കളിക്കാരെ ഇനിയും പട്ടിണിക്കിടരുത്
കരിയാടൻ
കളികളൊന്നും നടക്കാത്ത കാലത്തും ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടോ വി.കെ കൃഷ്ണമേനോനോ കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിന്റെ നാലയലത്തുപോലും വന്നതായി ആരും കണ്ടിട്ടില്ല. എങ്കിലും നഗരത്തിൽ നാഷനലുകൾക്കും ഇന്റർനാഷനലുകൾക്കും സാക്ഷ്യംവഹിച്ച കോർപറേഷൻ സ്റ്റേഡിയത്തിന് ഇ.എം.എസിൻ്റെ പേരിടാനോ ഇൻഡോർ സ്റ്റേഡിയത്തിന് വി.കെ കൃഷ്ണമേനോൻ്റെ പേര് നൽകാനോ ഭരണാധികാരികൾക്ക് മണിക്കൂറുകൾ മതിയായി. അതേസമയം , നഗരം സൃഷ്ടിച്ച ആദ്യത്തെ ഒളിംപ്യനായ ടി.എ റഹ്മാന്റെ പേരിലാവണം ഇവിടെ മെഡിക്കൽ കോളജിൽ പുതുക്കിപ്പണിത സ്റ്റേഡിയം എന്ന ആവശ്യത്തിനു പന്തു കളിക്കാർ തന്നെ ഏറെക്കാലം മാറിമാറി സമരം ചെയ്യേണ്ടിവന്നു. താൻ കളിപഠിച്ച മാനാഞ്ചിറ മൈതാനം കളികൾക്കായി തിരിച്ചുനൽകണമെന്ന ആവശ്യവുമായി കായിക പ്രേമികൾ നടത്തിയ സത്യഗ്രഹത്തിനു ആശുപത്രിക്കിടക്കയിൽ നിന്നെണീറ്റുവന്നു നേതൃത്വം നൽകിയ ആ ഒളിംപ്യൻ, ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെയാണ് കണ്ണടച്ചത്.
എല്ലാം കളികൾക്കായി സമർപ്പിച്ച് വേദനയും കണ്ണീരുമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കളിക്കാരെക്കുറിച്ച് അറിയാത്തവരല്ല കേരളത്തിൽ പല കാലങ്ങളിലായി ഭരണം നടത്തിയവർ. ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ടി.വി തോമസ് പ്രമുഖ പന്ത് കളിക്കാരനായിരുന്നു. ആർ.എസ്.പി നേതാവായിരുന്ന കെ. പങ്കജാക്ഷൻ പണ്ടു കാലത്തെ പ്രശസ്തനായ വോളിേബാൾ താരം എന്ന നിലയിലാണ് കേരള സ്‌പോർട്‌സ് കൗൺസിലിന്റെ പ്രസിഡന്റായത്. മറ്റൊരു ആർ.എസ്.പി നേതാവായിരുന്ന മന്ത്രി ബാബു ദിവാകരൻ കേരള സർവകലാശാല ഹോക്കി ടീം അംഗമായിരുന്നു. മുസ്‌ലിം ലീഗ് മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ്കുട്ടി സംസ്ഥാനതലത്തിൽ തന്നെ അറിയപ്പെട്ട ചെസ് കളിക്കാരനായിരുന്നു. മികച്ച യൂനിവേഴ്‌സിറ്റി അത്‌ലറ്റായിരുന്ന പി.