യു.പിയിൽ പരാജയം മണത്ത് ബി.ജെ.പി; 100 മുതിർന്ന നേതാക്കൾക്ക് പ്രചാരണ ചുമതല, കർഷകരുടെ ഭീഷണിയുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ
ലഖ്‌നൗ
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ മുതിർന്ന നേതാക്കളെയിറക്കി ബി.ജെ.പി.
തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ 160 മുതിർന്ന നേതാക്കളെയാണ് ഇരു സംസ്ഥാനങ്ങളിലുമായി ബി.ജെ.പി പ്രചാരണത്തിന് ഇറക്കുന്നത്. കർഷകർ ബി.ജെ.പിക്കെതിരേ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.
ഭാരതീയ കിസാൻ യൂനിയന് ശക്തമായ വേരോട്ടമുള്ള പടിഞ്ഞാറൻ യു.പിയിലാണ് ബി.ജെ.പി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇവിടെ 100 മുതിർന്ന നേതാക്കളെ പ്രചാരണ മേൽനോട്ടത്തിനും ഏകോപനത്തിനുമായി നിയോഗിക്കും. ബൂത്തുതലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ഇവിടെ ഇവർ വിലയിരുത്തുക. 44 നിയോജക മണ്ഡലങ്ങളാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിലുള്ളത്. ജില്ലാ, നിയോജക മണ്ഡലം പ്രവർത്തനങ്ങൾ ഡൽഹി ബി.ജെ.പി മുൻ പ്രസിഡന്റ് വിജേന്ദ്രർ ഗുപ്തയും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ദിനേശ് പ്രതാപ് സിങ്ങും വിലയിരുത്തും. 44 മണ്ഡലങ്ങളിൽ 50 ദിവസത്തെ പ്രവർത്തനമാണ് നേതാക്കൾക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ 32 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടൽ. യു.പി തെരഞ്ഞെടുപ്പിനെ ബി.ജെ.പി നിർണായകമായാണ് കാണുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ 60 മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രചാരണത്തിനെത്തും. പ്രാദേശിക നേതാക്കളെ ഏകോപിപ്പിക്കുക, 20 മണ്ഡലങ്ങളിലെ മേൽനോട്ടം എന്നിവയാണ് ഇവരുടെ ചുമതല. മുതിർന്ന നേതാവ് രാജേഷ് ഭാട്ടിയ ഉത്തരാഖണ്ഡിലെ ഇൻ ചാർജും യോഗേന്ദർ ചന്ദോലിയ കോ ഇൻചാർജുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."