ഏറ്റുമുട്ടല്‍, തെലുങ്കാന അതിര്‍ത്തിയില്‍ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢ്: തെലങ്കാന അതിര്‍ത്തിയില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സ്ത്രീകളടക്കം ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്തെ വനത്തില്‍ രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും സംയുക്ത സൈനിക നീക്കത്തിലൂടെയാണ് മാവോയിസ്റ്റുകളെ കീഴ്‌പ്പെടുത്തിയത്. ഓപ്പറേഷന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുമ്പ് മാരകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട കിസതാരം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മാവോയിസ്റ്റുകള്‍ക്കെതിരെ കനത്ത തിരിച്ചടിയാണ് നല്‍കിയതെന്ന് സുക്മ പൊലിസ് സൂപ്രണ്ട് സുനില്‍ ശര്‍മ്മ പറഞ്ഞു. കിസ്താരം കമ്മിറ്റി പൂര്‍ണമായും സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങിയതിനാല്‍ അടുത്ത ലക്ഷ്യം മറ്റു രണ്ടു കമ്മിറ്റികളെ കീഴടക്കലാണെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കി.
സൈനിക ഏറ്റുമുട്ടലുകള്‍ക്ക് ഇനിയും സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."