സുപ്രഭാതം കത്തിച്ച നടപടി പ്രതിഷേധാര്‍ഹം
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍, പത്രത്തിന്റെ താളുകള്‍ കത്തിച്ചും സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചും ചിലര്‍ നടത്തുന്ന നീക്കം അങ്ങേയറ്റത്തെ അസാംസ്‌കാരിക പ്രവര്‍ത്തനവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയുമാണെന്ന് സുപ്രഭാതം മാനേജിങ് ഡയരക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതു പത്രമെന്ന കാഴ്ചപ്പാടോടെ 2014 ല്‍ സ്ഥാപിക്കപ്പെട്ട വാര്‍ത്താ മാധ്യമമാണ് സുപ്രഭാതം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വാര്‍ത്തകളും വിശകലനങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയാണ് സുപ്രഭാതം പ്രസിദ്ധീകരിച്ചു വരുന്നത്. മതേതര ജനാധിപത്യ കക്ഷികള്‍ ഏതായാലും അവരുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നത് രൂപവത്കരണ കാലം തൊട്ടേ പത്രം സ്വീകരിച്ചു വരുന്ന നയമാണ്.
തുടര്‍ന്നുണ്ടായ എല്ലാ ലോക്സഭ നിയമസഭ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പരസ്യങ്ങള്‍ നിരവധി തവണ സുപ്രഭാതം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സ്ഥാപക ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരും മുഖ്യരക്ഷാധികാരിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കൂടിയാലോചിച്ചാണ് ഇങ്ങനെയൊരു നയം രൂപപ്പെടുത്തിയത്. എന്നാല്‍, വസ്തുതകളെക്കുറിച്ച് അജ്ഞരും അസഹിഷ്ണുക്കളും ന്യൂനാല്‍ ന്യൂനപക്ഷവുമായ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ സുപ്രഭാതത്തിനെതിരേ നടത്തുന്ന ഒരു അരിശം തീര്‍ക്കല്‍ പരിപാടിയായി മാത്രമേ ഈ കത്തിക്കല്‍ പ്രവണതയെ കാണുന്നുള്ളൂവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."