'ഏഴു വര്‍ഷം അവരെന്താണ് ചെയ്തത്' മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കൊവിഡ് രണ്ടാം തരംഗത്തിലെ മരണനിരക്കും വിലക്കയറ്റവും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി അമേത്തിയില്‍ സംഘടിപ്പിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ബി.ജെ.പി എന്തുചെയ്തു ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവിന് കാരണം ബി.ജെ.പിയാണെന്നും രണ്ടാം തരംഗത്തിലെ കൊവിഡ് മരണങ്ങള്‍ക്ക് കാരണം ഓക്‌സിജന്റെ ലഭ്യതക്കുറവാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ കോണ്‍ഗ്രസ് 74 വര്‍ഷക്കാലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ലെന്ന ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും പ്രിയങ്ക രംഗത്തെത്തി. 'ഏഴുവര്‍ഷം അമേത്തിയില്‍ (ബി.ജെ.പി) സര്‍ക്കാര്‍ എന്ത് ചെയ്തു ബി.ജെ.പി അനുകൂലമായ ഏകപക്ഷീയ വികസനം മാത്രം ചെയ്തു' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ലഖിംപൂര്‍ കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ഇതുവരെ നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ നുണകളുടെ ഒരു വലതന്നെ വിരിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാത്തിലെത്തിയാല്‍ കര്‍ഷകരുടെ എല്ലാ വായ്പകളും എഴുതിതള്ളുമെന്നും 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."