തീര്‍ഥാടകര്‍ക്ക് ആശംസകളുമായി പ്രമുഖരുടെ നിര
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകര്‍ക്ക് ആശംസകളുമായി പ്രമുഖര്‍ എത്തി. രാവിലെ ക്യാംപ് സന്ദര്‍ശിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ത്ങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ആദ്യസംഘം യാത്രയായത്. ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കാപ്പ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.നിസാമുദ്ദീനും വിശിഷ്ടാഥികളായി ക്യാംപിലെത്തി.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, അസി.സെക്രട്ടറി ഇ.സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഷെരീഫ് മണിയാട്ടു കുടി, എച്ച്.ഇ.ബാബു സേട്ട്, ചായിന്റടി മുഹമ്മദ് കുഞ്ഞ്, തുടങ്ങിയവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. ലോകം അക്രമണത്തിലേക്കും അശാന്തിയിലേക്കും നീങ്ങുമ്പോള്‍ സമാധാനത്തിന്റെ സന്ദേശമാണ് ഹജ്ജ് വിഭാവനം ചെയ്യുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്.യാതൊരു വേര്‍തിരിവുമില്ലാതെ ഒരേ മനസ്സോടെ എല്ലാവരും ദൈവത്തിലേക്ക് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.വിശുദ്ധ ഖുര്‍ആന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യ മനസ്സിനെ സംസ്‌ക്കരിക്കുകയാണ് ഹജ്ജ് കര്‍മ്മത്തിലൂടെ നിറവേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്ത് നിന്നുള്ള ഹജ്ജ് ക്വാട്ട അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയിക്കണം.സമഭാവനയുടെ സന്ദേശം ഉറപ്പിക്കുന്നതാണ് ഹജ്ജ് സബ്‌സിഡിയെന്നും അത് തുടരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.തോമസ് എം.എല്‍.എ,മുന്‍ എം.എല്‍.എ എം.എ.ചന്ദ്രശേഖരന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുള്‍ മുത്തലിബ്,കെ.പി.സി.സി സെക്രട്ടറി ടി.എം.സക്കീര്‍ ഹുസൈന്‍,ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി,ദിലീപ് കപ്രശ്ശേരി,പി.ബി.സുനീര്‍ തുടങ്ങിയവരും സുധീരനൊപ്പം എത്തിയിരുന്നു.
സ്‌നേഹവും സൗഹാര്‍ദ്ദവും സന്തോഷവും ജീവിതത്തില്‍ എന്നും കാത്തുസൂക്ഷിക്കേണ്ട ധാര്‍മ്മിക മൂല്യങ്ങളാണെന്ന്! ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകരോട് സംസാരികുകയായിരുന്നു അദ്ദേഹം.യാത്രയിലെ കൂട്ടായ്മ ഹൃദയ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണെന്നും തീര്‍ഥാടനത്തിന്റെ സന്ദേശം മനുഷ്യന്‍ ഒന്നാണ് എന്ന സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കുന്നത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്.ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ക്യാംപില്‍ നിന്നും തനിക്ക് പകര്‍ന്നുലഭിച്ചതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.തന്റെ സാമൂഹ്യ സാംസ്‌ക്കാരിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ അനുഭവം മുതല്‍കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ബി.ജെ.പി നേതാക്കളായ എ.കെ.നസീര്‍,നെടുമ്പാശ്ശേരി രവി,എന്‍.പി.ശങ്കരന്‍കുട്ടി,എം.എ.ബ്രഹ്മരാജ്,ബാബു കരിയാട്,എം.എന്‍.ഗോപി,ടി.പി.ജോണ്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഡി.എം.ഒ എന്‍.എ.കുട്ടപ്പന്‍ ക്യാംപിലെത്തി മെഡിക്കല്‍ സെല്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തീര്‍ഥാടകര്‍ക്ക് ആശംസനേരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."