കവർന്നെടുക്കപ്പെടുന്ന ന്യൂനപക്ഷാവകാശങ്ങൾ
ഇന്ന് ന്യൂനപക്ഷാവകാശ ദിനം. വർഷങ്ങളായി ദേശീയ ന്യൂനപക്ഷാവകാശ ദിനമായി ആചരിക്കുന്നുണ്ടെങ്കിലും ആചാരങ്ങൾക്കപ്പുറം ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങൾ പലതും ന്യൂനപക്ഷങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് സാധാരണമായിരിക്കുന്നു. ഇതുസംബന്ധിച്ച അവബോധവും ചർച്ചകളും സംവാദങ്ങളും ഇനിയും സമൂഹത്തിൽ നിരന്തരം വിഷയീഭവിക്കേണ്ടതുണ്ട്. ന്യൂനപക്ഷാവകാശങ്ങൾ ദിനേന ലോകത്തൊട്ടാകെ, പ്രത്യേകിച്ച് ഇന്ത്യയിൽ കവർന്നെടുക്കപ്പെടുന്ന ഒരു ആസുരകാലത്ത് ഇന്നത്തെ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. ഭാഷാപരമായും വംശീയമായും വർഗപരമായും മതപരമായും ലിംഗപരമായും രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള വിവേചനങ്ങളാണ് നേരിടുന്നത്. സാധാരണ വ്യക്തികൾക്കുള്ളതു പോലെ, ഇത്തരം വിഷയങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അവയിൽ പലതും നിഷേധിക്കപ്പെടുന്നുവെന്നതാണ് യാഥാർഥ്യം.
ഭരണഘടന ന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം അനുവദിക്കപ്പെട്ട അവകാശങ്ങളിൽ പലതും ഭരണഘടനാ ഭേദഗതികളിലൂടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കർണാടക സർക്കാർ കൊണ്ടുവരുന്ന മതപരിവർത്തന നിരോധന ബിൽ. നിർബന്ധിത മതപരിവർത്തനമെന്ന വാക്ക് ചേർത്താണ് ഇത്തരമൊരു നിയമത്തിനു കർണാടക സർക്കാർ അണിയറയിൽ കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തി എന്നതിന്റെ പേരിൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവർക്കു നേരെയുണ്ടാകുന്നത്. ന്യൂനപക്ഷങ്ങൾക്കായി വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും പ്രത്യേക സംവരണം ഏർപ്പെടുത്തിയത് അവരും ഭൂരിപക്ഷ വിഭാഗത്തിനൊപ്പം എത്താനാണ്. ഇത്തരം ന്യൂനപക്ഷ സംവരണങ്ങൾ ഭരണകൂടങ്ങളാൽ തന്നെ അട്ടിമറിക്കപ്പെടുന്നു എന്നത് നിർഭാഗ്യകരമാണ്. അതിന്റെ ഉദാഹരണമാണല്ലോ രജീന്ദർ സച്ചാർ സമിതി നൂറു ശതമാനവും മുസ്‌ലിംകൾക്കു മാത്രമായി നിജപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണി സർക്കാരിനാൽ അട്ടിമറിക്കപ്പെട്ടത്.
1849ൽ ഹംഗേറിയയാണ് ആദ്യമായി ന്യൂനപക്ഷാവകാശ കരട് രൂപീകരിക്കുന്നത്. അന്തർദേശീയ നിയമങ്ങളുടെ ഭാഗമായാണ് വംശപരവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിർവചിക്കപ്പെട്ടിട്ടുള്ളത്. ഇതു നിയമപരമായും ബലപ്പെടുത്തിയതാണ്. ഇങ്ങനെ നിയമപരമായ ചട്ടക്കൂടിൽ ഉള്ളതിനാലാണ്, പാർശ്വവൽക്കരിക്കപ്പെട്ടവരും മുഖ്യധാരയിൽനിന്ന് പുറംതള്ളപ്പെട്ടവരുമായ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ വിഭാഗത്തിനുള്ളതു പോലുള്ള അവകാശങ്ങൾ ബാധകമായത്. ഇതുവഴി ന്യൂനപക്ഷ വിഭാഗങ്ങൾക്കും മറ്റുള്ളവരെപ്പോലെ സമത്വം ആർജിക്കാൻ കഴിയേണ്ടതുണ്ട്, ഭൂരിപക്ഷത്തിന്റെ അടിച്ചമർത്തലുകളിൽ നിന്ന് മോചിതരാകാൻ കഴിയേണ്ടതുണ്ട്. ഇതെല്ലാം ഭരണഘടനയിലും നിയമവ്യവസ്ഥയിലും ഉണ്ടെങ്കിലും ഇതാണോ രാജ്യത്തു സംഭവിക്കുന്നത്? അതെല്ലാം ഭൂരിപക്ഷ വിഭാഗ ഭരണകൂടങ്ങളുടെ അട്ടിമറികളാൽ ഫലവത്താകാതെ പോവുകയാണ്. അതിന് ഇടതു വലത് വ്യത്യാസമൊന്നുമില്ല. പുതുതായി ഉടലെടുത്ത ഭരണവർഗമെന്ന വിഭാഗം ഇത്തരം ന്യൂനപക്ഷ ധ്വംസന കാര്യങ്ങളിൽ ഒറ്റക്കെട്ടാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലും രാജ്യത്തെ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണ്. അവരുടെ ഭരണഘടനാദത്തമായ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ഒന്നാംലോക മഹായുദ്ധത്തിനു ശേഷം ഐക്യരാഷ്ട്രസഭ പാസാക്കിയ ''നരഹത്യാ കുറ്റത്തെ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള'' ഉടമ്പടി ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വം ഇല്ലാതാക്കുന്നതിന് എതിരേയുള്ളതായിരുന്നു. അടിച്ചമർത്തലുകളിൽ നിന്നുള്ള സംരക്ഷണം ഉൾപ്പെടെ നിരവധി ഉടമ്പടികളും നിയമങ്ങളും ഐക്യരാഷ്ട്ര സഭയും ലോകത്തെ വിവിധ രാജ്യങ്ങളും സംവിധാനിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 10 മുതൽ 20 ശതമാനം വരെ ന്യൂനപക്ഷങ്ങളാണ്. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ന്യൂനപക്ഷാവകാശങ്ങൾ മനുഷ്യാവകാശത്തിന്റെ ചട്ടക്കൂടിൽ ഒതുക്കിനിർത്തുകയായിരുന്നു ഐക്യരാഷ്ട്രസഭ.
ഇന്ത്യയിലും ന്യൂനപക്ഷ കമ്മിഷനും ന്യൂനപക്ഷ മന്ത്രാലയവും ഉണ്ട്. എന്നാൽ ഇവ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തികഞ്ഞ പരാജയവുമാണ്. ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പും പ്രത്യേക അവകാശങ്ങളും ദേശീയോദ്ഗ്രഥനത്തിനു തടസമാണെന്ന വാദമാണ് അന്നും ഇന്നും ആർ.എസ്.എസും അവരുടെ രാഷ്ടീയ സംഘടനയായ ബി.ജെ.പിയും ഉയർത്തിക്കൊണ്ടുവരുന്നത്. അതിനാൽതന്നെ ന്യൂനപക്ഷാവകാശങ്ങൾ ഇന്നത്തെ ഇന്ത്യയിൽ ഓരോന്നായി കവർന്നെടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ ദേശീയത അംഗീകരിക്കാത്തവർ ഇന്ത്യയിൽനിന്ന് പുറത്തുപോകണമെന്ന് അവർ ആവശ്യപ്പെടുന്നതും ഇതിനാലാണ്.
സാമൂഹിക സാമ്പത്തിക വിവേചനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം വിധേയരാകുന്നത് ന്യൂനപക്ഷങ്ങളാണ്. പൊതുരാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ നിന്ന് അവർ ബോധപൂർവം അകറ്റപ്പെടുന്നു. രാഷ്ട്രീയമോ, സാമൂഹികമോ ആയ നേതൃതല തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ കരുതിക്കൂട്ടി ഒഴിവാക്കപ്പെടുന്നു. പലപ്പോഴും വംശഹത്യകൾക്കു വരെ അവർ ഇരകളായിത്തീരുന്നു. ഇന്ത്യയെ ഏകശിലാത്മക ദേശീയതയായി നിർവചിക്കുന്നവരുടെ ഏറ്റവും വലിയ തടസം രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്. രാജ്യത്തിന്റെ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് അംഗീകരിക്കാൻ അവർ തയാറല്ല. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് മായ്ച്ചുകളയാൻ തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാൻ കഴിയുമെന്നവർ കണക്കുകൂട്ടുന്നു. ന്യൂനപക്ഷാവകാശങ്ങൾ വല്ലപ്പോഴും വകവച്ചു കിട്ടുകയാണെങ്കിൽ അതിനെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുവാൻ പ്രചണ്ഡ പ്രചാരണമാണ് സംഘ്പരിവാർ നടത്തുന്നത്.
ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി പരിവർത്തിപ്പിക്കാൻ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, അതിന് അകമഴിഞ്ഞ ഭരണകൂട പിന്തുണയും ലഭിക്കുന്നുണ്ട്. ഇത്തരമൊരു കാലത്ത് ഇന്ത്യൻ പൈതൃകമായ നാനാത്വത്തിലെ ഏകത്വം കാത്തുസൂക്ഷിക്കുക എന്നത് മുമ്പെത്തേക്കാളും വലിയ ബാധ്യതയായി മതേതര സമൂഹം ഏറ്റെടുക്കേണ്ട സമയമാണിത്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും അതിനെതിരേ ഉയരുന്ന ഏതു വെല്ലുവിളികളും സധൈര്യം നേരിടുമെന്നും രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി ഉറക്കെ പ്രഖ്യാപിക്കേണ്ട സമയവും കൂടിയാണ് ഈ ദിനം ഓർമിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."