കെ വേലായുധൻ കോൺഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലുണ്ടായിരുന്നതും ചരിത്രം. എന്നാൽ പതിനഞ്ചാം മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുവജനക്ഷേമത്തിന്റെയും വഖ്ഫ് കാര്യങ്ങളുടെയും ഒക്കെ മന്ത്രിയായി അധികാരത്തിലേറ്റിയ താനൂർ എം.എൽ.എയായ വി. അബ്ദുറഹിമാന് അവകാശങ്ങൾക്ക് വേണ്ടി സത്യഗ്രഹം നടത്തുന്ന കായികതാരങ്ങളെ കാണാൻ ആഴ്ചകൾ വേണ്ടിവന്നു. തിരൂരിൽ സാറ്റ് ഫുട്‌ബോൾ ക്ലബ് എന്ന പേരിൽ ഒരു അക്കാദമി സ്ഥാപിച്ച് കൗമാരക്കാരുടെ സ്‌നേഹാദരങ്ങൾ സമ്പാദിച്ച സംഘാടകനാണദ്ദേഹം. റഷ്യയിൽ ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണാൻ പോകുകയും ടോക്യോയിൽ ഒളിംപിക്‌സ് കാണാൻ ഒരുമ്പെട്ടിറങ്ങുകയും ചെയ്ത ഈ പ്രമുഖ ബിസിനസ്മാന്റെ മനസിൽ കളികൾ നിറഞ്ഞാടുന്നതും കണ്ടവരാണ് ജനങ്ങൾ. എന്നാൽ അവശതയനുഭവിക്കുന്ന കായികതാരങ്ങളെ കാണാൻ ആ സ്‌പോർട്‌സ് മന്ത്രിക്ക് ആഴ്ചകൾ വേണ്ടിവരുന്നു എന്നത് ദുഃഖകരമാണ്.
സത്യഗ്രഹമിരുന്നും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും രണ്ടാഴ്ചയോളം കേരള തലസ്ഥാനത്ത് മുട്ടിൽ ഇഴഞ്ഞു നടന്ന ഇരുനൂറോളം കായികതാരങ്ങളെയാണ് മന്ത്രി അബ്ദുറഹിമാനു തിരിച്ചറിയാൻ കഴിയാതെ പോയത്. ഡിസംബർ പതിനഞ്ചാം തീയതി ചർച്ചയെന്ന അറിയിപ്പ് കേട്ട് സമരമുഖത്തുനിന്ന് സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ മാറിനിന്ന താരങ്ങളുടെ അഞ്ചു പ്രതിനിധികൾ രണ്ടു മണിക്കൂറിലേറെയാണ് പൊരിവെയിലിൽ തിരുവനന്തപുരത്ത് കാത്തുനിന്നത്. ഓഫിസിൽ തന്നെയുണ്ടായിട്ടും ''ഞാനൊന്നുമറിഞ്ഞീല്ല രാമനാരായണാ'' എന്ന മട്ടിൽ അദ്ദേഹം ഉറക്കം തൂങ്ങിനിന്നു. എന്നാൽ നിലത്ത് കിടന്നുരുണ്ട് താരങ്ങൾ സമരം ഊർജിതപ്പെടുത്തിയതോടെ പിറ്റേന്നു രാത്രി മന്ത്രി അവരെ ചർച്ചക്കുവിളിച്ചു. 24 പേർക്കു ഉടൻ നിയമനം നൽകാമെന്നും ബാക്കിയുള്ളവരുടെ കാര്യത്തിൽ ഒന്നരമാസത്തിനകം തീർപ്പുണ്ടാക്കാൻ മുൻതാരങ്ങൾ ഉൾപ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും തീരുമാനമായി. മുകളിൽനിന്നു കിട്ടിയ നിർദേശമനുസരിച്ചാണോ എന്നറിയില്ല, മന്ത്രി നിലപാട് മാറ്റിയത്. കായികതാരങ്ങൾ ആ ഉറപ്പ് മാനിച്ച് സമരം നിർത്തുകയും ചെയ്തു.
