പോകാം 650 രൂപയ്ക്ക് ഇനി ലക്ഷദ്വീപിലേക്ക്, ഏഴു മണിക്കൂറിനുള്ളില്‍ എത്താം അതിവേഗ പാസഞ്ചര്‍ കപ്പലില്‍
മംഗളൂരു: പവിഴപ്പുറ്റുകള്‍ നിറഞ്ഞ ലക്ഷദ്വീപിലേക്ക് യാത്രപോകാന്‍ ആഗ്രഹമില്ലാത്താവര്‍ ആരാണ്. ഒന്നു പോയിവരണമെങ്കില്‍ കടമ്പകളേറെയും. എന്നാല്‍ ഇതാ ഇനി ഏഴു മണിക്കൂര്‍ കൊണ്ട് 650 രൂപയ്ക്ക് ലക്ഷദ്വീപിലെത്താം. മംഗളൂരു തുറമുഖത്തു നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ ലക്ഷദ്വീപ്-മംഗളൂരു അതിവേഗ പാസഞ്ചര്‍ കപ്പല്‍ സ്ഥിരമായി ഉണ്ടാകുമോ? കാത്തിരിപ്പിലാണ് സഞ്ചാരപ്രേമികളും.
ഇപ്പോഴിതാ 650 രൂപയ്ക്ക് ഒരു സ്പീഡ് വെസലില്‍ ലക്ഷ്വദീപിലേക്ക് പോകാന്‍ അവസരം ഒരുങ്ങുകയാണ്. ലക്ഷദ്വീപ് - മംഗളൂരു പാസഞ്ചര്‍ കപ്പലുകള്‍ കൊവിഡ് കാലത്തായിരുന്നു സര്‍വീസ് നിര്‍ത്തലാക്കിയത്. അന്ന് 13 മണിക്കൂര്‍കൊണ്ടാണ് ലക്ഷദ്വീപ് യാത്ര. ഇപ്പോള്‍ അതിവേഗ പാസഞ്ചര്‍ വെസലില്‍ ഏഴുമണിക്കൂറില്‍ കുറവ് സമയം കൊണ്ട് ലക്ഷദ്വീപ് - മംഗളൂരു യാത്ര സാധ്യമാകും. വിനോദ സഞ്ചാരത്തിന് പുറമെ, ആശുപത്രികളിലേക്കും വ്യാപാര ആവശ്യങ്ങള്‍ക്കും മംഗളൂരുവിലേക്കെത്തുന്നവര്‍ക്കും ഏറെ സഹായകരമാകുന്ന സര്‍വീസായി ഇത് മാറും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ടൂറിസം രംഗത്തിനും ഈ സര്‍വീസ് കുതിപ്പേകും.
160 യാത്രക്കാരുമായി മെയ് മാസം ആദ്യമായാണ് അതിവേഗ കപ്പല്‍ ട്രയല്‍ റണ്‍ നടത്തിയത്. ഏഴു മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നത് ദ്വീപുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ ഇടയാക്കുന്നതാണ്. ലക്ഷദ്വീപ് - കൊച്ചി യാത്രയേക്കാള്‍ വേഗത്തില്‍ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരവിലെത്താനും കഴിയും. 650 രൂപയാണ് ട്രയല്‍ റണ്ണില്‍ ലക്ഷദ്വീപ് - മംഗളൂരു യാത്രയുടെ ടിക്കറ്റ് നിരക്ക്. മാത്രമല്ല, 650 രൂപയ്ക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 30 കിലോവരെ ലഗേജും കൊണ്ടുപോകാന്‍ കഴിയും. കപ്പലില്‍ ക്യാപ്റ്റന്‍, ചീഫ് ഓഫിസര്‍ തുടങ്ങി 11 ജീവനക്കാരും ഉണ്ടായിരുന്നു.
അതേസമയം കേരളത്തെ തഴഞ്ഞാണ് മംഗളൂരുവിലേക്ക് ലക്ഷദ്വീപില്‍ നിന്ന് യാത്രാക്കപ്പല്‍ ആരംഭിക്കുന്നത്. നേരത്തെ ബേപ്പൂരില്‍ നിന്ന് കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്നുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കേണ്ടെന്ന് ലക്ഷദ്വീപ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ചരക്ക് ഗതാഗതം മംഗളൂരു തുറമുഖത്തേക്ക് തിരിച്ചുവിടാന്‍ ലക്ഷദ്വീപ് സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. കേരളത്തില്‍ നിന്ന് കടുത്ത എതിര്‍പ്പിന് ഈ തീരുമാനം ഇടയാക്കിയിരുന്നു. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലക്ഷദ്വീപിലേക്ക് ചുരുങ്ങിയ ചെലവിലും സമയത്തിലും എത്താന്‍ ഇത് ഏറെ സഹായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."