പൊതുപരിപാടികളില്‍ 300 പേര്‍, അടച്ചിട്ട സ്ഥലങ്ങളില്‍ 150 പേര്‍, വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 200 പേര്‍ക്കും മാത്രം അനുമതി
തിരുവനന്തപുരം: തുറന്ന ഇടങ്ങളിലെ പൊതുപരിപാടികളില്‍ പരമാവധി 300 പേര്‍ക്കും അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കാന്‍ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരില്‍ പൊതു ധാരണ ഉണ്ടാക്കണം. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. കോവിഡ് ധനസഹായം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങള്‍ നടത്താം. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 200 പേര്‍ക്കും അടഞ്ഞ ഇടങ്ങളില്‍ പരമാവധി 100പേര്‍ക്കും അനുമതിയെന്ന നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കിലും ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 97ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനും 70ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കാനുണ്ട്. അത് എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളില്‍ ജനിതക സീക്വന്‍സിംഗ് വര്‍ധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. വീടിന് പുറത്ത് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മൂന്ന് ലയര്‍ മാസ്‌കോ എന്‍ 95 മാസ്‌കോ ധരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."