ഒമാനില്‍ നിന്ന് അബൂദബിയിലേക്ക് റെയില്‍പാത; രണ്ടു തുരങ്കങ്ങള്‍, 36 പാലങ്ങള്‍
മസ്‌കത്ത്: ഒമാനെയും യു.എ.ഇയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത വരുന്നു. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായി അസ്യാദ് ഗ്രൂപ്പ് സി.ഇ.ഒ എന്‍ജിനീയര്‍ അബ്ദുല്‍ റഹ്്മാന്‍ ബിന്‍ സലേം അല്‍ ഹാത്മി അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരുങ്ങുന്ന പദ്ധതി പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. പാതയില്‍ 2.5 കിലോമീറ്റര്‍ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകുമെന്ന് അല്‍ ഹാത്മിപറഞ്ഞു.
പാലത്തിന്് 34 മീറ്റര്‍ ഉയരമുണ്ടാകും. ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചരക്കുകളുടെയും യാത്രക്കാരുടെയും സുഗമമായ ഒഴുക്കിന് വഴി തുറക്കുന്ന പാത ഇനി 'ഹഫീത് റെയില്‍' എന്നാണ് അറിയപ്പെടുക. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയില്‍വേ കടന്നുപോകുന്ന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ ഹഫീതിനെ സൂചിപ്പിച്ചാണ് പേര് നല്‍കിയിരിക്കുന്നത്.
യു.എ.ഇ-ഒമാന്‍ ഉന്നതതല യോഗത്തില്‍ റെയില്‍ പദ്ധതിക്ക് വേണ്ടി ഇത്തിഹാദ് റെയില്‍, മുബദാല, ഒമാനി അസ്യാദ് ഗ്രൂപ്പ് കമ്പനി എന്നിവയുടെ ഓഹരി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ ധാരണയില്‍ ഒപ്പുവെച്ചിട്ടുമുണ്ട്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റര്‍ ദൂരത്തിലുള്ള റെയില്‍ ശൃംഖല നിര്‍മിക്കുന്നതിന് 2022ല്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പിട്ടിരുന്നു.
അബുദബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറിര്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോ മീറ്ററായിരിക്കും ചരക്ക് ട്രയിനുകളുടെ വേഗത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍ 40 മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ഐനിലേക്ക് 47 മിനിറ്റില്‍ സഞ്ചരിക്കാനാവും. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ മേഖലയില്‍ ചരക്ക്, യാത്രാ രംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിലൂടെ വര്‍ഷത്തില്‍ 225 ദശലക്ഷം ടണ്‍ ബള്‍ക്ക് കാര്‍ഗോയും 2,82,000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. ഒമാന്റെ വടക്കന്‍ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്‌കത്തും തമ്മില്‍ 192 കി.മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്.
റെയില്‍പാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വര്‍ധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും ഇതുപകാരപ്പെടും. നിലവില്‍ യു.എ.ഇയില്‍ നിര്‍മാണം പൂര്‍ത്തിയായ ഇത്തിഹാദ് റെയില്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഹഫീത് പാത രൂപപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."