സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകെ വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,771 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്.
ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,44,888 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,40,405 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 13,298 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 13,163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. അല്‍ബിര്‍റ് സ്‌കൂളില്‍ നിന്നും പരീക്ഷക്ക് രജിസ്തര്‍ ചെയ്ത 60 വിദ്യാര്‍ത്ഥികളും വിജയിച്ചു.
വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്‌റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാര്‍ത്ഥികളില്‍ 595 പേരും വിജിയിച്ചു. അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,16,900 കുട്ടികളില്‍ 1,13,279 പേര്‍ വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിംഗ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേര്‍ഡ് ക്ലാസും ലഭിച്ചു.
ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 93,104 കുട്ടികളില്‍ 92,771 പേര്‍ വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിംഗ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,470 കുട്ടികളില്‍ 40,843 പേര്‍ വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിംഗ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളില്‍ 7,330 പേര്‍ വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിംഗ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേര്‍ഡ്ക്ലാസും ലഭിച്ചു.
ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 162 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 151 പേരും, ഏഴാം ക്ലാസില്‍ 127 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 126 പേരും, പ്ലസ്ടു ക്ലാസില്‍ 35 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്റസയില്‍ നിന്നാണ്. 60 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 50 പേര്‍ വിജയിച്ചു.
സ്‌കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് സ്‌കൂള്‍ മദ്റസയാണ്. അഞ്ചാം ക്ലാസില്‍ 250 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 238 പേരും, ഏഴാം ക്ലാസില്‍ 245 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 240 പേരും വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയില്‍ നിന്നാണ്.
161 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 160 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ പുന്നക്കാട് ദാറുന്നജാത്ത് മദ്‌റസയില്‍ നിന്നാണ്. രജിസ്തര്‍ ചെയ്ത 8 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 10,127 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാര്‍ത്ഥികള്‍.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2024 ഏപ്രില്‍ 21ന് ഞായറാഴ്ച നടക്കുന്ന ''സേ''പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നിനുള്ളില്‍ മദ്‌റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.
സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്‌റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."