തെരഞ്ഞെടുപ്പ് അട്ടിമറിക്കാറ്റില്‍ കടപുഴകിയ വന്‍മരങ്ങള്‍
കോഴിക്കോട്: ഒട്ടേറെ കൗതുകങ്ങള്‍ നിറഞ്ഞതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. അണികളുടെ വീരനായകര്‍ ആയിരിക്കുമ്പോഴും തെരഞ്ഞെടുപ്പ് ഗോദയില്‍ കാലിടറിവീണ പ്രമുഖര്‍ ഏറെയാണ്. മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനും ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചിട്ടുണ്ട്.
സംസ്ഥാനം കണ്ട ശ്രദ്ധേയമായ അട്ടിമറികളിലൊന്നായിരുന്നു 1971ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലേത്. ഇടതുപക്ഷം വലിയ ഭൂരിപക്ഷം നേടിയിരുന്ന ഈ മണ്ഡലത്തില്‍ മത്സരിക്കാനായി നെഹ്റുവിനെ എ.കെ.ജി വെല്ലുവിളിച്ചത് ചരിത്രമാണ്. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി ഇ.കെ നായനാരെ പരാജയപ്പെടുത്തി. നായനാരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏക തോല്‍വിയും ഇതായിരുന്നു.
1977ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവുമായി ചേര്‍ന്ന് മത്സരിച്ച സി.പി.എമ്മിന് പാലക്കാട്ടെ തോല്‍വി ഏറെ നാണക്കേടുണ്ടാക്കി. സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന ടി. ശിവദാസമേനോനെ കോണ്‍ഗ്രസിലെ എ. സുന്നാ സാഹിബാണ് പരാജയപ്പെടുത്തിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ എ.കെ ഗോപാലന്‍ ജയിച്ച മണ്ഡലത്തിലാണ് ജനസംഘത്തിന്റെ പിന്തുണയുണ്ടായിട്ടും ശിവദാസമേനോന്‍ തോറ്റത്.
രാഷ്ട്രീയ ചാണക്യനെന്ന് വിശേഷണമുള്ള ലീഡര്‍ കെ. കരുണാകരന്‍ 1996ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടത് അദ്ദേഹത്തിനും കോണ്‍ഗ്രസിനുമുണ്ടാക്കിയ ആഘാതം ചെറുതല്ല. അന്ന് സി.പി.ഐയിലെ വി.വി രാഘവനോട് മത്സരിച്ച് തോറ്റത് 1,480 വോട്ടിനാണ്.
1996ലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ് അച്യുതാനന്ദന്‍ തോറ്റത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു വി.എസ്. പാര്‍ട്ടിയിലെ ഒരുവിഭാഗം കാലുവാരിയതാണ് വി.എസിന് വിനയായത്.
മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമാണ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തിലുണ്ടായ തോല്‍വി. മുസ് ലിം ലീഗ് വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ഡോ. കെ.ടി ജലീലാണ് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയത്. 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച രമേശ് ചെന്നിത്തലയ്ക്ക് സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് അടിയറവ് പറയേണ്ടിവന്നു.
പാളിപ്പോയ വടക്കാഞ്ചേരി പരീക്ഷണം
മന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ കെ. മുരളീധരന് രാജിവയ്ക്കേണ്ടിവന്നത് സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാര ഫോര്‍മുലയുടെ ഭാഗമായി എം.എല്‍.എ അല്ലാത്ത കെ. മുരളീധരന്‍ 2004 ഫെബ്രുവരി 11ന് എ.കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു. മുരളീധരന് നിയമസഭയിലെത്താന്‍ വടക്കാഞ്ചേരി എം.എല്‍.എ വി. ബാലറാം രാജിവച്ചു. അവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അന്ന് സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീനോട് മുരളീധരന്‍ പരാജയപ്പെടുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. വടക്കാഞ്ചേരി മണ്ഡലം വിട്ടുനല്‍കിയതിന് പാരിതോഷികമായി വി. ബാലറാമിന് കോഴിക്കോട് ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. എന്നാല്‍ ബാലറാമിനും ജയിക്കാനായില്ല. അതോടെ ഈ നീക്കം പൂര്‍ണ പരാജയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."