മലയോര നെല്‍കര്‍ഷകര്‍ പിന്‍വാങ്ങുന്നു കാര്‍ഷികമേളകള്‍ വഴിപാട്
ശ്രികണ്ഠപുരം: മലയോര മേഖലയുടെ നെല്ലറകളെന്നു വിളിപ്പേരുള്ള പ്രദേശങ്ങളില്‍ നെല്‍കര്‍ഷകര്‍ കൃഷിയില്‍ നിന്നു പതിയെ പിന്‍വാങ്ങുന്നു. കാര്‍ഷികമേളകള്‍ ആര്‍ഭാടത്തോടെ നടത്തുന്ന നാട്ടിലാണ് തൊഴിലാളി ക്ഷാമവും നെല്‍ച്ചെടികളെ ബാധിക്കുന്ന അപൂര്‍വ രോഗവും കാരണം കര്‍ഷകര്‍ നെല്‍കൃഷി നിര്‍ത്തുന്നത്. മലപ്പട്ടം, കൊവുന്തല, അടിച്ചേരി, മടമ്പം, ചെങ്ങളായി, അഡൂര്‍, പെരിങ്കോന്ന്, തവറൂല്‍, പരിപ്പായി,ചുഴലി, പാറ്റക്കാടി, കൊയ്യം, മുക്കാടം, മുങ്ങം തുടങ്ങിയ സ്ഥലങ്ങള്‍ ഒരുകാലത്ത് നെല്ലറകളെന്നു പേരുകേട്ടവയായിരുന്നു.
ഒന്നും രണ്ടും മൂന്ന് വിളകള്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാതെ പാടങ്ങള്‍ തരിശായി കിടക്കുകയാണ്. യന്ത്രങ്ങള്‍ വ്യാപകമായെങ്കിലും ഇതുപയോഗിച്ചാല്‍ മുടക്ക് മുതലിന്റെ പകുതി പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഹെക്ടര്‍ കണക്കിന് വയലുകളില്‍ കൃഷി നടത്തി ബോണസ് പോലും വാങ്ങിയ കര്‍ഷകരുള്ള ചെങ്ങളായിയില്‍ ആ പഴയ പ്രതാപമില്ലാതായിരിക്കുകയാണ്. നെല്‍കൃഷിയെ ആശ്രയിച്ച് ജിവിക്കുന്ന ഒരു പാട് കര്‍ഷകരും, തൊഴിലാളികളുമുള്ള മലപ്പട്ടം പഞ്ചായത്തില്‍ ക്ലേശങ്ങള്‍ സഹിച്ച് ഇപ്പോഴും പഴയ തലമുറ കൃഷിയിലുണ്ടെങ്കിലും വിളകളുടെ എണ്ണം കുറഞ്ഞു. കൊല്ലത്തോടു കൊല്ലം തിന്നാനുള്ളതും, വില്‍ക്കാനുള്ളതുമായ നെല്ലു ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. എന്നാല്‍ കൃഷി ഇപ്പോള്‍ നഷ്ടത്തിലായെന്നും ശീലിച്ചത് കൊണ്ടുമാത്രം നഷ്ടമായാലും നിര്‍ത്താന്‍ തോന്നുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ലക്ഷങ്ങള്‍ മുടക്കി കാര്‍ഷികമേളകള്‍ നടത്തുന്ന കൃഷിവകുപ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതും കര്‍ഷകരുടെ മനസുമടുക്കാന്‍ കാരണമായി. ഇതേരീതിയില്‍ പോവുകയാണെങ്കില്‍ ശ്രികണ്ഠപുരം മേഖലയിലെ നെല്‍പാടങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ കൈയടക്കി കെട്ടിടങ്ങള്‍ ഉയര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."