'മണിപ്പൂരില്‍ നഗ്നരാക്കി നടത്തിയ യുവതികള്‍ സഹായത്തിനായി സമീപിച്ചു, വാഹനത്തിന്റെ താക്കോല്‍ ഇല്ലെന്ന് പറഞ്ഞ് പൊലിസ് ഒഴിഞ്ഞു മാറി' ഗുരുതര വെളിപെടുത്തലുമായി കുറ്റപത്രം
ഇംഫാല്‍: വംശീയകലാപം നടന്ന മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ പൊലിസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സി.ബി.ഐ കുറ്റപത്രം. കുറ്റകൃത്യം നടക്കുമ്പോള്‍ പൊലിസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇരകള്‍ പൊലിസിന്റെ വാഹനത്തില്‍ അഭയം പ്രാപിച്ചപ്പോള്‍ വാഹനത്തിന്റെ താക്കോല്‍ ഇല്ലെന്ന് പറഞ്ഞ് സഹായിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മെയ് മൂന്നിനാണ് ചുരാചന്ദ്പൂരില്‍ സംഭവം നടന്നതെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. 'കാക്കി യൂണിഫോം ധരിച്ച ഒരു ഡ്രൈവര്‍ക്കൊപ്പം രണ്ട് പൊലിസുകാര്‍ ജിപ്‌സിയിലും മൂന്ന് നാല് പൊലിസുകാര്‍ പുറത്തും ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടക്കം നാല് ഇരകളാണ് ജീപ്പില്‍ അഭയം തേടിയത്. ഇരകളിലൊരാള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പൊലിസുകാരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ 'താക്കോല്‍ ഇല്ല' എന്നായിരുന്നു ഡ്രൈവറുടെ മറുപടി. അതിനിടെ ഇവരില്‍ ഒരാളെ അക്രമികള്‍ വലിച്ചിഴച്ച് വളഞ്ഞിട്ട് മര്‍ദിക്കാന്‍ തുടങ്ങി. അയാളെ രക്ഷിക്കാനും തങ്ങളെ സഹായിക്കാനും ജീപ്പിലുള്ളവര്‍ പൊലീസുകാരോട് ആവര്‍ത്തിച്ച് അപേക്ഷിച്ചു, എന്നാല്‍ പൊലിസ് കേട്ടഭാവം നടിച്ചില്ല. കുറച്ചുകഴിഞ്ഞ് വാഹനം മുന്നോട്ടെടുത്ത ജിപ്‌സിയുടെ ഡ്രൈവര്‍ 1,000ത്തോളം പേരുള്ള അക്രമാസക്തമായ ജനക്കൂട്ടത്തിന് സമീപം വാഹനം നിര്‍ത്തി. ഇവിടെ നിര്‍ത്തല്ലേയെന്ന് ഇരകളിലൊരാള്‍ കേണപേക്ഷിച്ചപ്പോള്‍ പൊലിസ് വായടക്കാന്‍ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിച്ചയാളുടെ ശ്വാസം നിലച്ചതായി ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ വന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് കേട്ട് ജീപ്പിലുണ്ടായിരുന്ന ഇരയായ പുരുഷന്‍ കൂടെയുള്ള സ്ത്രീയോട് തന്റെ പിതാവിനെ അവര്‍ മര്‍ദിച്ചു കൊന്നുവെന്ന് പറഞ്ഞു. പിന്നാലെ, വന്‍ ജനക്കൂട്ടം പൊലിസ് ജിപ്‌സിക്ക് നേരെ തിരിഞ്ഞു. അവര്‍ രണ്ട് സ്ത്രീകളെയും പുരുഷനെയും വലിച്ച് പുറത്തിട്ടു. ഇരകളെ അക്രമിസംഘത്തിന് വിട്ടുകൊടുത്ത് പൊലിസുകാര്‍ സ്ഥലം വിട്ടു. രണ്ട് സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അക്രമികള്‍ വലിച്ചുകീറി നഗ്‌നരായി നടത്തിച്ചു. പുരുഷനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി' സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.
കുക്കിസോമി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ കത്തിച്ചും തകര്‍ത്തും അക്രമി സംഘം താണ്ഡവമാടിയപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങള്‍ കാട്ടിലൊളിക്കുകയായിരുന്നു. സംഭവത്തില്‍ ഒക്ടോബറില്‍ ഗുവാഹത്തിയിലെ പ്രത്യേക കോടതിയില്‍ പ്രതികളായ ആറ് യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."