യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബാഗേജ് നയം പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ- അഞ്ചു കിലോ കൂടി വെട്ടിക്കുറച്ചു
ഡല്‍ഹി: ആഭ്യന്തര യാത്രയ്ക്കുള്ള ബാഗേജ് നയം വീണ്ടും പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. യാത്രയില്‍ ഇക്കോണമി ക്ലാസിലെ യാത്രയ്ക്ക് സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ചു. നേരത്തെ 25 കിലോ ആയിരുന്ന ഭാരപരിധി കഴിഞ്ഞ വര്‍ഷം 20 ആക്കി കുറച്ചിരുന്നു. മേയ് രണ്ടുമുതല്‍ ഇത് നിലവില്‍ വന്നു. അധികം ബഗേജുകള്‍ കൊണ്ടുപോകാന്‍ ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും.
എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നിരുന്നു. വിവിധ വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് ഒരേ രീതിയിലുള്ള സൗകര്യങ്ങള്‍ എന്ന സമീപനമല്ല വേണ്ടതെന്നാണ് ടാറ്റയുടെ നയം. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ മെനു അടിസ്ഥാനമാക്കിയുള്ള നിരക്ക് നിര്‍ണയ മാതൃക നടപ്പാക്കിയിരുന്നു. കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ്, ഫ്‌ളക്‌സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി യാത്രക്കാരെ തിരിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ട് വന്നത്.
കംഫര്‍ട്ട് വിഭാഗത്തിന് ബാഗേജ് നേരത്തെ 20 കിലോയും കംഫര്‍ട്ട് പ്ലസ് വിഭാഗത്തിന് 25 കിലോയുമായിരുന്നു. ഇതാണ് ആദ്യം 20 ആയും ഇപ്പോള്‍ 15 കിലോ ആയും കുറച്ചിട്ടുള്ളത്. ഫ്‌ളക്‌സ് വിഭാഗത്തിന് 25 കിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കും.
യാത്രക്കാര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് അനുയോജ്യമായ നിരക്കും സേവനങ്ങളും തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."