ബി.ഡി.ജെ.എസ് നേതാവിനെ സി.പി.എം ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പറവൂര്‍: എസ്.എന്‍.ഡി.പി നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസിന്റെ പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയെ സി.പി.എം വടക്കേക്കര ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് മഠത്തിശേരില്‍ ചന്ദ്രന്റെ മകന്‍ എം.സി വേണു(49)നെയാണ് സി പി എം വടക്കേക്കര ലോക്കല്‍ കമ്മിറ്റിയുടെ മൂത്തകുന്നത്തുള്ള ടി.ഐ സര്‍വ്വന്‍ മന്ദിരത്തിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണകാരണമോ, മരണത്തിന്റെ നിജസ്ഥിതിയോ സ്ഥിരീകരിക്കപ്പെട്ടില്ല. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരിക്കാം സംഭവം. മരിക്കുന്നതിന് മുമ്പ് ഏകദേശം നാലുമണിയോടെ വേണു മൂത്തകുന്നം പ്രദേശങ്ങളില്‍ കറങ്ങി നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ പാര്‍ട്ടി ഓഫീസില്‍ ആരും ഉണ്ടാകാറില്ല വൈകിട്ട് ഓഫിസിലെ ലൈറ്റുകള്‍ തെളിയിക്കുന്നതിന് മൂത്തകുന്നത്തെ ഓട്ടോറിക്ഷാക്കാരനായ ഹരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരി പതിവുപോലെ ലെറ്റുകള്‍ തെളിയിക്കാന്‍ വന്നപ്പോഴാണ് വേണുവിനെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ചനിലയില്‍ ആദ്യം കണ്ടത്.
വിവരം അറിഞ്ഞതോടെ സി.പി.എം നേതാക്കളും നാട്ടുകാരും ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെത്തി. മൃതശരീരം അതേനിലയില്‍ കിടക്കുകയാണ്. ഉയര്‍ന്ന എറണാകുളം റൂറല്‍ എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘംസ്ഥലത്തെത്തി. എന്നാല്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തണമെന്നും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ അന്വേഷണം വേണമെന്നും അവരുടെ സാന്നിധ്യത്തില്‍ മൃതദേഹം അഴിക്കാന്‍ പാടുള്ളുയെന്ന സി.പി.എം, ബി.ഡി.ജെ.എസ് നേതാക്കളുടെ ആവശ്യപ്രകാരം മൃതശരീരം ചൊവ്വാഴ്ച്ച ഇന്‍ക്വസ്റ്റ് നടത്താനാണ് പൊലിസ് തീരുമാനം. മരണ വാര്‍ത്ത അറിഞ്ഞതോടെ നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ എത്തിയിരുന്നു.
സുധയാണ് വെനിവിന്റെ ഭാര്യ ഇവര്‍ എസ്.എന്‍.ഡി.പി പറവൂര്‍ യൂനിയന് കീഴിലുള്ള കെടാമംഗലം എസ്.എന്‍ ആര്‍ട്‌സ് കോളേജിലെ ജീവനക്കാരിയാണ്.
മക്കള്‍:ശ്രീലക്ഷ്മി, അഭിജിത്ത്. വേണുവിന്റെ ദുരൂഹ മരണത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് പറവൂര്‍ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."