തങ്ങളുടെ ഊർജമാകെ സംസ്ഥാനത്തിനു നേട്ടങ്ങളാക്കി മാറ്റുന്നവരാണ് കായികതാരങ്ങൾ. അവരിൽ മിടുമിടുക്കരായ 50 പേർക്ക് സർക്കാർ സർവിസിൽ വർഷംതോറും ജോലി നൽകാറുമുണ്ട്. എന്നാൽ 2010 മുതൽ ലഭിക്കേണ്ടുന്ന 250 ൽപരം നിയമനങ്ങൾ വർഷങ്ങളായിട്ടും നടന്നില്ല. സർക്കാരാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് അവസരത്തിൽ അവകാശപ്പെട്ടത് അർഹതപ്പെട്ട കായികതാരങ്ങൾക്കെല്ലാവർക്കും ജോലി നൽകിയ ഭരണകൂടമാണിതെന്നായിരുന്നു. എന്നാൽ, ജോലികിട്ടിയത് ഫുട്‌ബോൾ താരം സി.കെ വിനീതിനു മാത്രവും. മറ്റു നിയമന ഉത്തരവുകളൊക്കെയും ധനകാര്യ വകുപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നത്രെ.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ മത്സര ജേതാക്കളായ വി.കെ. വിസ്മയ, മുഹമ്മദ് അനസ്, കുഞ്ഞിമുഹമ്മദ്, നീനാ പിന്റോ, പി.യു ചിത്ര എന്നിവർ വർഷങ്ങളായി കാത്തിരിപ്പിലാണ്. ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടും തൊഴിൽരഹിതരായി കഴിയുന്ന വനിതാ ഫുട്‌ബോൾ താരങ്ങളായ നിഖില, അതുല്യ എന്നിവരും കളികളില്ലെങ്കിൽ ചുമടെടുക്കാൻ പോകുന്ന ജെയിംസ് ജോയി എന്ന നാഷനൽ റഫറിയും ഓട്ടോറിക്ഷ ഓടിക്കുന്ന കോട്ടയത്തെ ഫിഫാ റഫറി സന്തോഷ്‌കുമാറും ഒക്കെ ഉൾപ്പെട്ട കായികനിരയാണ് കേരളത്തിന്റേത്. ഫുട്‌ബോൾ കോച്ചിങ്ങിൽ ഡി- ലൈസൻസുണ്ടായിട്ടും ബേക്കറിയിൽനിന്ന് കേക്കുകൾ വാങ്ങി ഡെലിവറി നടത്തുവാൻ വിധിക്കപ്പെട്ടവനാണ് മുൻ മോഹൻബഗാൻ താരം വാഹിദ് സാലി എന്ന കോഴിക്കോട്ടുകാരൻ.
കഴിഞ്ഞ ഫെബ്രുവരിയിൽ റാങ്ക് ലിസ്റ്റെന്നു പറഞ്ഞ് അന്നത്തെ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഒരു പട്ടിക തയാറാക്കിയിരുന്നു. അതിൽ ബാക്കിയുള്ളവർക്ക് ഉടൻ നിയമനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്‌സിങ്ങിലെ ലോക ചാംപ്യൻ മുഹമ്മദലി അമേരിക്കയിൽ മരണപ്പെട്ടപ്പോൾ കേരളത്തിനു വൻനഷ്ടമെന്നു അനുശോചന സന്ദേശം ഇറക്കിയ മന്ത്രിക്കു താൻ നൽകിയ വാഗ്ദാനമൊന്നും പിന്നെ ഓർക്കാൻ കഴിഞ്ഞില്ല. എന്നാൽ പുതിയ മന്ത്രി അബ്ദുറഹിമാൻ തന്റെ ജില്ലയിൽ തന്നെ നാലു സ്റ്റേഡിയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്. അക്കാരണത്താൽ തന്നെ അദ്ദേഹത്തിൽ പ്രതീക്ഷകളേറെ അർപ്പിച്ച കായിക താരങ്ങൾക്കാണ് ഇങ്ങനെ ഒരു വ്യത്യസ്ത സമരം നടത്തേണ്ടിവന്നത്. സ്‌പോർട്‌സ് കൗൺസിലിലെ നിയമനങ്ങളിൽപോലും സ്വജനപക്ഷപാതം ആരോപിക്കപ്പെടുന്ന കാലത്ത് വാഗ്ദാനങ്ങൾ സമയത്തിനുതന്നെ പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് കായിക കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."