ബലാത്സംഗം തടയാവുന്നില്ലെങ്കില്‍ ആസ്വദിക്കൂ എന്ന് കര്‍ണാടക മുന്‍സ്പീക്കര്‍; വിമര്‍ശനം രൂക്ഷമായതോടെ മാപ്പു പറച്ചില്‍
ബംഗളൂരു: ബലാത്സംഗവുമായി ബന്ധപ്പെട്ട സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്‍ രമേഷ് കുമാര്‍. ഒഴിവാക്കാനോ തടയാനോ കഴിയാത്ത സന്ദര്‍ഭമാണെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നാണ് കര്‍ണാടക നിയമസഭ മുന്‍ സ്പീക്കറുമായ രമേഷ് കുമാര്‍ വ്യാഴാഴ്ച നിയമസഭയില്‍ സംസാരിക്കവെ പറഞ്ഞത്. നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് രമേഷ് കുമാര്‍ ട്വിറ്ററിലൂടെ മാപ്പപേക്ഷ നടത്തുകയായിരുന്നു.
'നിയമസഭയില്‍ ബലാത്സംഗം എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ ഉദാസീനവും അശ്രദ്ധവുമായ പ്രസ്താവനയില്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ക്രൂരമായ ഒരു കുറ്റകൃത്യത്തെ നിസാരമാക്കിയതല്ല. ഒന്നും ചിന്തിക്കാതെയാണ് ഞാനത് പറഞ്ഞത്. ഇനി എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കും'' രമേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ വിശ്വേശ്വര ഹെഗ്‌ഡെ കഗേരിയോട് എം.എല്‍.എമാര്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയെ അപലപിക്കുന്നതിനുപകരം സ്പീക്കറുള്‍പ്പെടെ സഭയിലെ മറ്റ് അംഗങ്ങള്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
ഇതാദ്യമായല്ല രമേഷ് കുമാര്‍ ഇത്തരത്തില്‍ ലൈംഗിക പരാമര്‍ശം ഉന്നയിക്കുന്നത്. മുമ്പ് കര്‍ണാടക നിയമസഭാ സ്പീക്കറായിരിക്കെ ബലാത്സംഗത്തെ അതിജീവിച്ചയാളുമായി അദ്ദേഹം തന്നെ താരതമ്യം ചെയ്തിരുന്നു. മൈസുരുവില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിയമസഭയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം. പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമസഭാംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കുകയും പ്രസ്താവനയെ അപലപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."