി
ആശ്വസിക്കാം
പല സംസ്ഥാനങ്ങളിലും തുടർച്ചയായി ഭരണം നഷ്ടപ്പെട്ട് കേരളത്തിലെന്നപോലെ ''സെമി കേഡർ'' ആയിക്കിടക്കുന്ന കോൺഗ്രസിനെ നടുക്കിയ ഒരു വാർത്ത കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നിരുന്നു. അടുത്തുതന്നെ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണയായി എന്നായിരുന്നു വാർത്ത. കോൺഗ്രസ് നടുങ്ങാൻ ഇതിലപ്പുറം എന്തുവേണം.
തൊഴിലാളിവർഗവും കർഷകരും ധാരാളമുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം സി.പി.എം വലിയ ജനപിന്തുണയുള്ള പാർട്ടിയാണ്. അത് നമ്മൾ അറിയാതിരിക്കുന്നത് വിനയം കാരണം നേതാക്കൾ പാർട്ടിയുടെ ശക്തി പുറത്തുപറയാതിരിക്കുന്നതുകൊണ്ടാണ്. അവിടങ്ങളിലെല്ലാം സി.പി.എമ്മുമായി സഖ്യമുണ്ടാക്കി വൻ വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ഇതിൽ കോൺഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന പഞ്ചാബിൽ പാർട്ടി ഗ്രൂപ്പും പിളർപ്പുമൊക്കെയായി വലിയ പ്രതിസന്ധി നേരിടുകയാണ്. അവിടെ ഭരണത്തുടർച്ച നേടാൻ നന്നായി പാടുപെടേണ്ട അവസ്ഥയാണ്. സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയാൽ കോൺഗ്രസിന് നിലവിൽ കൈവശമുള്ള സീറ്റുകളിൽ പാട്ടുംപാടി ജയിക്കാം. കുറേയധികം സീറ്റുകൾ കൂടുതലായി കിട്ടുകയും ചെയ്യും. ആ സ്വപ്‌നമാണ് പി.ബി തകർത്തുകളഞ്ഞത്.
യു.പി ഒരുപാട് വലിയ സംസ്ഥാനമായതുകൊണ്ടുതന്നെ അവിടെ സി.പി.എമ്മിന് വളരെയേറെ സ്വാധീനമുണ്ട്. ഒരുപാടു കാലമായി കോൺഗ്രസ് അധികാരത്തിനു പുറത്തുനിൽക്കുന്ന അവിടെ ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞത് എസ്.പിയെയും ബി.എസ്.പിയെയും മാത്രം ഉദ്ദേശിച്ചാണ്. സി.പി.എമ്മിനെ ഉദ്ദേശിച്ചിട്ടേയില്ല. സി.പി.എമ്മുമായി സഖ്യമുണ്ടാക്കി അവിടെ അധികാരത്തിൽ തിരിച്ചെത്താമെന്ന മോഹത്തിലാണ് പ്രിയങ്ക. ആ മോഹവും പി.ബി തകർത്തുകളഞ്ഞു. അല്ലെങ്കിലും തകരണം, തകർക്കണം എന്നത് കമ്യൂണിസ്റ്റുകാരുടെ പരമ്പരാഗത മുദ്രാവാക്യമാണല്ലോ.
ഉത്തർപ്രദേശിലെയത്ര ശക്തിയില്ലെങ്കിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമൊക്കെ തന്നെ നിർണായക സ്വാധീനമുള്ള പാർട്ടി തന്നെയാണ് സി.പി.എം. ഇവിടങ്ങളിലും സി.പി.എം പിന്തുണയോടെ വെന്നിക്കൊടി പാറിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. അതിനിടയിലാണ് പി.ബിയിലെ ധാരണയെക്കുറിച്ചുള്ള വാർത്ത ഇടിത്തീ പോലെ കോൺഗ്രസിന്റെ തലയിൽ വന്നുവീണത്. സോണിയാഗാന്ധി മുതൽ രമേശ് ചെന്നിത്തല വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ഇതുകേട്ട് ഖിന്നരും മ്ലാനവദനരുമായെന്നു കേൾക്കുന്നു. എങ്ങനെയെങ്കിലും സി.പി.എം നേതാക്കളെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാൻ അടിയന്തര പ്രവർത്തകസമിതി യോഗം വിളിക്കാൻ ഹൈക്കമാൻഡ് ആലോചിച്ചതായും കിംവദന്തിയുണ്ട്.
എന്നാൽ അതിന്റെയൊന്നും ആവശ്യമുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോൺഗ്രസിന് ആശ്വാസകരമായൊരു വാർത്ത പുറത്തുവന്നു. പി.ബി യോഗത്തിന്റെ അവസാന ഘട്ടത്തിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതായി വിലയിരുത്തിയെന്നും വേണമെങ്കിൽ കോൺഗ്രസുമായി പോലും സഖ്യമാവാമെന്നും അതു പരസ്യമായി പറയാതിരുന്നാൽ മതിയെന്നുമുള്ള തീരുമാനത്തിൽ എത്തിയെന്നുമുള്ള വാർത്ത. പല കാര്യങ്ങളും ആളുകൾ ഇങ്ങനെ പുറത്തുപറയാതെ ചെയ്യാറുണ്ടല്ലോ. ഇതുകേട്ടതോടെ കോൺഗ്രസ് നേതാക്കളുടെ ശ്വാസോച്ഛാസം സാധാരണ നിലയിലായെന്നും കേൾക്കുന്നു.
ഇനിയിപ്പോൾ ഈ അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് സി.പി.എമ്മുമായി സഖ്യമുണ്ടാക്കി വൻവിജയം നേടുമെന്ന് നമുക്കങ്ങ് ഉറപ്പിക്കാം. കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണത്രെ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് സി.പി.എം ഈ വീടിന്റെ ഐശ്വര്യമെന്ന ബോർഡ് വയ്ക്കാനും ത്രിവർണ പതാകയോടു ചേർത്ത് ചെങ്കൊടി കെട്ടാനുമൊക്കെ തീരുമാനിച്ചതായും വേറൊരു വാർത്തയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."