ലീഗ് എന്താണെന്ന് ഇ.എം.എസിനെയും നായനാരെയും ബോധ്യപ്പെടുത്തികൊടുത്തതാണ്; മുഖ്യമന്ത്രിക്കു മറുപടിയുമായി സലാം, നടന്നത് സമരപ്രഖ്യാപനം മാത്രമാണെന്നും മുന്നറിയിപ്പ്
കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെതിരേ വാളെടുത്ത മുഖ്യമന്ത്രിക്ക് മറുപടിയുമായി ലീഗ് ആക്ടിംഗ് സെക്രട്ടറി പി.എം.എ സലാം. മുസ്ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി.
ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിംലീഗ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണെന്നും
വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്...ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുസ്ലിംകളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗ് കൊണ്ടു നടക്കേണ്ടെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മതസംഘടനകള്‍ക്ക് പ്രശ്നങ്ങളില്ല. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. മതസംഘടനകള്‍ക്ക് എല്ലാം മനസിലായി. ലീഗുകാര്‍ക്ക് മാത്രമാണ് ഒന്നും മനസിലാകാത്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വഖ്ഫ് ബോര്‍ഡ് സംരക്ഷണറാലി സര്‍ക്കാരിനു താക്കീതായി മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."