അമേത്തിയിലും റായ്ബറേലിയും രാഹുലും പ്രിയങ്കയും; പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി: അമേത്തിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവശേഷിക്കുന്ന രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ വൈകീട്ട് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നാണ് ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ അമേത്തി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. മുമ്പ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ചിരുന്ന മണ്ഡലങ്ങളാണ് അമേത്തിയും റായ്ബറേലിയും. അമേത്തിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. 317 ലോക്‌സഭ സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
പരമ്പരാഗതമായി തന്നെ കോണ്‍ഗ്രസിന്റെ തന്ത്രപ്രധാനമായ സീറ്റുകളായ അമേത്തി, റായ്ബറേലി എന്നിവിടങ്ങളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റാണ് നിര്‍ദേശിച്ചിരുന്നത്. 15 വര്‍ഷം അമേത്തി ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി 2019ല്‍ അമേത്തിയില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 55,120 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2014ല്‍ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് രാഹുലിനായിരുന്നു വിജയം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ അവരുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാകും.
മേയ് 20ന് നടക്കുന്ന അഞ്ചാംഘട്ടത്തിലാണ് അമേത്തിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക. രാഹുല്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.
അതിനിടെ, റായ്ബറേലിയില്‍ മത്സരിക്കാനായി വരുണ്‍ ഗാന്ധിയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് ബി.ജെ.പി. റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന നിലപാട് പിന്‍വലിക്കണമെന്ന് വരുണിനോട് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നടപടി. വരുണ്‍ റായ്ബറേലിയില്‍ മത്സരിച്ചാല്‍ അനുകൂലമാകുമെന്ന് ബി.ജെ.പി വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."