'ഹൈക്ലാസ്സ് കള്ളൻ': 110 ദിവസങ്ങളിലായി 200 വിമാനങ്ങളിൽ സഞ്ചരിച്ച് മോഷണം; യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചയാൾ ഒടുവിൽ പിടിയിൽ
ന്യൂഡൽഹി: വിവിധ വിമാനങ്ങളിലെ സഹയാത്രികരുടെ ഹാൻഡ്‌ബാഗിൽ നിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതിന് ഒരാൾ പിടിയിൽ. 40 കാരനായ രാജേഷ് കപൂർ എന്നയാളെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലിസ് തിങ്കളാഴ്ച അറിയിച്ചു. രാജേഷ് കപൂർ കഴിഞ്ഞ ഒരു വർഷത്തിനിടെ 110 ദിവസങ്ങളിലായി 200 വിമാനങ്ങളിൽ യാത്ര ചെയ്താണ് മോഷണം നടത്തിയത്.
മോഷ്ടിച്ച ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഹർഗഞ്ചിൽ നിന്നാണ് കപൂറിനെ അറസ്റ്റ് ചെയ്തതെന്ന് ഐജിഐ വിമാനത്താവളത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ (ഐജിഐ) ഉഷാ രംഗ്‌നാനി പറഞ്ഞു. കരോൾ ബാഗിൽ നിന്ന് അറസ്റ്റിലായ ശരദ് ജെയിൻ (46) എന്നയാൾക്ക് ആഭരണങ്ങൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലിസ് പറഞ്ഞു.
ഡൽഹി, ഹൈദരാബാദ്, അമൃത്സർ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചതിന് പിന്നാലെ ഡൽഹിയിലെ പഹാർഗഞ്ചിൽ നിന്നാണ് രാജേഷ് കപൂറിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്നായ എയർപോർട്ടുകളിൽ ഒരു വർഷത്തോളം കുറ്റകൃത്യം നടത്തി രക്ഷപ്പെട്ടതെങ്ങനെയെന്ന അത്ഭുതത്തിലാണ് പൊലിസ്.
മോഷണത്തിന്റെ തന്ത്രം
കണക്ടിംഗ് ഫ്ലൈറ്റുകൾ എടുത്ത യാത്രക്കാരെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് ഡൽഹി പൊലിസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു. ഏപ്രിലിൽ ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീക്ക് ഡൽഹിയിലെ ഐജിഐ എയർപോർട്ടിൽ നിന്ന് യുഎസിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കയറേണ്ടി വന്നു. ഈ സ്ത്രീ ഇയാളുടെ തട്ടിപ്പിന് ഇരയായവരിൽ ഒരാൾ മാത്രമാണ്. ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇവർക്ക് നഷ്ടമായത്. അതുപോലെ, അമൃത്സറിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു വർജിന്ദർജിത് സിംഗ് എന്നയാളായും മോഷണത്തിന് ഇരയായി. ഡൽഹിയിൽ നിന്ന് ഒരു കണക്ഷൻ ഫ്ലൈറ്റ് കയറുന്നതിനായുള്ള യാത്രക്കിടെയാണ് ഇയാളുടെ 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.
പ്രായമായവരേയും സ്ത്രീകളുമായ യാത്രക്കാരെയാണ് രാജേഷ് കപൂർ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. വിമാനത്താവളത്തിൽ അവരുടെ പെരുമാറ്റം നിരീക്ഷിക്കുകയാണ് ഇയാൾ ആദ്യം ചെയ്യുക. ബാഗിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് രാജേഷ് കപൂർ അവരെ പിന്തുടരുകയോ ലഗേജ് ഡിക്ലറേഷൻ സ്ലിപ്പിലെ വിവരങ്ങൾ തന്ത്രപൂർവ്വം വായിക്കുകയോ ചെയ്യും. ബോർഡിംഗ് ഗേറ്റിൽ വച്ചാണ് ഇയാൾ ഇവരുമായി കൂടുതൽ ഇടപഴകുന്നത്.
വിമാനത്തിൽ കയറിയ ശേഷം യാത്രക്കാരൻ്റെ അരികിൽ ഇരിക്കാൻ സീറ്റ് മാറ്റാൻ പ്രതി വിമാനക്കമ്പനിയോട് അഭ്യർത്ഥിച്ചിരുന്നതായി പൊലിസ് പറഞ്ഞു. എന്നാൽ യാതൊരു സംശയവും തോന്നാത്ത രീതിയിൽ ഉള്ള കാരണങ്ങളാകും സീറ്റ് മാറ്റാനായി ഇയാൾ പറഞ്ഞിരുന്നത് എന്നതിൽ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് വരെ സംശയവും ഉണ്ടായില്ല.
മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന യാത്രക്കാരൻ്റെ അടുത്ത് ഇരുന്ന് ഓവർഹെഡ് സെക്ഷനിൽ ബാഗുകൾ ക്രമീകരിക്കുന്നതായി നടിച്ച് അങ്ങനെയാണ് മോഷണം നടത്തിയിരുന്നത്. വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപായി ആണ് മോഷണം നടക്കുക. കണക്റ്റിംഗ് വിമാനത്തിൽ കയറാനുള്ളവർ അടുത്ത വിമാനം പിടിക്കാനുള്ള തിരക്കിൽ ആയതിനാൽ തങ്ങളുടെ ബാഗോ മറ്റോ നോക്കാൻ സമയം കളയില്ല. അതാണ് രാജേഷ് കപൂർ തന്ത്രമായി കണ്ടിരുന്നത്.
പിടിയിലായത് ഇങ്ങനെ
രണ്ടു പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അമൃത്സർ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന യാത്രക്കാരുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു. മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ട് വിമാനങ്ങളിലും ഇയാളെ കണ്ടതിനാൽ ഒരു പ്രതിയെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു.
സംശയമുള്ള യാത്രക്കാരൻ്റെ ഫോൺ നമ്പർ ബന്ധപ്പെട്ട വിമാനക്കമ്പനികളിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിലും ബുക്കിംഗ് സമയത്ത് ഇയാൾ വ്യാജ നമ്പർ നൽകിയിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന് ശേഷം, കപൂറിൻ്റെ യഥാർത്ഥ ഫോൺ നമ്പർ കണ്ടെത്തി. തുടർന്ന് ഇതുവഴി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
തുടർച്ചയായ ചോദ്യം ചെയ്യലിൽ, ഹൈദരാബാദിലേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ ഉൾപ്പെട്ടതായി ഇയാൾ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പണത്തിൻ്റെ ഭൂരിഭാഗവും ഓൺലൈൻ, ഓഫ്‌ലൈൻ ചൂതാട്ടത്തിനാണ് താൻ ചെലവഴിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. മോഷണം, ചൂതാട്ടം, ക്രിമിനൽ വിശ്വാസവഞ്ചന തുടങ്ങിയ 11 കേസുകളിൽ കപൂർ ഉൾപ്പെട്ടതായി കണ്ടെത്തി, അതിൽ അഞ്ച് കേസുകൾ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."